കിണര്‍

§
ഇരുട്ട്. ചില്ലകളില്‍ നിന്ന് കൊഴിഞ്ഞും പറന്നും കരിയില പോലെ നിലാവ്.

വേരുകളില്‍ എന്നല്ല മരങ്ങളില്‍ തന്നെ തട്ടാതെ നടക്കാന്‍ പ്രയാസം. കാഴ്ച നൃത്തം വയ്ക്കുകയല്ലേ.

അല്പം അകലെ മരച്ചില്ലകള്‍ക്ക് താഴെ മതില്‍കെട്ടുപോലെ വെളിച്ചം. വഴിവിളക്കാണ്. വെളിച്ചത്തിന്റെ വാള്‍തലകൊണ്ട് യുദ്ധംചെയ്യുന്ന ജഡൈ യോദ്ധാക്കളെപ്പോലെ രണ്ട് വാഹനങ്ങള്‍ പോരടിച്ച് എതിര്‍ ദിശകളിലേക്ക് മറഞ്ഞുപോയി.

തൊടിയിലെ ചുറ്റുകെട്ടില്ലാത്ത കിണര്‍ കഴിഞ്ഞിരിക്കുന്നു. വേലി അടുത്തെവിടെയോ ആണ്; സൂക്ഷിക്കണം. പത്തുകല്‍ത്തൂണുകള്‍ക്കിടെ ഒരു ചാരുകല്ലുണ്ട്. ബലത്തിനാണ്. അതും ഒരു സഹായം.

വലിച്ചുകെട്ടിയ മുള്‍കമ്പിയില്‍ തട്ടാതെ ചാരുകല്ലില്‍ കയറി കല്‍തൂണിന്റെ മുകളില്‍ കാല്‍‌വച്ച് പതിയെ ചാടി. അടുക്കളപ്പുറത്തെ ചേമ്പിന്‍ തോട്ടമാണ്.

പിന്‍‌പുറത്തെ മൂലയില്‍ ഒരു ബള്‍ബ് കത്തുന്നുണ്ട്. മുറ്റത്ത് നേരേകയറണ്ട. അകലെ ഏതുകണ്ണാണ് അടുക്കളപ്പുറത്ത് കറങ്ങിനില്‍ക്കുന്നതെന്നറിയില്ലല്ലോ. പെണ്ണുങ്ങള്‍ പാര്‍ക്കുന്ന വീടാകുമ്പോള്‍ പറയാനുമില്ല.

പക്ഷെ പരതുന്നകണ്ണുകളുടെ ഭീഷണിക്കപ്പുറം അടഞ്ഞവീടിന്റെ രഹസ്യങ്ങളിലേക്ക് ഒരാളെ വിളിച്ചുകയറ്റുന്ന എന്തോ ഒന്ന് ഓരോ വീടിനുള്ളിലുമുണ്ട്.

§§
മുപ്പത്തിമൂന്നേ മുപ്പത്തിനാലേ മുപ്പത്തഞ്ചേ….

ഒളിക്കാനിടം വേണം. ആരും കണ്ടുപിടിക്കരുത്. കണ്ടാലും നോക്കാന്‍ വരുന്നവനെക്കാള്‍ മുന്നേയോടി എണ്ണുന്നമൂലയില്‍ എത്താനാവണം.

അല്ലെങ്കില്‍ അടുത്തകളിയില്‍ ഒളിച്ചിരിക്കുന്നതിന്റെ സുഖം നഷ്ടപ്പെടും. ഇരയ്ക്കുപിന്നാലെ മണത്തുനീങ്ങുന്ന വേട്ടപ്പട്ടിയെപ്പോലെ ഓടിയാല്‍ മാത്രം പോര. കാക്കാനുള്ള കന്നിമൂല കണ്ണില്‍ നിന്നുമായാതെ പതുങ്ങിവരുന്നവരെ പ്രതിരോധിക്കുന്ന കാവല്‍ നായ് കൂടിയാവണം. വയ്യ.

ഒരു മറവ്. ഊര്‍ന്നിറങ്ങാന്‍ എളുപ്പമുള്ള ഒളിവ്.

ആ മുറി. ആരുമില്ല. മൂല. അലമാര.

അമ്പത്തെട്ടേ അമ്പത്തൊ..

ചിന്തിക്കാനൊന്നുമില്ല

അറൂപതേ…

§

പട്ടിയുടെ കൂട് വീടിനു മുന്‍‌വശത്താണ്. അത് നന്നായി.

അടുക്കളവശം ഒഴിഞ്ഞ് മുളകിന്‍‌കൊടി പടര്‍ന്ന മാവിനുതാഴെ ഒരു കക്കൂസുള്ളത് നേരത്തേ ശ്രദ്ധിച്ചിരുന്നു. അതിനുചേര്‍ന്ന് ഒരു ജനലും. റോഡില്‍ നിന്നോ അയല്‍‌വീട്ടില്‍ നിന്നോ ഒരുകണ്ണും അവിടെയെത്തില്ല.

ഓരോവീടും ഒരുകള്ളന് ഒതുങ്ങിനില്‍ക്കാനുള്ള ഒരുമൂല കരുതിവയ്ക്കുന്നു. അത് പ്രകൃതിനിയമം പോലെയാണ്.  വിട്ടുവീഴ്ചയില്ല.

ജനല്‍ തുറക്കാനും കമ്പി വളയ്ക്കാനും ആവശ്യമുള്ള ഉപകരണങ്ങള്‍ അരയില്‍ സുരക്ഷിതം.

§§

മുറി. മൂല. അലമാരി. ഇരുട്ട്.

പുറത്തെമുറിയില്‍ ആരുടെയോ അനക്കമുണ്ട്. എന്നാലും ആരും ഇപ്പോള്‍ ഇങ്ങോട്ടുവരില്ല.

അറുപത്താറേ….
§

വഴിയില്‍ വണ്ടികള്‍ ഇരമ്പുന്നുണ്ട്. ഉല്‍കണ്ഠ തോന്നിയതേയില്ല. ചിലവീടുകള്‍ കള്ളനെ കാക്കുന്നു. തൊടുമ്പോള്‍ ത്രസിക്കുന്ന ദലങ്ങള്‍ വണ്ടിനെ മയക്കുന്നപോലെ വീടിന്റെ സ്പര്‍ശം കള്ളനെ ലഹരിപിടിപ്പിക്കുന്നു.

ജനല്‍കമ്പികള്‍ പ്രതീക്ഷിച്ചതിലും എളുപ്പം വളഞ്ഞു. കയറുന്നത് ഒഴിഞ്ഞ ഒരു മുറിയിലേക്കാണ്. അകത്തു കയറി ജനല്പാളിയടച്ച് റ്റോര്‍ച്ച് തെളിച്ച് അയാ‍ള്‍ ഒന്നുകൂടി നോക്കി.  മൂലക്ക് ഒഴിഞ്ഞ ഒരു പുസ്തകഷെല്‍ഫ്. ഒരു കസേര. ഒഴിഞ്ഞ കസേര. മറ്റൊന്നുമില്ല.

ഭയം. ഉള്‍മുറിയിലെ ശൂന്യത പുറത്തെവേട്ടക്കാരനെക്കാള്‍ ഭയാനകമാണ്. സാരമില്ല, അയാള്‍ ആശ്വാസംകൊണ്ടു. അടുത്തമുറിയിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയല്ലേ.

മൂന്നുപെണ്ണുങ്ങള്‍ താമസിക്കുന്ന രാവില്‍ ആളൊഴിയുന്ന വീടിന്റെ കൌതുകങ്ങളിലേക്ക് തുറക്കുന്ന വാതില്‍

§§

മൂല. അലമാരി. ഇരുട്ട്.

എഴുപത്തൊന്നേ

തൊട്ടരികെ അഴുക്കുതുണികള്‍ നിലത്ത് കൂട്ടിയിട്ടിരിക്കുന്നു. ഒരു സാരിത്തുമ്പ് മറ്റു തുണികളില്‍ നിന്നു നീണ്ട് അലമാരിച്ചുവടിനെ തൊട്ടുകിടക്കുന്നു.

വിയര്‍പ്പിന്റെ — അനാദിയും അരൂപിയും ആയ ശരീരത്തിന്റെ — മണമാണ് മുറിയില്‍.

പുറത്തെ കാലൊച്ചകള്‍ക്കെന്തേ പെരുമ്പറയുടെ മുഴക്കം. അറിയാതെ വിരല്‍തുമ്പില്‍ കൂടി ഒഴുകുന്ന സാ‍രിത്തുമ്പില്‍ ഉറവപൊട്ടുന്ന നദിയുടെ ചൂടും തുടിപ്പും…

ആരോ വരുന്നുണ്ട്..

തൊണ്ണുറ്റാറേ….

§

അകലെ അലാറം.  കൂവല്‍ അലര്‍ച്ചയായി വളര്‍ന്ന് റോഡിലൂടെ പാഞ്ഞു പോകുന്നു. എന്തോ അത്യാഹിതം നടന്നിട്ടുണ്ട്.  അപകടങ്ങള്‍ രാവിനെ ഉണര്‍ത്തുന്നു. ഉറക്കം നടിച്ചു കിടക്കുന്ന രാവ് കുഴപ്പക്കാരിയാണ്.

പക്ഷെ അടുത്തഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടും രണ്ടുനഴ്സുമാരും താമസിക്കുന്ന വീട് അപായം നടക്കുന്ന രാവില്‍ ഒരു കള്ളനു കൂടുതല്‍ സുരക്ഷിതമാകുന്നു. ചിലദിവസങ്ങള്‍ അങ്ങനെയാണ്. എല്ലാം അനുകൂലമായേ വരൂ.

§§

‘എന്താ ചെക്കാ ഇവിടെനിന്ന് തിരിയണെ..’
‘ഉണ്ണിയെ നോക്കുവാ ചെറ്യമ്മേ..’
‘കളിയൊക്കെ പുറത്ത്.. പോ.. അവന്‍ പുറത്തെവിടെയെങ്കിലും കാ‍ണും..’

തിരച്ചില്‍കാരന്‍ അകന്നുപോകുന്നു. ഒളിച്ചിരിപ്പ് അനാഥമായ കാത്തിരിപ്പായി മാറിയെന്ന് വരുമോ….

§

ഉള്‍മുറിയിലേക്ക് റ്റോര്‍ച്ച്മിന്നിച്ചതും ഉള്ളിലെ ഉത്സാഹം ചോര്‍ന്നുപോകുന്നതുപോലെ. ഒരരികില്‍ ഒരു കട്ടില്‍ ഉണ്ട്. കട്ടിയുള്ള മെത്തയ്കുമുകളില്‍ ഭംഗിയുള്ള വിരി. മറ്റൊരരികില്‍ ഒരു അലമാരിയുണ്ട്. ഭിത്തിയോട് ചേര്‍ന്ന് പക്ഷെ മുറിയുടെ മൂലയില്‍ നിന്ന് മാറിയാണ്. അതിനപ്പുറം ഒരു വാതില്‍ ചാരിയിട്ടിരിക്കുന്നു.

അലമാരി പൂട്ടിയിട്ടില്ല. ഉടനെ തുറക്കുന്ന അലമാരകള്‍ ഉള്ള് ശൂന്യമാണെന്ന മുന്നറിയിപ്പാണ്. അലക്കി അടുക്കിയ തുണിയുടെ എന്തോ സുഗന്ധവസ്തുവിന്റെ മടുപ്പിക്കുന്ന മണം.

വിരസതയോടെ അടുക്കിവച്ച തുണികള്‍ ഉയര്‍ത്തി നോക്കി അലമാര അടച്ച് തിരിയുമ്പോള്‍ മറുവശത്ത് മറ്റൊരു മുറിയിലേക്ക് കയറാന്‍ മൂന്നാമതൊരു വാതില്‍.

തിരികെയിറങ്ങി മടങ്ങിയാലോ? ഉള്ളറകളിലെ ഓരോ വാതിലും കിണറിന്റെ തൊടി പോലെയാണ്. ഓരോ വാതില്‍ കടക്കുമ്പോഴും വീട് ഇരുളിന്റെ ഒരു പുതിയ ആവരണം കൊണ്ട് സന്ദര്‍ശകനെ പൊതിയുന്നു.

പക്ഷെ ഒരു കള്ളന്റെ മനസ്സിനു ചില പ്രത്യേകതകളുണ്ട്…

§§

ഒളിച്ചുകളി കുഴപ്പം പിടിച്ച ഒരുകളിയാണ്.

ഇരുളിന്റെ അവ്യക്തത കാഴ്ചകള്‍ തിരയുന്നവനില്‍ നിന്ന് ഒളിച്ചിരിക്കുന്നവനെ മറച്ചുവയ്ക്കുന്നു. കാഴ്ചകളില്ലാതെ കാലൊച്ചയായി നടക്കുന്നവനില്‍ നിന്ന് മറഞ്ഞിരിക്കുന്നത് ഒരു ലഹരിയായി ഒളിച്ചിരിക്കുന്നവനെ പൊതിയുന്നു.

അരൂപിയായ മറ്റൊരു ഉടലിന്റെ സാന്നിധ്യം, തിരയുന്നവന്റെ കാലൊച്ച കേള്‍ക്കാത്തപ്പോള്‍ പോലും, ഒറ്റക്കിരിക്കുക എന്ന വിരസതയില്‍ നിന്ന്  ഒരു പക്ഷെ ഒളിച്ചിരിക്കുന്നവനെ മോചിപ്പിച്ചേക്കാം.

അപ്പോള്‍ കാത്തിരിപ്പിന്റെ ശാന്തതയിലേക്ക് ഇരുളില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരുടല്‍ രുചിയായ് മണമായ് നനവായ് ഇറങ്ങിവരുന്നു…

§

കിണറിനുള്ളില്‍ നിന്ന് മുകളിലേക്കു നോക്കും‌പോലെയാണ് റ്റോര്‍ച്ചിന്റെ പ്രകാശം. അരണ്ട വെളിച്ചം ഒരു കുഴല്‍ പോലെ വളര്‍ന്ന് അതിനറ്റത്ത് കാഴ്ച്ചയുടെ ഒരു വളയം വിരിയുന്നു. പക്ഷെ അത് പലപ്പോഴും ഒരേമരക്കൊമ്പുകളുടെ ഒരേ ആകാശത്തിന്റെ….

ഈ മുറിയും മറ്റതിന്റെ കോപ്പി തന്നെ. വിരിച്ചിട്ട കട്ടില്‍. അടക്കാത്ത അലമാര.  അടുക്കിവച്ച വസ്ത്രങ്ങള്‍. സുഗന്ധദ്രവ്യങ്ങളുടെ മടുപ്പിക്കുന്ന മണം.

ചെറുപ്പക്കാരികളായ നഴ്സുമാര്‍ വാരാന്ത്യത്തില്‍ വീട്ടില്‍ പോയിവരുന്നവരാണ്. അവര്‍ ഇവിടെ ഒന്നും സൂക്ഷിക്കുന്നുണ്ടാവില്ല. നാശം പിടിക്കാന്‍. അവിവാഹിതകളായ പെണ്‍കുട്ടികള്‍ വാടകക്ക് താമസിക്കുന്നയിടം  ശവപ്പറമ്പ് പോലെയാണ്. ആരൊക്കെയോ ജീവിച്ചിരുന്നു എന്നതിന്റെ ഓര്‍മകള്‍ മാത്രം അവശേഷിക്കുന്ന ഇടം.

വിരിച്ചിട്ട കട്ടില്‍.. അടുക്കിവച്ച അലമാര…  പക്ഷെ..പക്ഷെ… മുറിയുടെ മറുവശം സ്വര്‍ണക്കൈപ്പിടിയുള്ള അടച്ചിട്ട വാതില്‍.

നഴ്സിംഗ് സൂപ്രണ്ട് മധ്യവയസ്കയാണ്. ഉച്ചിയില്‍ കെട്ടിവച്ച മുടി. വസ്ത്രത്തിന്റെ നിറത്തിനൊപ്പം മാറുന്ന ആഭരണങ്ങള്‍. സ്വര്‍ണക്കണ്ണട. വിയര്‍ക്കുന്ന ഉടല്‍.

ആ മുറിക്കുള്ളില്‍ അവര്‍ ഉറങ്ങുന്നുണ്ടാവണം. ഇന്നൊരുപക്ഷെ എല്ലാ സന്ധ്യയിലെയും പോലെ വെള്ള വസ്ത്രം ധരിച്ച ചെറുപ്പക്കാരികള്‍ക്കൊപ്പം കടും നിറമുള്ള സാരിക്കുമീതെ വെള്ളക്കോട്ടിട്ട് അവര്‍ പുറത്തേക്ക് പോയിട്ടുണ്ടാവില്ല.

ഉടമസ്ഥ ഉറങ്ങിക്കിടക്കുന്ന വീട് കവര്‍ച്ച ചെയ്യുന്നത് അറിയാത്തമൂലയില്‍ ഒളിച്ചിരുന്ന് അരുതാത്തതുകാണുന്നതു പോലെ രതിക്കും ഭയത്തിനുമിടയില്‍ ഉടല്‍ പകുത്തെടുക്കുന്ന…

§§

വാതില്‍ ഞരങ്ങുന്നുണ്ട്. അലമാരിയുടെ ഇരുളിനപ്പുറത്തേക്ക് ഒരു നിഴല്‍ അടുത്തുവരുന്നുണ്ട്.

കടന്നുവരുന്ന പതിഞ്ഞ കാല്പാദങ്ങളില്‍ ഒളിച്ചിരിക്കുന്നവനെ തിരയുന്ന വേട്ടക്കാരന്റെ ജാഗ്രതയില്ല. അലയുന്ന കാഴ്ചയില്‍ നിന്ന് അരണ്ടവെളിച്ചത്തിലേക്ക് കടന്നുവരുന്നയാളിന്റെ ആലസ്യം മാത്രം.

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്ക് മീതേ മറ്റൊരുമേല്‍ വസ്ത്രംകൂടി വന്നു വീഴുന്നു.

ഉച്ചിയിലേക്ക് മുടിവാരിക്കെട്ടി..പിന്നിലേക്ക് കയ്യണച്ച്…

അരുതായ്കയുടെ തെളിച്ചമേ കണ്ണുകള്‍ തുരന്നെടുക്കരുതേയെന്ന് നിലവിളിക്കുന്ന ഹൃദയം തൊണ്ടയില്‍ വന്ന് മിടിക്കുന്നു.

ഒരനക്കമിടാം. ഒന്നെഴുന്നേല്‍ക്കാം. പക്ഷെ ഒരു നിലവിളി. അടക്കിപ്പിടിച്ച ഒരു ശകാരം.

പിന്നെ എന്താണുണ്ടാവുകയെന്നറിയില്ല.  പൂമുഖത്തെ കസേരയുടെ ഞരങ്ങിപ്പിടഞ്ഞു നീങ്ങാം.  ‘ഫ..നായിന്റെമോനേ’യെന്ന അലര്‍ച്ചയില്‍ വീ‍ടുകിടുങ്ങാം. പക്ഷേ ഓരാതിരിക്കെ കണ്മുന്നില്‍ വിരിയുന്ന ഈ വിസ്മയം….

കാഴ്ചക്കിപ്പുറം വിറകൊള്ളുന്ന ഇരുളില്‍ വേര്‍പ്പിന്റെ രുചിക്കും ഗന്ധത്തിനുമപ്പുറം കത്തുന്നകാഴ്ചയാകുന്ന ഒരുടലിന്റെ തീക്ഷ്ണതയില്‍ ഉടല്‍ തളര്‍ന്നും ഉള്ളിലൊഴുകുന്ന ലാവയുടെ തിളപ്പില്‍ നീറിയും ഇരിക്കുമ്പോഴും ഉടല്‍കാഴ്ചയില്‍ നിന്ന് പിന്‍‌വലിയാന്‍ മടിക്കുന്ന കണ്ണുപോലെ…

§

വിറകൊള്ളുന്ന വിരലുകളില്‍ സുവര്‍ണ്ണവാതില്‍ പിടി ഒരു ഞരക്കത്തോടെ താഴുന്നു.

ഉള്ളില്‍ നിന്ന് പെണ്മണമുള്ള ഒരുകാറ്റ് അദൃശ്യമായൊരുടല്‍ പോലെ വാതിലിലൂടെ നൂഴ്ന്നിറങ്ങുന്നുണ്ട്.

എതിരെ വലിയൊരു കണ്ണാടിയില്‍ കിണറിന്റെ വായ്‌വട്ടം വലിയൊരു വെളിച്ചമായി ഒരു കറുത്തനിഴലിനെ പിന്നിലേക്കേടുത്തെറിഞ്ഞ് വീടിനെ നടുക്കുന്നു.

കട്ടിലില്‍ ഉലഞ്ഞവസ്ത്രങ്ങള്‍ കുടഞ്ഞെറിഞ്ഞ് പിടഞ്ഞ്പൊന്തുന്നതാരാണ്

§§

ഉണ്ണീ… നീ..
…………
§
ബൌ…

വായുവിനെ വിറപ്പിക്കുന്ന കുരയോടെ കറുത്തപട്ടി കുതിച്ചുചാടുന്നു. മുന്നിലെ കൂട്ടില്‍ നിന്ന് ഇതിനെ മുറിക്കുള്ളില്‍ അടച്ചിട്ടതാരാണ്… വീടിന്റെ ഉള്ളില്‍ ഉടല്‍ചൂ‍രുറങ്ങുന്ന വസ്തക്കെട്ടില്‍ വിണ്ടുവീഴുന്നവെളിച്ചത്തില്‍ പിടയുന്ന നിഴല്‍‌രൂപത്തില്‍ അതിനെ ഒളിച്ചുവച്ചതാരാ‍ണ്..

അമ്മേ…

നിഴലുകള്‍ വലിയകടവാതില്‍ ചിറകുകളില്‍ ശബ്ദം റാഞ്ചിപ്പറക്കുന്നു…. പിടഞ്ഞോടുന്ന കാല്‍പാദങ്ങള്‍ക്കു താഴെ വീട് വഴുതുന്നു. ദിശതിരയുന്ന കണ്ണുകളില്‍ ഇടത്തേക്കും വലത്തേക്കും തിരിയുന്നവാതിലുകള്‍ കെണിവയ്ക്കുന്നു.

പിന്നില്‍ വെളിച്ചം വാര്‍ന്നുപോയ നിലക്കണ്ണാടി നിഴല്‍നൃത്തങ്ങളില്‍ ഉലഞ്ഞ് പിന്നെ തിരയടങ്ങിയ കടലായി സ്തംഭിക്കുന്നു.

***

ഓരോ കിണറിനുള്ളിലും ഇരുളുണ്ട്. ഇരുളിനൊടുവില്‍ ഒരു നിഴലുണ്ട്. ഉറക്കാ‍ത്തകാലുമായി ഉള്ളിലേക്ക് എത്തിനോക്കുന്നവരെ വലിയ നിഴല്‍ കറുത്ത വായ് പിളര്‍ന്ന് വിഴുങ്ങിക്കളയുന്നു.

~ by Manu S Nair on February 23, 2008.

14 Responses to “കിണര്‍”

 1. ലൈംഗികതയുമായി ബന്ധപ്പെട്ട കറുത്തകഥകളുടെ ഒരു സൈക്കിള്‍ ഈ കഥയോടെ അവസാനിപ്പിക്കാം എന്ന് വിചാരിച്ചിരുന്നു. പബ്ലിഷ് ചെയ്യാനുള്ള ആത്മവിശ്വാസം തോന്നാത്തതുകൊണ്ട് ഇത് കുറെനാള്‍ കയ്യില്‍ ഡ്രാഫ്റ്റായിക്കിടന്നു. അക്രമത്തില്‍ ഫോക്കസ് ചെയ്യുന്ന പുതിയകഥകളുമായി ഗുപ്താവതാരം പിറവിയെടുക്കുകയും ചെയ്ത ഇതിനിടെ. 🙂

  കിണറിലെ കഥകളില്‍ ഇത് അവസാനത്തേതാണ്.

 2. ഗുപ്തരെ,
  ഇതു കൊള്ളാം. സസ്പെന്‍സ് ത്രില്ലര്‍…:)
  ഈ ടെക്നിക് ചില സിനിമകളില്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. (ഈ ഫസ്റ്റ് പേഴ്സണ്‍ നറേറ്റീവിന്റെ ഒരു പ്രശ്നം, കഥാനായകന്‍ കള്ളനായാലും കൊലപാതകിയായാലും മനസ്സ് അറിയാതെ അയാള്‍കൊപ്പമാകുമെന്നതാണ്…:)
  കഥയിഷ്ടപ്പെട്ടു

 3. “ഉടനെ തുറക്കുന്ന അലമാരകള്‍ ഉള്ള് ശൂന്യമാണെന്ന മുന്നറിയിപ്പാണ്.” ഇതു സ്ഥാപിക്കാനാണൊ കഥയെ ഇങ്ങനെ പൂട്ടി ഭദ്രമാക്കിയത്?
  കിണറിനുള്ളില്‍ ഇരുളാണെന്ന മുന്വിധിയോടെ ഉറക്കാത്ത കാലുമായി എത്തി നോക്കേണ്ടിവരുന്നതിനെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന നിഴലിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചും എഴുതിക്കളയരുതെ…ഇതിങ്ങനെ പോവും പിന്നെ സൈക്കിള്‍ പൊലെ…
  കഥ വായനക്കാരനുമായി നെരിട്ട് സംവദിച്ചോളണം എന്ന കടും പിടിത്തം ഇല്ലാത്തവര്‍ക്ക് സ്വന്തം അര്‍ത്ഥതലങ്ങള്‍ നല്‍കി വ്യാപിപ്പിച്ചെടുക്കാവുന്ന കഥ. അതാണല്ലൊ വേണ്ട്ത്? എഴുതിവച്ചിടത്തു നിന്ന് എഴുന്നേറ്റ് പോവു എന്ന് പറയിപ്പിക്കണൊ? അരൂപിയായി , മറ്റൊരു ഉടല്‍ച്ചൂടായി ഇവിടെ തന്നെ പതുങ്ങിയിരിക്കണോ ?

 4. വായനക്കാരന്‌ എപ്പോഴും പൂരിപ്പിക്കാന്‍ കുറേ സന്ദര്‍ഭങ്ങള്‍ വിട്ടുകൊടുക്കുന്നതാണ്‌ ഗുപ്തന്റെ കഥകള്‍ ആകര്‍ഷണീയമാക്കുന്നത്‌. വായനക്കാരന്‍ താന്‍ പറഞ്ഞപോലെ തന്നെ കഥ വായിച്ചെടുക്കണമെന്ന് കഥാകാരന്‍ വാശി പിടിക്കുന്നില്ല.
  ഉണ്ണീ നീ എന്ന ഒറ്റ വരിയില്‍ കഥ മാറി മറയുന്നു.

  നല്ല ശക്തിയുള്ള എഴുത്ത്‌.

 5. റോബി പറഞ്ഞതും ശരി …കള്ളൊനോടൊപ്പം ഭയന്നു ഭയന്നു ,കഥകാരന്റെ വാചക കുരുക്കുകളില്‍ തട്ടി തടഞ്ഞു എതോ കാഴ്ച്ചയില്‍ ഞെട്ടാന്‍ തയ്യാറെടുത്താണു നടന്നതെങ്കിലും ..കിടപ്പറയിലെ കറുത്ത നായ നടുക്കുക തന്നെ ചെയ്തു…ടോര്‍ച്ചു വലിച്ചെറിഞ്ഞു അറിവിന്റെ ഇരുളിലേക്കു കള്ളൊനൊപ്പൊപ്പം വായനക്കരനേയും കൂപ്പു കുത്തിക്കുന്ന ഈ ആഖ്യാനം നന്നായി…..

  ഇംഗ്ലീഷില്‍ ചിന്തിച്ചു മലയാളീ’കരി’ച്ചതുപോലെ തോന്നി പല വാചകങ്ങളും ..എന്റെ തോന്നലാവാം..

  ഓഫ്‌…
  സിലബസ്സനുസരിച്ചാണൊ കഥ സീരീസ്‌? ..അറ്റുത്ത സെം ഇല്‍ സബ്ജെക്റ്റ്‌ എന്താണവോ ? വായനക്കാര്‍ക്കു നല്ലതു വരട്ടെ..:)

 6. ഇംഗ്ലീഷില്‍ ചിന്തിക്കാന്‍ ഞാര്‍ ആര്?

  അബ്സ്ട്രാക്റ്റ് തീംസ് എടുക്കുന്ന ഷോര്‍ട്ട് ഫില്‍‌മുകളുടെ വിഷ്വല്‍ ലാം‌ഗ്വേജ് ആയിരുന്നു മനസ്സില്‍. അത് എഴുതിവന്നപ്പോള്‍ ഇങ്ങനെയായി.

  കാട്ടിലും ഇരുട്ടത്തും നടക്കാന്‍ പുവ്വരുത്! വീഴും 🙂

 7. കഥ വായിച്ചു.. കഥകളുടെ ആശയങ്ങളെക്കാള്‍ ഭാഷയാണു എനിക്കു കൂടുതല്‍ മനസിലാവുക.. ഭാഷയെപറ്റി മാത്രം എന്നോട്‌ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ എളുപ്പമായേനെ..
  മനുവിന്റെ മറ്റു പല കഥകളെയും പോലെ നല്ല എഴുത്ത്‌..തുടക്കത്തിലെ വരി തന്നെ..നിലാവു കരിയില പോലെ മരച്ചില്ലകളില്‍ നിന്നും അടര്‍ന്നും പറന്നും.. പിന്നെ, വെളിച്ചം വാര്‍ന്നു പോയ നിലക്കണ്ണാടി തിരയടങ്ങിയ കടല്‍ പോലെ സ്തംഭിക്കുന്നു എന്നും.. എല്ലാം എടുത്തെഴുതുന്നില്ല..
  ലൈംഗികതയോടു ബന്ധപ്പെട്ടു മനുഷ്യന്റെ മനസ്സില്‍ ഉണ്ടാകുന്ന ക്യൂരിയോസിറ്റീസും അരുതായ്മകളെ പറ്റിയുള്ള ബോധവും ഭീതികളും ആയി ഞാന്‍ കഥയെ വ്യാഖ്യാനിച്ചു.. ഉറയ്ക്കാത്ത കാലുകളുമായി ഉള്ളിലേക്കു എത്തിനോക്കുന്നവരെ പറ്റി എഴുതിയ അവസാനത്തെ വാചകം അല്ലേ കഥയുടെ കഥ..
  ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ എല്ലാം ഒന്നും ശരിയായി മനസിലായിട്ടില്ല.. വീണ്ടും വായന വേണ്ടി വരും.. ഒന്നു മറ്റേതിന്റെ കോപ്പി ആയ പൂട്ടാത്ത അലമാരകള്‍ ഉള്ള മുറികള്‍ ഒക്കെ പിടികിട്ടാന്‍ കിടക്കുന്നു..
  കഥ ഇഷ്ടമായി എന്ന ക്ലീഷേ വാചകം വേണ്ടല്ലോ..

 8. ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും മനോഹരമായി മിക്സു ചെയ്ത മനുടെച്ച് കഥ.

  അവനവനിലെ ഇരുണ്ടകിണറുകളിലൊളിച്ചിരിക്കുന്ന നിഴലുകളെ എത്തിനോക്കിക്കുന്നു ഇത്.

  ‘ഉടമസ്ഥ ഉറങ്ങിക്കിടക്കുന്ന വീട് കവര്‍ച്ച ചെയ്യുന്നത് അറിയാത്തമൂലയില്‍ ഒളിച്ചിരുന്ന് അരുതാത്തതുകാണുന്നതു പോലെ …’അപ്പൊ ഇത് രണ്ടും വായനക്കാരനെക്കൊണ്ട് ചെയ്യിക്കുന്നതോ?

 9. ആ നായ അവിടെ എന്തുചെയ്യുവാരുന്നു?

 10. അതു ചിലപ്പോള്‍ അങ്ങനെയാണ്. ഉള്‍മുറിയില്‍ വന്ന് കുരച്ചുചാടും. അല്ലാത്ത്പ്പോള്‍ പൂമുഖത്തെ കസേരയില്‍ വിശ്രമിക്കും …ശൊ..അല്ല..വീടീനു മുന്‍‌വശത്തെ കൂ‍ട്ടില്‍ 😉

 11. വാക്കുകള്‍ കുറച്ച്‌,സൂക്ഷിച്ച്‌..അതാണ്‌ ഈ കഥയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. നല്ല കഥ. ഹാറ്റ്സ്‌ ഓഫ്‌..

 12. കഥ, എഴുത്ത്, എല്ലാം കലക്കി. കുറേ തന്നേ പൂരിപ്പിച്ചു വായിച്ചു. എന്നാലും, ആ ’കള്ളന്‍’ ആക്‍ച്വലി എന്തിനാ കേറിയത്? 🙂

 13. ഒളിച്ചുകളി കുഴപ്പം പിടിച്ച ഒരു കളിയാണെന്ന് എഴുതിയിരുന്നല്ലോ പപ്പൂസേ…. ചിലകളികളില്‍ നിന്ന് രക്ഷപെടാന്‍ പ്രയാസം ആണെന്ന് റ്റീനേജില്‍ ആരുടെയെങ്കിലും കാലൊച്ച മുറിക്കുപുറത്ത് വരുന്നുണ്ടോ എന്ന് കാതോര്‍ത്ത് മുറിയടച്ച് മൂലക്കിരുന്നിട്ടുണ്ടെങ്കില്‍ അറിയാം..

  അഫ്റ്റര്‍ ഓള്‍ കഥ കള്ളനെക്കുറിച്ചാണെങ്കിലും മോഷണത്തെക്കുറിച്ചല്ല ഹഹഹ

 14. അപക്വമെങ്കില്‍ ലൈംഗികത അവരെതന്നെ വിഴുങ്ങുമെന്നത്‌സാര്‍വ്വജനീനമാകണമെന്നില്ല. ഉറക്കാത്ത കാലുകള്‍ നടക്കുന്തോറും ഉറയ്ക്കുന്നു. കുരച്ചു ചാടിവരുന്ന പട്ടി, ഇരുണ്ട കിണര്‍, കാഴ്ച്ച തെളിക്കുന്ന റ്റോര്‍ച്ച്‌… ബിംബങ്ങള്‍ കൊള്ളാം. ചിന്തിപ്പിക്കുന്ന മനോഹരമായ കഥ. ബ്ളോഗിലെ മറ്റു കഥകള്‍ കൂടെ വായിക്കണം എന്നു തോന്നിപ്പിച്ചകഥ. ഊഴമിട്ട്‌ മറ്റു കഥകളിലേക്കും `റ്റോറ്‍ച്ച്‌ തെളിക്കും’ എന്നുറപ്പ്‌.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

 
%d bloggers like this: