യക്ഷി

പ്രസാദം തരിക! ശബ്ദം പുറത്തുകേട്ടുവോ എന്തോ. കേട്ടെങ്കില്‍ കേള്‍ക്കട്ടെ. ഇനിയും ആ കണ്ണുകളുടെ കനല്‍ചൂടില്‍ നില്‍ക്കാന്‍ വയ്യ.

നെയ്‌വിളക്കിന്റെ തെളിച്ചത്തില്‍ തുള്ളിവിറക്കുന്ന ഇരുട്ടില്‍നിന്ന് നടവാതില്‍ക്കലെ പുലര്‍വെളിച്ചത്തിലേക്ക്‌ നീണ്ട്‌ പ്രസാദമിറ്റിക്കുന്ന കറുത്തചരടുജപിച്ചുകെട്ടിയ, നിറയെരോമങ്ങളുള്ള കൈകളില്‍ വിറകലര്‍ത്തുന്നത്‌ ക്ഷോഭമോ മോഹമോ? അറിയണമെന്നില്ല.

തിരികെ നടന്നു. ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ കയ്യിലിരുന്ന പ്രസാദം അശുദ്ധവസ്തുപോലെ ശ്രീകോവിലിന്റെ പിന്നിലെ ഇടുങ്ങിയ ചാലിലേക്കിട്ടു.

ജീവിതത്തില്‍ അഴുക്ക്‌ ആവശ്യത്തിനില്ലാഞ്ഞിട്ടാണോ ദേവീ നിന്റെ തൃക്കോവിലിലും വജ്രമെരിയുന്ന കണ്ണുകൊണ്ട്‌, ഓരാതിരിക്കെ ചുണ്ടുനനയ്ക്കുന്ന നാവുകൊണ്ട്‌, ഉടല്‍തീണ്ടി രുചിയും ഗന്ധവും തേടുന്ന സര്‍പ്പം?

കറുത്തരോമങ്ങളുള്ള വയറിനുകുറുകേനീണ്ട്‌ നെഞ്ചിലേക്കിഴയുന്ന പൂണൂല്‍ കാവിലെ ചൂരല്‍പടര്‍പ്പിലേക്ക്‌ ഇഴഞ്ഞുപോകെ നിര്‍മമായ വിരക്തികൊണ്ട്‌ മോഹിപ്പിക്കുന്ന നാഗത്താന്മാരെപ്പോലെയാണെന്ന് മുന്‍പെന്നോ തോന്നിയിരുന്നു.

സര്‍പ്പക്കാവിനരികിലെ ഇടവഴിയിലേക്കിറങ്ങുമ്പോഴേക്കും “യദ്‌ പക്ഷസ്ഥാ ത്രിവേദി ത്രിഗുണജലനിധിര്‍ ലംഘ്യതേ…” എന്ന് പഞ്ചാഷ്ടകം ജപിച്ചുതുടങ്ങുന്ന അമ്മയോട്‌ മാത്രമായിരുന്നോ നാഗങ്ങള്‍ക്ക്‌ വിരക്തി?

ചൂരല്‍ വള്ളികളില്‍ നിന്ന് ഇരുള്‍ ഇറ്റുവീഴുന്ന വന്മരങ്ങള്‍ക്കു താഴെ നാഗത്താന്മാരും നാഗയക്ഷികളും മനുഷ്യരൂപം പൂണ്ട്‌ സല്ലപിക്കാറുണ്ടത്രേ. കഥയാണെന്നേ നിനച്ചുള്ളൂ.

എന്നിട്ടും ഇന്നലെയുച്ചക്ക്‌ കാവിനുള്ളില്‍ നിന്ന് കളിചിരികേട്ടപ്പോള്‍ ആകാംക്ഷയടക്കാനായില്ല. ദേവക്രീഡകള്‍ മുടക്കുന്നത്‌ പാപമാണെന്ന് അറിഞ്ഞിട്ടും ചൂരല്‍ വള്ളികള്‍ വകഞ്ഞുനീക്കി നാലുചുവട്‌ ഉള്ളിലേക്ക്‌ കയറി.

നാഗയക്ഷിക്ക്‌ പടിഞ്ഞാറേക്കരയിലെ ദേവിയേടത്തിയുടെ ചിരിപകര്‍ന്നുകിട്ടിയതില്‍ കൗതുകം തോന്നിയില്ല. ഒതുക്കത്തില്‍ ചിലതൊക്കെ കേട്ടിരിക്കുന്നു.

പക്ഷേ ദേവിയേടത്തിയുടെ വിയര്‍ത്ത ചുമലിനുമീതേ എല്ലാ പുലരിയിലും ശ്രീകോവിലിനകത്തുനിന്ന് വജ്രക്കണ്ണുകൊണ്ട്‌ ഉടല്‍തീണ്ടുന്ന സര്‍പ്പത്തിന്റെ മുഖം കാണെ പകച്ചുപോയി. അയാളും കണ്ടിരിക്കുന്നു എന്ന് തീര്‍ച്ച.

ഇത്രയും കഴിഞ്ഞിട്ടും നാണമില്ലല്ലോ മനുഷ്യന്റെ മുഖത്തേക്ക്‌ തുറിച്ചുനോക്കാന്‍. യോഗ്യതയെന്ന് വിചാരിക്കുന്നുണ്ടാവും. വൃത്തികെട്ടവന്‍.

രാത്രികളില്‍ മുകളിലെ കിടക്കമുറിയില്‍ നിന്ന് കേള്‍ക്കാറുണ്ട്‌ അമ്മയുടെ ഞരങ്ങലും മൂളലും. ചെറിയച്ഛന്റെ ശിവതാണ്ഡവമാണ്‌. പ്രഭാതങ്ങളില്‍ പടിയിറങ്ങിവരുമ്പോള്‍ മുഖത്ത്‌ അമ്മയെ മെരുക്കിയെടുത്തതിന്റെ അഹന്ത കത്തുന്നതു കാണാം. മനംപുരട്ടും.

സര്‍പ്പക്കാവില്‍ നിന്ന് തോടിറങ്ങിവേണം പാടവരമ്പത്തേക്ക്‌ കയറാന്‍. പാടം കുറുകേ കടന്ന് തെറിതിക്കാവുവഴി ഇടവഴി കയറിപ്പോയാല്‍ കവലയിലൂടെയുള്ള നാട്ടുവഴിചുറ്റാതെ വീട്ടിലെത്താം. വഴിയിലെവിടെയെങ്കിലും ഉണ്ണി കാത്തുനില്‍പുണ്ടാവും. വെറുതെ കൊച്ചുവര്‍ത്തമാനം പറയാന്‍.

തോട്ടിലെ തെളിവെള്ളത്തില്‍ കാലുകഴുകാന്‍ തുടങ്ങിയിട്ട്‌ ഇത്തിരിനേരമായിരിക്കുന്നു. എന്തഴുക്കാണ്‌ പുരണ്ടതെന്നോര്‍മ്മയില്ല. ചിരിക്കാതെന്തുചെയ്യും.

അമ്മയെ ആണ്‌ പിന്നെയും ഓര്‍മവരുന്നത്‌. സര്‍പ്പക്കാവിനരികിലൂടെ നടക്കുമ്പോള്‍ ഗരുഡപഞ്ചാഷ്ടകം ജപിക്കുന്ന വൈരുധ്യം എല്ലാക്കാര്യങ്ങളിലും അവര്‍ സൂക്ഷിച്ചിരുന്നോ?

കവലയില്‍ പോകുന്നത്‌ ഇഷ്ടമായിരുന്നില്ല അവര്‍ക്ക്‌. എന്തെങ്കിലും ആവശ്യത്തിനുപോയി വന്നാല്‍ പിന്നെ വിസ്തരിച്ച്‌ മേലുകഴുകലാണ്‌.

കവലയിലെ വായുവിന്‌ പുരുഷഗന്ധമാണെന്നത്‌ ശരി. ഊതിയും തുപ്പിയും നിറച്ച പുകയിലയുടെ, വെയിലുറയ്ക്കെ ആദ്യമുറ കള്ളെത്തുമ്പോള്‍ മുതല്‍ തുടങ്ങുന്ന ലഹരിയുടെ, ചടങ്ങിനുമാത്രം പല്ലുതേച്ച്‌, പുലര്‍ന്നിരുട്ടുവോളം ഉമിനീര്‍കലര്‍ത്തി ചവച്ചുതുപ്പുന്ന രാഷ്ട്രീയത്തിന്റെ, കിടപ്പറക്കഥകളുടെയും അംഗോപാംഗവര്‍ണനകളുടെയും ചൂരുകലര്‍ന്ന അശ്ലീലത്തിന്റെ, ഗന്ധം.

അച്ഛനുള്ളപ്പോള്‍ അമ്മ പുറത്തുവന്ന് മേലുകഴുകി അടുക്കളകയറുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ കവലയിലെ ദുര്‍ഗന്ധം മുഴുവന്‍ ചെറിയച്ഛന്റെ രൂപത്തില്‍ വീടുവാഴുമ്പോള്‍ എന്തിനാണോ ഈ കഴുകലും കുളിയും?

പേടിയാണ്‌. ചിലപ്പോള്‍ മുകള്‍മുറിയിലെ താണ്ഡവത്തിന്റെ താളമൊതുങ്ങുപോള്‍ കെട്ടുബീഡിയുടെ ഗന്ധവും ലഹരിയില്‍ പതിഞ്ഞപദതാളവുമുള്ള ഒരുനിഴല്‍ മുകള്‍നിലയില്‍ നിന്ന് പടികളിറങ്ങിവരുന്നുവോ എന്ന് ഭീതിയോടെ കാതോര്‍ക്കാറുണ്ട്‌.

അമ്മയ്ക്കും ഭയമുണ്ടെന്ന് തോന്നുന്നു. ഉടല്‍ ഉണര്‍ന്ന പുത്രിയെ സ്വന്തം പുരുഷന്റെകണ്ണില്‍ നിന്ന് കാക്കാനല്ലേ എല്ലാവൈകുന്നേരവും തൈലം തേച്ചുകുളിച്ച്‌ പൂചൂടിയൊരുങ്ങുന്നത്‌? താണ്ഡവതാളത്തിനു താഴെയമരുമ്പോഴും നിലവിളികള്‍ ഞരക്കങ്ങളായി കാക്കുന്നത്‌?

പാവം. ഇപ്പോള്‍ സര്‍പ്പക്കാവിലും ഭഗവതിക്ഷേത്രത്തിലുമുള്ള പോക്കുപോലും നിന്നിരിക്കുന്നു. വൈകുമ്പോള്‍ തെറിതിക്കുമാത്രം ഒരു വിളക്ക്‌.

തെറിതിക്കാവില്‍ ആളനക്കമില്ല. അവിടെ അധികമാരും വരാറില്ല. വിളക്കുവച്ചുതൊഴുന്ന സ്ത്രീകളോടല്ലാതെ ആരോടും മമതയില്ലാത്തവളാണ്‌ തെറിതി. തെറിതിപ്പാല എന്നുവിളിക്കുന്ന വയസ്സന്‍ ചെമ്പകമരത്തിനു കീഴെക്കൂടെനടക്കാന്‍ പുരുഷന്മാര്‍ ഇപ്പോഴും മടിക്കും.

പണ്ട്‌ ഭഗവതിയെതൊഴാന്‍ ഒരുമിച്ചുപോകുമായിരുന്ന കാലത്ത്‌ അമ്മ പറഞ്ഞിട്ടുണ്ട്‌ ആ കഥ. എല്ലാ യക്ഷികളുടെയും കഥ തന്നെ.

ഊരാണ്മയും അധികാരവുമുള്ള മനയ്ക്കലെ കന്യകയായിരുന്ന ഭവത്രേയി, നാട്ടധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി അച്ഛനും അപ്ഫന്മാരും ചേര്‍ന്ന് അവളെ വൃദ്ധനായ നാടുവാഴിയുടെ നാലാം ഭാര്യയാക്കി വില്‍ക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ ചെമ്പകച്ചോട്ടില്‍ വച്ച്‌ ദുര്‍മരണപ്പെട്ട കഥ.

പ്രണയാഭിലാഷങ്ങള്‍ മറ്റേതോ ഹൃദയത്തില്‍ കുരുങ്ങിപ്പോയിരുന്ന ഭവത്രേയി ഉഗ്രമൂര്‍ത്തിയായി ചെമ്പകമരത്തില്‍ കുടിയേറി.

ചെമ്പകപ്പൂക്കള്‍ക്ക്‌ മൃതിഗന്ധമായി. ആണ്‍തരികള്‍ അപമൃത്യുവാര്‍ന്ന് മന അന്യംനിന്നു. കാവും കാടുമായിപ്പടര്‍ന്ന പറമ്പിനരികിലൂടെ വഴിതെറ്റിയെങ്കിലും കടന്നുപോയ പുരുഷന്മാര്‍ ചെമ്പകച്ചോട്ടില്‍ രേതസ്സും ചോരയുംവാര്‍ന്നുകിടന്നു.

പതിറ്റാണ്ടുകള്‍ നീണ്ട പൂജകൊള്‍ക്കൊടുവില്‍ യക്ഷി പ്രസന്നമൂര്‍ത്തിയായ തിരുതെറിതിയായി, സ്ത്രീജനങ്ങളുടെ രക്ഷകയായി. പുരുഷന്മാര്‍ തെറിതിയെ ഇപ്പോഴും ഭയപ്പെടുന്നു.

പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു എന്നൊരുചോദ്യം മനസ്സില്‍ വന്നത്‌ ചോദിച്ചില്ല. രതിയുടെ വശ്യഗന്ധം പൂക്കുന്ന ചെമ്പകക്കൊമ്പില്‍ നിന്ന് മരണത്തിലേക്ക്‌ പറന്നുപോകുന്ന പുരുഷനോട്‌ അസൂയ തോന്നിയോ?

ഉണ്ണിയുടെ സൈക്കിളെന്തേ തെറിതിപ്പാലക്ക്‌ താഴെ? അമ്പലത്തില്‍ പോയിവരുന്ന വഴിക്ക്‌ കിന്നരിക്കാന്‍ കാത്തുനില്‍ക്കാറുണ്ടെങ്കിലും ഇവിടെ വന്നിട്ടില്ല ഇതുവരെ.

ഈയിടെയായിട്ട്‌ കുന്നായ്മകൂടുന്നുണ്ട്‌ ചെക്കന്‌. കയ്യും കണ്ണും തപ്പിത്തടഞ്ഞ് വേണ്ടാത്തിടത്തൊക്കെ എത്തും ഇപ്പോള്‍. അറിയാഞ്ഞല്ല. “നീയെന്റെ മുറപ്പെണ്ണല്ലേടീ?” എന്നാണ്‌ അവകാശവാദം.

അവനെ ഇഷ്ടമാണ്‌. പക്ഷെ ചെറിയച്ഛന്‍ തന്നെ ആര്‍ക്കെങ്കിലും വിലപറഞ്ഞു വില്‍ക്കും എന്നുറപ്പാണ്‌. വെറുതെയെന്തിന്‌ അവനെ മോഹിപ്പിക്കണം?

കച്ചവടം കഴിയുന്നത്‌ വരെ ഇങ്ങനെ അവന്‍ പോലും നേരേ പറയാന്‍ മടിക്കുന്ന കിനാവുകളില്‍ അവന്റെ പെണ്ണായി ജീവിക്കാം. അതൊരു മോഹം.

കാണുന്നില്ലവനെ. സൈക്കിള്‍ പാലച്ചോട്ടില്‍ അടയാളം പോലെ വച്ചിട്ട്‌, മരത്തിനപ്പുറം വള്ളിച്ചെടികള്‍ മൂടിക്കിടക്കുന്ന കാവിലെവിടെയോ മറഞ്ഞുനില്‍ക്കുകയാണ്‌ ‍. തേടിച്ചെല്ലും എന്ന് അവനറിയാം.

ചെടിച്ചില്ലകളില്‍ കുരുങ്ങുന്ന പാവാടയൊതുക്കിപ്പിടിച്ച്‌ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ്‌ വേണം കാവിനുള്ളിലേക്ക് കയറാന്‍. വിളക്കുവയ്ക്കുന്ന തറയില്‍ അണഞ്ഞവിളക്കുകള്‍ക്കു ചുറ്റും തണ്ടോടെ ഒടിച്ചെടുത്ത മുല്ലപ്പൂങ്കുലകള്‍.

അമ്മായി പൊന്നുപോലെ നോക്കുന്ന മുല്ലയില്‍ നിന്നാണ്‌. ഇവനിന്നു കിട്ടും.

ഒരുകുലപ്പൂവു മുഖത്തോടുചേര്‍ത്തു. മഞ്ഞിന്റെ നനവുമാറിയിട്ടില്ല. നല്ലമണം. പൂങ്കുല കഴുത്തിലൂടെ മെല്ലെയോടിച്ച്‌ നെഞ്ചോട്‌ ചേര്‍ത്തുവച്ചു. ഉടലിലേക്ക്‌ സുഗന്ധം പടര്‍ന്നുകയറുന്നതുപോലെ.

എവിടെയെങ്കിലും ഇരുന്ന് ഒളിഞ്ഞുനോക്കുന്നുണ്ടാവും കള്ളന്‍.

പിന്നിലെ ആളനക്കവും കണ്ണുപൊത്തുന്ന കൈകളും പ്രതീക്ഷിച്ചതായിരുന്നു. കുതറിവട്ടം ചുറ്റുമ്പോള്‍ അവന്‍ പിന്നില്‍ തന്നെയൊളിക്കുന്നു.

മുഖം തിരിക്കാന്‍ അനുവദിക്കാതെ മുറുകെപ്പിടിക്കുന്ന കൈക്ക്‌ പതിവില്ലാത്തബലം. മാറിലടുപ്പിച്ച മുല്ലപ്പൂക്കളിലേക്ക്‌ പാഞ്ഞുകയറുന്ന വിരലുകള്‍ക്ക്‌ ഇതുവരെയറിയാത്ത സര്‍പ്പവേഗം.

കഴുത്തില്‍ വന്നമരുന്ന ചുണ്ടില്‍, ചുട്ടുപൊള്ളുന്ന ശ്വാസത്തില്‍ കെട്ടുബീഡിയുടെ ഗന്ധമുണ്ടോ? താടിയില്‍ ബലമായമര്‍ത്തിയ വിരലുകള്‍ക്കുതാഴെ കൈത്തണ്ടയില്‍ ജപിച്ചുകെട്ടിയ ചരടും കറുത്ത രോമങ്ങളുമുണ്ടോ?

കാറ്റിലുലയുന്ന ചെമ്പകച്ചില്ലകളില്‍ അടഞ്ഞനിലവിളികള്‍ ഞരക്കങ്ങളായി വിതുമ്പുന്നോ? വിക്ഷോഭത്തില്‍ അടഞ്ഞുപോകുന്ന കണ്ണുകള്‍ക്കുമുന്നില്‍ സര്‍പ്പനേത്രങ്ങളുടെ വജ്രശോഭ മിന്നുന്നുവോ?

അമ്മേ…

പിന്നോട്ട്‌ ഇടിച്ചകൈമുട്ടുകളില്‍ എന്ത്‌ കരുത്താണ്‌ വന്നാവസിച്ചതെന്നറിയില്ല. പിന്തിരിയുമ്പോള്‍ കല്‍വിളക്കില്‍ തലയിടിച്ച്‌ നെറ്റിയിലൊഴുകുന്ന ചോരയുമായി നിലത്തുപിടയുന്ന ഉണ്ണി. അവന്റെ കണ്ണില്‍ പകപ്പ്‌.

എന്റെ ഭഗവതീ…കണ്ണില്‍ ഇരുട്ടു കയറുന്നുവല്ലോ..

അരികില്‍ മുട്ടുകുത്തി അവന്റെ തലപിടിച്ചുയര്‍ത്തി നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ മാറിടം നനുത്ത ഇളം ചൂടില്‍ നനയുന്നു. ഭയം പോയ്‌മറഞ്ഞിരിക്കുന്നു. പകുതിയടഞ്ഞ അവന്റെ കണ്ണുകളില്‍ നിര്‍വൃതിയോ ആലസ്യമോ? അറിയില്ല. ചുണ്ടോട്‌ ചുണ്ട്‌ ചേര്‍ത്ത്‌ അവനെ ചുംബിക്കാന്‍ മോഹം തോന്നുന്നു.

മുറിവില്‍ അമര്‍ന്നിരുന്ന അവന്റെ വലതുകൈ പിടിച്ചുമാറ്റി വിരലുകള്‍ മാറിടത്തില്‍ ചേര്‍ത്തു. ഇഴയുന്ന വിരലുകളില്‍ സര്‍പ്പവേഗമില്ല. തരളമായ വിറയല്‍ മാത്രം. കുനിഞ്ഞ്‌ അവനെ ഉമ്മവച്ചു. വിറയാര്‍ന്ന കണ്‍പോളകളില്‍, തുടികൊള്ളുന്ന കവിളുകളില്‍… ചോരവാര്‍ന്നൊഴുകുന്ന നെറ്റിയില്‍….

പുല്‍തലപ്പുകളിലേക്ക്‌ അവനെ ചായ്ച്ചുകിടത്തി അരക്കെട്ടിലെ തുടിക്കുന്ന ചൂടിലേക്ക്‌ താഴ്‌ന്നിരുന്ന്, ഉണര്‍ന്ന മാറിടങ്ങള്‍ അവന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌ അവന്റെ മുകളിലേക്ക്‌ ചായുമ്പോള്‍, ചുണ്ടില്‍ പടര്‍ന്ന ചോര നാവുകൊണ്ട്‌ രുചിയോടെ പരതിയെടുക്കുമ്പോള്‍ ഉള്ളില്‍ ലഹരിമാത്രം.

പുലര്‍കാറ്റില്‍ കാലംതെറ്റിപ്പൂത്ത ചെമ്പകപ്പൂക്കളുടെ സുഗന്ധം.

Advertisements

~ by Manu S Nair on September 11, 2007.

29 Responses to “യക്ഷി”

 1. സര്‍പ്പക്കാവില്‍ നിന്നും തോടിറങ്ങി പാടം മുറിച്ചുകടന്നാല്‍ തെറിതിക്കാവാണ്. വിളക്കുവച്ചു തൊഴുന്ന പെണ്ണുങ്ങളോടൊഴികെ ആരോടും മമതയില്ലാത്തവളാണ് തെറിതി. തെറിതിപ്പാല എന്ന് വിളിക്കുന്ന വയസ്സന്‍ ചെമ്പകമരത്തിനു കീഴെക്കൂടി നടക്കാന്‍ പകല്‍ പോലും പുരുഷന്മാര്‍ മടിക്കും.

  ജന്മവൃക്ഷങ്ങളില്‍ കുടിയേറുന്ന അമൂര്‍ത്തമായ ഭയത്തിന്റെ, ഗതിയറിയാത്ത പകയുടെ, ഉറവറിയാത്ത കാമനയുടെ മറ്റൊരവകാശിനിയെക്കുറിച്ച്… പുതിയ കഥ.

 2. വായിച്ചു.
  നല്ല എഴുത്ത്.
  അവസാനിപ്പിക്കാനായി അവസാനിപ്പിച്ചതുപോലെ.
  -സുല്‍

 3. നല്ല കഥ. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  🙂

 4. കാവിന്റെയും യക്ഷികഥകളുടെയും പശ്ചാത്തലമൊരുക്കിയത് കൊണ്ടാവും, നല്ല വായനാനുഭവം തരുന്ന എഴുത്ത്..ശൈലിയും.
  “കവലയിലെ വായുവിന്‌ പുരുഷഗന്ധമാണെന്നത്‌ ശരി. ഊതിയും തുപ്പിയും നിറച്ച പുകയിലയുടെ, വെയിലുറയ്ക്കെ ആദ്യമുറ കള്ളെത്തുമ്പോള്‍ മുതല്‍ തുടങ്ങുന്ന ലഹരിയുടെ, ചടങ്ങിനുമാത്രം പല്ലുതേച്ച്‌, പുലര്‍ന്നിരുട്ടുവോളം ഉമിനീര്‍കലര്‍ത്തി ചവച്ചുതുപ്പുന്ന രാഷ്ട്രീയത്തിന്റെ, കിടപ്പറക്കഥകളുടെയും അംഗോപാംഗവര്‍ണനകളുടെയും ചൂരുകലര്‍ന്ന അശ്ലീലത്തിന്റെ, ഗന്ധം“ -നിരീക്ഷണവും ഇഷ്ടമായി.

  ആശംസകള്‍

 5. നല്ല വിവരണം.. വായിക്കാനൊരു രസമൊക്കെ ഉണ്ട്..പക്ഷെ അവസാനം എനിക്കിഷ്ടായില്ല.. 😦

 6. അക്ഷരങ്ങള്‍‍ കൊണ്ടൊരു മായാജാലം. കഥ, കഥയില്ലായ്മയിലൂടെ ഒഴുകി കാല്പനികകളുടെ സര്‍പ്പകാവില്‍ നിന്നും തോടിറങ്ങി നാടിറങ്ങി ഉണ്ണിയിലൂടെ സന്നിവേശിച്ചു് ഒരു ചോദ്യം പോലുമില്ലാതെ…..ഉത്തരങ്ങള്‍‍ തേടുന്ന യാത്രയോ.
  മനുവേ ഇഷ്ടപ്പെട്ടു. വീണ്ടും ഇവിടെ കുറിക്കുന്നു.നല്ല ഭാഷ, അനുഭവങ്ങളുടെ കുത്തൊഴുക്കു്. എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍‍.:)

 7. കഥ ഇഷ്ടമായി.

 8. 🙂
  കാവുകള്‍ക്കിടയിലുള്ള കഥ കൊള്ളാം സാര്‍

  ഉപാസന

  ഓ. ടോ: അവസാനം…..

 9. കഥ വളരെ നന്നായിരിക്കുന്നു മനു. വഴങ്ങാത്തതായി യാതൊരുതീമുമില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു മനു.

 10. കഥ നന്നായിരിക്കുന്നു, പക്ഷെ ഇങ്ങിനെയൊരമ്മയുള്ള കുട്ടി ഇങ്ങിനെയായിത്തീരുമൊ? എന്തോ,അവസാനം ഒരു വിയോജിപ്പ്!

 11. ഉം. ശരി, ആയിക്കോട്ടെ, ഞാന്‍ എന്തായാലും ഒരു കയ്യൊപ്പിട്ടു, അവിടെ കിടക്കട്ടെ.. എവിടെ? പുല്‍ത്തലപ്പുകളില്‍ നിന്ന് ഒരല്പം അകലെയായി കിടക്കട്ടെ.

 12. I am getting sort of depressed. ആരും കഥയുടെ ഒടുവില്‍ വരെ വന്നതായി തോന്നുന്നില്ല. Either I wrote it real bad or….

 13. no its not bad… പക്ഷേ അവസാനം എത്താറായപ്പോള്‍ മൗസിലെ സ്ക്രോളറില്‍ എന്റെ വിരലൂകള്‍ വേഗം ചലിച്ചു എന്നത് സത്യം… കഥയുടെ അതുവരെ ഉള്ള ടെമ്പോ നഷ്ടപ്പെട്ട പോലെ ..
  എന്നാലും മനുവേ നമിച്ചു.
  സര്‍പ്പക്കാവിനെ ബേസ് ചെയ്തുള്ള ഒരു കഥ രണ്ട് ദിവസം മുന്‍പേ ഞാന്‍ പോസ്റ്റ് ചെയ്തെ ഉള്ളായിരുന്നു
  http://dishana-hari.blogspot.com/ നോക്കുക…

  എതാണ്ട് ഒരേ സമയത്ത് എഴുതാന്‍ തോന്നിയത് ഒരു നിമിത്തം മാത്രം ആവാം

 14. nannayittundu manu…ithil bhashayum okke onnudi nannayirikkunnu…aswastathakal srishtikkunna kathakalanu manuvinteth…cheethayanannalla uddeshichath.jeevithathil urakke parayatha ,parayanishtappedatha,oru padu karyangal kanam..athu nannayi visualise cheyyan kazhiyunnath kazhivu…avasanam hmmm…

 15. ഒടുക്കം യക്ഷിയാണോ അവള്‍ക്കു ശക്തി കൊടുത്തത് ?അതോ അവളും യക്ഷിയായോ ? കഥ ഇഷ്ടമായി , പക്ഷെ , അവസാനം ഒരു കണ്‍ഫ്യൂഷന്‍.

 16. മനു കഥ അവസാനം വരെ വായിച്ചു.ഭാഷ നന്നായിട്ടുണ്ട്. പക്ഷേ കഥയുടെ ആദ്യമുള്ള ആ ഒഴുക്ക് അവസാനം ഉണ്ടായില്ല എന്ന് തോന്നുന്നു.അല്പം കൂടി ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ അവസാനം ഉണ്ടായ കണ്‍ഫ്യൂഷന്‍ മാറ്റാമായിരുന്നു.
  കഥ ഇഷ്ടപ്പെടുന്നതും അല്ലാതിരിക്കുന്നതും വായനക്കാരനെ ആശ്രയിച്ചാണിരിക്കുന്നത്.അതിന് ഓരോ വ്യക്തിക്കും വ്യത്യസ്തമായ മാനദണ്ഡങ്ങളുമുണ്ടാകും.
  തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യേണ്ടത് എഴുത്തുകാരനാണ്.
  സസ്നേഹം,
  സതീശന്‍& ആഷ

 17. മനു, എല്ലാവരും പറഞ്ഞത് പോലെതന്നെയാണ് എനിക്കും തോന്നുന്നത്, (കഥയാണ് ആദ്യം വായിച്ചത് കേട്ടോ) നല്ല ഒഴുക്കുള്ള ഭാഷ, നല്ല കഥാ സന്ദര്‍ഭം ! പക്ഷേ അവസാനത്തെ കണ്‍ഫ്യൂഷന്‍ നില നില്‍ക്കുന്നു:)

 18. It is true that I hurried up and split up a little the original story line.

  The first story-line included another village woman named yakshi… an intial romance between the poojari and the heroine and other few things. I left these elements cuz I felt that these things have become almost typical of such stories and for the fear of length.

  And the story would have been concluded in a different manner too…cuz he yakshi myth was going to be caught up in another figure (neither the heroine, nor the ‘yakshi’, still another)- which some one might have guessed.

  I finished wriitng in a hurried manner which I see was a grave mistake.

  So yakshi may come back. a littile while later. but not as a short story but as a novella. But it may take longer.

  Thanks for every one who cared to read and comment. It is your honest comments that makes my effort here meaningful. Thanks again… be with me. 🙂

 19. മനുവേ കഥയുടെ അവസാനം എനിക്കിഷ്ടമായല്ലോ. ഇങ്ങനെയായിരിക്കുമോ എല്ലാ യക്ഷിക്കുരുതികളും എന്നറിയില്ല 🙂 എന്നാലും ഉണ്ണിയെക്കൊന്നതു യക്ഷിതന്നെയെന്നു ലോകം വിശ്വസിച്ചോളും അല്ലേ.

  ചാവേണ്ടവന്‍ ചാവാത്ത പ്രകൃതിയുടെ absurdism ഇവിടെയുമുണ്ട്. വളര്‍ച്ചയെത്തിയ പെണ്ണിനെ രക്ഷിക്കാന്‍ മാത്രമാണ് അമ്മ കുളിച്ചൊരുങ്ങുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഞരക്കങ്ങളെല്ലാം അമര്‍ത്തിപ്പിടിച്ച നിലവിളികളാണെന്നും വിശ്വസിക്കാന്‍ പ്രയാസം തന്നെ. എങ്കിലും മകളുടെ കാഴ്ച്ചയാ‍യതുകൊണ്ട് എല്ലാം വിശ്വസിക്കാം.

  കഥ നന്നായിട്ടുണ്ട്, ഇനിയും എഴുതിത്തകര്‍ക്കുക.

 20. സിമി… വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി. ഒരാള്‍ കഥയിലൂടെ ഒപ്പം സഞ്ചരിച്ചു എന്ന സന്തോഷം അതിലേറെയുണ്ട്‌. തെറ്റിദ്ധരിക്കരുത്‌. കഥ വായനക്കാരന്‌ അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. കഥയുടെ ഉള്ളില്‍ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുകയും ശരിയായ നിമിഷം തിരഞ്ഞെടുത്ത്‌ കഥയില്‍ നിന്ന് ഇറങ്ങിനടക്കുകയുമാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്ന വായനയുടെ വഴി. (എന്റെ മാത്രം കാര്യം). പക്ഷെ ഇക്കഥയുടെ കാര്യത്തില്‍ മിക്കവായനക്കാരുടെയും യാത്ര ഇടക്ക്‌ വഴിമുട്ടി എന്ന് തോന്നിയതുകൊണ്ട്‌ എന്തോ നിരാശയുണ്ടെനിക്ക്‌. അതില്‍ ഒരു ആശ്വാസമായി സിമിയുടെ വായന.

  സിമി കൃത്യമായി സൂചിപ്പിച്ചതുപോലെ കഥയുടെ abusurd end മനഃപൂര്‍വമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. (എഴുത്ത്‌ സാങ്കേതികമായി മെച്ചമാകാത്തതുകൊണ്ടാവണം, കഥയുടെ കഥ പറയുക എന്നത്‌ അനിവാര്യമായ ഒരു ഗതികേടായി മാറുന്നു എനിക്ക്‌.)കാരണം എല്ലാ യക്ഷിക്കഥയും ഈ വിധത്തില്‍ absurd ആണ്‌. യക്ഷിക്കഥകളില്‍ കൊല്ലപ്പെടുന്നവര്‍ ,as you exactly pointed out, കൊല്ലപ്പെടേണ്ടവരല്ല; വെറും വഴിപോക്കരാണ്‌. കൊല്ലുന്ന ആളും യഥാര്‍ത്ഥത്തില്‍ നിരപരാധി(നി)യാണ്‌; കൊല സ്വന്തംതെരഞ്ഞെടുപ്പുകള്‍ക്കുപരിയായ ഒരു കര്‍മ്മമായി കൊണ്ടുനടക്കുന്നു അവര്‍. ഹിംസ രതിയും സായൂജ്യവും ആകുന്നു. മിത്തിന്റെ ഈ absurdity കഥയിലേക്ക്‌ കൊണ്ടുവരാന്‍ ഞാന്‍ നടത്തിയ ശ്രമം ദുര്‍ബലമായിപ്പോയി എന്ന് കാണിച്ചുതരുന്നു സിമിക്ക്‌ മുന്നേ വന്ന വായനക്കാര്‍.

  ആശയപരമായ ഒരു പശ്ഛാത്തലം സ്വയം സംവദിക്കാത്തത്‌ എന്നെ ശരിക്കും നിരാശപ്പെടുത്തി. പാലമരത്തില്‍ ഇരുന്ന യക്ഷിയെ വെറുതെ വിളിച്ചിറക്കിക്കൊണ്ട്‌ വന്നതല്ല ഞാന്‍. വര്‍ഗീകരണം അടിസ്ഥാനധാരയാകുന്ന ദര്‍ശനങ്ങളില്‍ -ഫെമിനിസം, മാര്‍ക്സിസം ഒക്കെ ഉദാഹരണം- ഹിംസ അനിയതമായ ഗതികളില്‍ സഞ്ചരിക്കുന്നു. പക വര്‍ഗത്തിന്റെ അവകാശമാവുമ്പോള്‍ ഏതു വഴിപോക്കനും ‘ഇര’ ആയി മാറുന്നു. നേരേ ഉദാഹരണം പറഞ്ഞാല്‍ സ്ത്രീകള്‍ തലമുറകളായി അനുഭവിച്ചുവരുന്ന വിവേചനത്തിന്റെ പേരില്‍ ‘ഇരകള്‍’ ആയി മാറുന്ന [നിരപരാധികളായ] ഭര്‍ത്താക്കന്മാരെയും മക്കളെയും മിക്ക ‘ഫെമിനിസ്റ്റു’കളുടെയും വീട്ടില്‍ കാണാം. ഈ സ്ത്രീകളെ ഞാന്‍ വെറുതെ കുറ്റം വിധിക്കില്ല. വര്‍ഗീകരിക്കപ്പെട്ട ഭയങ്ങളുടെയും പകയുടെയും ഇരകളാണവരും; ഇരയുടെ ആത്മബോധമാണ്‌ അവരെ വേട്ടയാടുന്നതിലെ ആനന്ദത്തിലേക്ക്‌ വിളിക്കുന്നത്‌.

  ‘അമ്മ’യെ സംബന്ധിച്ച്‌ വായിച്ചെടുത്ത സൂചനയിലാണ്‌ സിമി മറ്റുള്ളവരെക്കാള്‍ എന്റെ ഒപ്പം ഏറ്റവും അടുത്തുവന്നത്‌. യഥാര്‍ത്ഥത്തില്‍ യക്ഷീബിംബം മൂര്‍ത്തമാകുന്നത്‌ ആ സ്ത്രീയിലാണ്‌. പൂചൂടലും വശീകരണവും മുറക്ക്‌ നടക്കുമ്പോഴും എല്ല്ലാ സന്ധ്യയിലും ഒരേ മന്ത്രവാദിയാല്‍ പാലമരത്തില്‍ തളക്കപ്പെടുന്ന നിസ്സഹായയായ യക്ഷി. (ആ ബിംബവും വേണ്ട രീതിയില്‍ വികസിപ്പിച്ചില്ല എന്ന് എന്റെ മനസ്സ്‌ പറയുന്നു). അവരുടെ പ്രതികാരവാഞ്ച തിറിതിക്കുള്ള ഒരു വിളക്കില്‍ ഒതുങ്ങും. അങ്ങനെ എത്രയോ അമ്മമാര്‍?

  കഥയില്‍ abusurd end ഞാന്‍ പരീക്ഷിക്കുന്നത്‌ രണ്ടാമത്തെ തവണയാണ്‌. മാത്തപ്പന്റെ കാര്യത്തില്‍ (ജഡം) അത്‌ conspicuous ആയിരുന്നതുകൊണ്ട്‌ മാത്തപ്പന്റെ പരാജയം കൂടുതല്‍ പേര്‍ മനസ്സിലാക്കി. ഈ കഥയുടെ കാര്യത്തില്‍ യക്ഷി മിത്തിന്റെ പരാജയം അധികം ആരും കണ്ടില്ല. കഥക്കുള്ളില്‍ ഇരുന്ന് കഥ കാണുന്നതിന്റെ സുഖം എഴുതുന്ന ആളിനെ വഴിതെറ്റിക്കുന്നതിന്റെ ഒന്നാമത്തെ ഉദാഹരണം.

  ബ്ലോഗിലെ എഴുത്ത്‌ എനിക്ക്‌ ഡ്രൈവിംഗ്‌ പഠനമാണ്‌. ഇവിടുത്തെ പരാജയങ്ങള്‍ ആ ഒരു സ്പിരിറ്റിലേ ഞാന്‍ കാണുന്നുള്ളു. എങ്കിലും കൃത്യതയുള്ള നിരീക്ഷണങ്ങള്‍ ലഭിക്കാത്തതില്‍ പലപ്പോഴും സങ്കടമുണ്ട്‌. അതു മൂക്കുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ ഈ ബ്ലോഗ്‌ പിള്ളേരെ കിണറ്റിലിട്ട്‌ കൂടെ ചാടും. എനിക്കും കിട്ടും പൂത്തുനില്‍കുന്ന ഒരു ചെമ്പകമരം. ഇരപിടിക്കാന്‍.

  Since I already put a nominal new post and the comment potentil is over, I hope that this explanation is not going to hinter free reading.

 21. മനൂ:
  രതി തന്നെ പകയാകുക ഇതല്ലെ യക്ഷിയുറ്റെ കൌശലം? ഉണ്ണീ സ്വന്തം പ്രേമഭാജനമാകുമ്പോള്‍ ഈ രതി എങ്ങനെ പകയായി മാറും? അവനും ഇത് ആഗ്രഹിച്ചു കാണുമായിരിക്കുമല്ലൊ.

  സൈക്കിള്‍, ബീഡി എന്നൊക്കെ ഉള്ളതുകൊണ്ട് ഇത് ഇക്കാലത്ത് തന്നെ നടക്കുന്ന കഥയാണെന്നു സൂചന. മറ്റു കഥാപരിസരമൊക്കെ വളരെ പഴയത്. മന:പൂര്‍വ്വമാണോ? ഇപ്പോള്‍ ഇങ്ങനെ നിസ്സഹായരായ പെണ്ണുങ്ങള്‍ നാട്ടീലുണ്ടോ?
  (നാടു വിട്ടിട്ടു കുറേ നാളായേ)

  ഭാഷ ഒന്നാന്തരം.

 22. എതിരന്‍ മാഷെ…

  യക്ഷിക്കഥയുടെ സ്ട്രക്‌ചറിനു പറ്റിയ ഒരു പഴയലോകം തപ്പിയടുത്തതു തന്നെയാണ്. പെണ്‍‌പ്രശ്നത്തില്‍ കഥയിലെ പ്രധാന പൊളിറ്റിക്കല്‍ ലൈന്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. സ്ത്രീപീഡനവുമായി ഈ വിഷയത്തിനുള്ള ബന്ധം പരിമിതമാണ്. ആ വിഷയം കൈകാര്യം ചെയ്യാന്‍ യക്ഷി എന്ന് മിത്ത് പോരാതെ വരും എന്ന് തോന്നുന്നു.

  ആദ്യത്തെ ചോദ്യമാണ് പ്രസക്തം. അതിന്റെ ഉത്തരം സിന്റാക്സ് തെറ്റിച്ച് ഞാന്‍ കഥയില്‍ തന്നെ ചോദ്യമായി ചേര്‍ത്തിട്ടുണ്ട്. പകക്ക് എന്തിനേ രതിയുടെ വശ്യത എന്ന്. കൊല്ലണമെങ്കില്‍ കൊന്നാല്‍ പോരേ..നക്കി കൊല്ലണോ എന്ന് മലയാളം 🙂 ഉത്തരം പറയാന്‍ ശ്രമിച്ചിട്ടില്ല. വിവരമില്ലായ്മ തന്നെ.

  പുതിയപോസ്റ്റ് വായിച്ചാല്‍ ഈ പക്ഷത്തൊന്നും നിന്ന് വായിക്കല്ലേ. അതു ഞാന്‍ യക്ഷിയെ ആച്ചാറിട്ട് ഉറിയില്‍ വച്ചതാണ്. ഒന്നു പഴകുമ്പോള്‍ എടുത്ത് വിളമ്പാന്‍.

 23. രണ്ട് തരത്തില്‍ എഴുതാമായിരുന്നെന്ന് തോന്നുന്നു. അനങ്ങാതെ വച്ചിരിക്കുന്ന ക്യാമറയിലേയ്ക്കു സീനുകള്‍ ഓടിക്കയറുന്ന വിധം, ഓരോ സീനിലേയ്ക്കും ക്യാമറ ദ്രുതമായി കടന്നുചെല്ലുന്ന വിധം. രണ്ടാമത്തേതാണെങ്കില്‍ ഇക്കഥയ്ക്കു യക്ഷിയുടെ ഇഫക്റ്റ് കിട്ടിയേന്നെ.

 24. മനൂ,

  ഇപ്പോഴാണ് ‘യക്ഷി’ വായിച്ചത്. മനസ്സില്‍ തോന്നിയ നിരീക്ഷണങ്ങള്‍ പങ്കു വെയ്ക്കുന്നു.

  “രതിയുടെ വശ്യഗന്ധം പൂക്കുന്ന ചെമ്പകക്കൊമ്പില്‍ നിന്ന് മരണത്തിലേക്ക്‌ പറന്നുപോകുന്ന പുരുഷനോട്‌ അസൂയ തോന്നിയോ?“ – അഭിനവയക്ഷിക്ക് അസൂയയേക്കാള്‍ പുച്ഛമല്ലേ തോന്നേണ്ടത് എന്ന സംശയം തോന്നി.

  “ചെറിയച്ഛന്റെ ശിവതാണ്ഡവമാണ്‌” – ‘ശിവ‘ ഒരനാവശ്യവാക്കായ് തോന്നി.

  ‘സര്‍പ്പക്കാവിനരികിലൂടെ നടക്കുമ്പോള്‍ ഗരുഡപഞ്ചാഷ്ടകം ജപിക്കുന്ന വൈരുധ്യം‘ എന്തെന്ന് മനസ്സിലായില്ല.

  “ഉടല്‍ ഉണര്‍ന്ന പുത്രിയെ സ്വന്തം പുരുഷന്റെകണ്ണില്‍ നിന്ന് കാക്കാനല്ലേ എല്ലാവൈകുന്നേരവും തൈലം തേച്ചുകുളിച്ച്‌ പൂചൂടിയൊരുങ്ങുന്നത്‌? താണ്ഡവതാളത്തിനു താഴെയമരുമ്പോഴും നിലവിളികള്‍ ഞരക്കങ്ങളായി കാക്കുന്നത്‌?“ – ഈ വരികള്‍ ലൈംഗികതയെ കുറിച്ച് അല്പജ്ഞാനിയായ ഒരുവളുടെ ചിന്തകളായ് കാണാനാണ് തോന്നിയത്. സത്യാവസ്ഥ മറിച്ചാണ് എന്ന് കരുതുന്നതാണ് കൂടുതല്‍ യഥാര്‍ത്ഥമായ് അനുഭവപ്പെടുക. അങ്ങനെ ചിന്തിക്കുമ്പോള്‍ വാക്കുകള്‍ നന്നായ് തോന്നി.

  കഥയിലുപയോഗിച്ച ചോദ്യഛിഹ്നങ്ങള്‍ ഇത്തിരി കൂടുതലല്ലേ എന്നും തോന്നി. 🙂 ചോദ്യങ്ങളിലെ ഭാഷ നന്നെങ്കിലും എണ്ണ കൂടുന്നത് വായനയുടെ സുഖാനുഭവത്തിന് തടസ്സമുണ്ടാക്കുന്നു.

  ഇതൊക്കെ ഉണ്ടെങ്കിലും, ഇക്കിളികൂട്ടുന്ന ചെറുവാല്യക്കാരന്‍ കാമുകനില്‍ നിന്ന് ,ബീഡിപ്പുകമണവും കറുത്ത രോമങ്ങളുമുള്ള പുരുഷക്കൂട്ടത്തിലൊരാളായ് ഉണ്ണി മാറി എന്ന സംശയം (അതോ തിരിച്ചറിവോ), “പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു“ എന്ന ചോദ്യം ആദ്യമേ മനസ്സിലുള്ള അവളെ ‘യക്ഷി‘യാക്കി മാറ്റുന്നതിലെ കാല്പനിക-കല്പിത-മന:ശാസ്ത്ര തലങ്ങള്‍ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.

  അഭിനന്ദനങ്ങള്‍!!!

  സസ്നേഹം
  ദൃശ്യന്‍

 25. പെരിങ്ങോടാ
  ആ നിര്‍ദ്ദേശം നന്നായി തോന്നി. ഞാന്‍ ഇതുവരെ കാ‍മറ മൂവ് ചെയ്ത് നോക്കിയിട്ടില്ല. 🙂

  ദൃശ്യേട്ടാ
  ദൃശ്യേട്ടന്‍ കമന്റുന്നത് ഒരു സന്തോഷമാണ് എപ്പോഴും. വിശദമായ വായനയുണ്ടാവും അതില്‍ എന്നതുതന്നെ കാരണം.

  കഥാനായികയെ സന്ദേഹിയായി അവതരിപ്പിക്കുന്നത് അവളുടെ അവസാന രൂപമാറ്റത്തിനു സഹായിക്കും എന്ന് തോന്നി. അതുകൊണ്ടാണ് ചോദ്യങ്ങള്‍ പതിവിലേറെ വന്നത് .

  ശിവതാണ്ഡത്തിലെ ശിവന്‍ വേണ്ട. ശരിയാണ്.

  സര്‍പ്പക്കാവിലൂടെ ഗരുഡപഞ്ചാഷ്ടകം ജപിച്ചു നടക്കുന്ന വൈരുധ്യമാണ് അമ്മയെ അമ്മയാക്കുന്നത് . അല്ലെ.. സര്‍പ്പസാന്നിധ്യം മനസ്സാവരിക്കുക. എന്നിട്ട് സര്‍പ്പദോഷം അകറ്റാന്‍ പ്രാര്‍ത്ഥിക്കുക. ഒരുപാടമ്മമാരുടെ ചോയ്സാണത്. (പ്രശ്നം എപ്പോഴും ലൈംഗികമാവണമെന്നില്ല. ഈ കഥയില്‍ ഞാന്‍ ആ ഇമേജറി സ്വീകരിച്ചു എങ്കിലും.)

 26. നല്ല കഥ. ഒരുപാടിഷ്ടമായി.

 27. തിരുസ്വരൂപങ്ങളില്‍ നിന്ന് നിഴലുകളിലൂടെ,പരാജിതരിലൂടെ,യക്ഷിയില്‍ എത്തി നില്‍ക്കുമ്പോള്‍ ചില സന്ദേഹങ്ങള്‍. സ്ത്രി രതിതല്പരയായ കാമിനിയൊ പുരുഷ വിദ്വേഷിയൊ അതുമല്ലെങ്കില്‍ പുരുഷകാമത്തിന്റെ ഇരയൊ അല്ലാതെ ശക്തമായ, തനതായ ഒരു അടയാളം വരുത്താതെ പോകുന്നുണ്ടൊ കഥകളില്‍? വേറിട്ട കഥപറച്ചില്‍ രീതിയില്‍ ഒരു male gaze പ്രകടമാവുന്നത് അലോസരപ്പെടുത്തുന്നു. യക്ഷിമിത്തിലെ സങ്കീര്‍ണ്ണത ഒതുക്കി കഥയാക്കിയ രീതി, കാമം ഇരുതല മൂര്‍ച്ഛയുള്ള വാളാണെന്ന് വരച്ചുവച്ചത്, അതിന്റെ ഒരുതരം നിസ്സഹായാവസ്ഥ ഒക്കെ ഇനിയും ഗുപ്തന്റെ കഥകള്‍ തിരയാന്‍ പ്രലോഭിപ്പിക്കുന്നു…

 28. thanks for your comment. എല്ലാ എഴുത്തുകാരും ഇത്തരത്തില്‍ വായന പ്രതീക്ഷിക്കുന്നുണ്ട് എന്ന ധ്വനി കൊള്ളാം! 😉
  by the way, why does one of ur blogs still tell me that i need to be invited to enter? വായനക്കാരോട് പക്ഷപാതം കാണിക്കുന്നൊ എഴുത്തുകാരന്‍?!

 29. Hey hey…that is my private space, which I use only -only- to write my posts. I compose the posts online, becuae I am often on the move and writing them in a private webpage gives me the freedom to edit them from whichever computer I am using. Years ago, i used to keep even ‘My Documents’ online, in order to have such access.

  Only one user who usually previews my posts have access there. Nothing special.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: