ജഡം


ഇടിഞ്ഞുതുടങ്ങിയകരയില്‍നിന്ന് പകുതി അടര്‍ന്ന് വെള്ളത്തിലേക്ക്‌ ചാഞ്ഞുകിടക്കുന്ന ഇല്ലിക്കെട്ടിനെ ചുറ്റിവളഞ്ഞാണ്‌ പുഴ ഒഴുകുന്നത്‌. ചാഞ്ഞുകിടക്കുന്ന മുളം കഴകളിലെ മുകളിലെ ചില്ലകള്‍ വെട്ടിമാറ്റിയുണ്ടാക്കിയ തെളിച്ചത്തിലൂടെ നടന്ന് നടുഭാഗത്തെത്തി, മുണ്ടു മടക്കിക്കുത്തി, കാലുകള്‍ മുള്ളുകൊള്ളാതെ സൂത്രത്തില്‍ നീട്ടിവച്ചിരുന്നാല്‍, ഇല്ലിക്കെട്ടിനടിയിലൂടെ വെള്ളം കുത്തിയൊഴുകിയുണ്ടായ കയത്തില്‍ ചൂണ്ടയിടുകമാത്രമല്ല, അകലെ വനത്തിന്റെ ഓരത്തുനിന്നും തൊട്ടരികില്‍ ഇലഞ്ഞിമരത്തണലിലെ കടവുവരെ ആറ്റരികത്ത്‌ നടക്കുന്ന സര്‍വതും ഒതുങ്ങിയ ഒരു നോട്ടത്തില്‍ കാണുകയും ചെയ്യാം. ഇല്ലിത്തുമ്പുകളെ ഒഴുക്ക്‌ അല്‍പമൊക്കെ വലിച്ചുനീക്കി ഇടക്കൊക്കെ ക്ഷീണിച്ച്‌ പിടിയയച്ച്‌ വിടുമ്പോള്‍ ഊഞ്ഞാലാടുന്ന സുഖവും വെയിലേറുമ്പോള്‍ നീരിലിറങ്ങി മുങ്ങിവരുന്നകാറ്റിന്റെ കുളിരും.

എന്തിന്‌ പറയുന്നു, ചുരുക്കത്തില്‍ സുഖമായിരുന്നു മാത്തച്ചന്റെ ജീവിതം. രാവിലെ പറമ്പിലെ റബറുവെട്ടി പാലെടുത്തൊഴിച്ചാല്‍ വൈകുന്നേരം മൂഴിക്കലവറാന്റെ ഷെഡ്ഡില്‍ ഷീറ്റടിക്കാന്‍ പോകുന്നതുവരെ ചൂണ്ടയിടീല്‍. ഷീറ്റുവില്‍ക്കാനും പീടികയില്‍നിന്ന് സാധനം വാങ്ങാനും കവലയില്‍ പോയി, സുകുമാരന്റെ ഷാപ്പില്‍നിന്ന് ആറ്റുമീന്‍കൊടുക്കുന്നവകയില്‍ അന്തിക്കള്ളുമോന്തി, പിന്നെ കവലയില്‍നിന്ന് വയല്‍കടന്ന് കുന്നുകയറുന്നതിനുമുന്നെ നാരായണിയുടെ കൂരക്കുമുന്നില്‍ ഒന്ന് ഒതുക്കത്തില്‍ നിന്ന് ഊഴം ശരിയാണെങ്കില്‍ ….ഓ ഇരുട്ടിയാല്‍ വെളുക്കുന്നതെങ്ങിനെയെന്ന് ആര്‍ക്കറിയണം.

അങ്ങനെ ഒരു ദിവസം ഉച്ചയോടടുത്തനേരം ക്യുട്ടിക്കൂറാ പൗഡറിന്റെ പഴകിയപാട്ടയില്‍ നിന്ന് ജീവനുള്ള ഇരയെ വലിച്ചെടുത്ത്‌ ചൂണ്ടക്കൊളുത്തില്‍ കൊരുത്ത്‌ കയ്യില്‍ പറ്റിപ്പിടിച്ച വഴുവഴുക്കുന്ന മെഴുക്ക്‌ തലയുടെപിന്നില്‍ ധാരാളമായുള്ള മുടിയില്‍ തേച്ച്‌ നിവര്‍ന്നുനോക്കുമ്പോഴാണ്‌ അല്‍പമകലെ പുഴയിലേക്ക്‌ വീണുപോയ ഒരു ആറ്റുവഞ്ചിയുടെ ചില്ലകളില്‍ കുരുങ്ങി ചുഴികുത്തുന്ന വെള്ളത്തില്‍ തിരിഞ്ഞ്‌ ഒരു തുണിക്കെട്ട്‌ ഒഴുകിവരുന്നത്‌ മാത്തച്ചന്‍ കണ്ടത്‌.

തുണിക്കെട്ട്‌ തിരിഞ്ഞപ്പോഴേ അതിനുമുന്നില്‍ രണ്ടുപാദങ്ങള്‍ പൊങ്ങിനില്‍ക്കുന്നത്‌ കാണാനുംഅതിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരിക്കാനുള്ള ഊഹിക്കാനും മാത്തച്ചനായുള്ളൂ. പുഴനിരപ്പിലേക്ക്‌ താഴ്‌ന്ന മുളംകൂട്ടത്തിലിരുന്ന് നോക്കുന്നതിന്‌ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്തന്‌ മനസ്സിലായത്‌ അന്നേരമാണ്‌. പുഴയുടെ കര കാണാനാവുമെങ്കിലും ഒഴുക്ക്‌ തിരശ്ചീനമായ കാഴ്ച്ചയില്‍ പലതും മറച്ചുവയ്ക്കുന്നു.

ആരാണെന്നറിയാന്‍ മാത്തച്ചന്‌ ആകാംക്ഷതോന്നിയില്ല. എങ്കിലും തുണിക്കെട്ടിന്റെ ചുമപ്പ്‌ നിറത്തില്‍ നിന്ന് വാസുവാശാരിയുടെ ഭാര്യ ലളിതയാണതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രണ്ടുദിവസമായി അവര്‍തമ്മില്‍ വഴക്കുകൂടുന്നതും എവിടെയെങ്കിലും പോയി
ചാകുമെന്ന് ലളിതയും ചത്തില്ലെങ്കില്‍ കൊല്ലുമെന്ന് ആശാരിയും പറയുന്നതും മാത്തച്ചന്‍ കേട്ടിരുന്നു.

പന്ത്രണ്ടും പതിനാലുംവയസ്സുള്ള പെണ്മക്കളെ ലളിത അമ്മയുടെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയപ്പോഴേ എന്തെങ്കിലും നടക്കും എന്ന് മാത്തന്‍ ഊഹിച്ചതാണ്‌. ഒപ്പം കുടിക്കാന്‍ വൈകുന്നേരം ഷാപ്പില്‍ കണ്ടപ്പോള്‍ എന്തിനാണുവഴക്കെന്ന് ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും അന്നേരം തങ്കപ്പന്‍ മാറ്റിനിപ്പടത്തിന്റെ കഥപറയുകയായിരുന്നതുകൊണ്ട്‌ സാധിച്ചിരുന്നില്ല.

ഒഴുകിയടുടുത്തെത്തിയ ലളിത മുളംതലപ്പിനു ചുറ്റിപ്പോകുന്ന ഒഴുക്കിലേക്ക്‌ നീങ്ങിയപ്പോള്‍ മുഖത്തിന്റെ വശം കരുവാളിച്ചിരുന്നത്‌ മാത്തച്ചന്‍ കാണുകയും ആശാരി ലളിതയെ കൊന്നുവെള്ളത്തിലിട്ടതാണോ എന്ന ഒരു സംശയം അയാള്‍ക്ക്‌ തോന്നുകയും ചെയ്തു. എങ്കിലും ശ്രദ്ധയോടെ അയാള്‍ എഴുന്നേറ്റത്‌ ഒഴുകിപ്പോകുംമുന്‍പ്‌ ലളിതയെ ഒരിക്കല്‍ക്കൂടി നോക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌.

മാറിനുകുറുകെ വീതിയുള്ള ഈരിഴയന്‍തോര്‍ത്ത്‌ മാത്രം ചുറ്റിക്കെട്ടി മുകളിലെ കടവില്‍ കുളിക്കാനിറങ്ങുന്ന ലളിതയെ എത്രതവണയാണ്‌ മീന്‍ നോക്കാനായിചുറ്റിനടക്കുമ്പോള്‍ അയാള്‍ നോക്കിനിന്നിട്ടുള്ളത്‌. ഈരിഴയന്‍ തോര്‍ത്തിലൂടെ തെളിയുന്ന ഉടലിന്റെ ധാരാളിത്തത്തിനപ്പുറമൊന്നും ലളിത തനിക്ക്‌ അനുവദിച്ചിട്ടില്ലെന്നത്‌ മാത്തച്ചന്റെ സ്വകാര്യനോവുകളിലൊന്നായിരുന്നു.

ഇപ്പോള്‍ മരിക്കാന്‍ പോയപ്പോഴും അവള്‍ ഈരിഴയന്‍ തോര്‍ത്തിലായിരുന്നുന്നെങ്കില്‍ പ്രതികൂലമായ കാറ്റില്‍ ഒഴുക്കിനെതിരെ കയറിവരുന്ന ഓളങ്ങള്‍ തനിക്ക്‌ ഒരുപകാരം ചെയ്തിരുന്നേനെ എന്ന് അയാള്‍ ഓര്‍ക്കാതിരുന്നില്ല.

മുളം ചില്ലയില്‍ ചുവന്ന ഉടുപ്പിന്റെ അറ്റം കുരുങ്ങി ലളിത അവിടെത്തന്നെ നിന്നാല്‍ എന്തു സംഭവിച്ചേക്കുമെന്നോര്‍ത്ത്‌ മാത്തച്ചന്‍ അസ്വസ്ഥനായി. പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ആറ്റിറമ്പു നശിപ്പിച്ചാല്‍ ഇനി മീന്‍പിടിക്കാന്‍ പോലും മറ്റൊരു സ്ഥലം തിരയേണ്ടിവരും. കാല്‍ക്കീഴിലെ മുളംകഴകള്‍ ഒന്നു ചവിട്ടിക്കുലുക്കിയപ്പോള്‍ ലളിത വെള്ളത്തില്‍ ഒന്നുകൂടി തിരിഞ്ഞ്‌ കാല്‍പാദം മാത്തച്ചനു നേരേ തിരിച്ച്‌ വീണ്ടും ഒഴുകിപ്പോയി.

അന്നുരാവിലെ മാത്തച്ചന്‍ ലളിതയെ കണ്ടിരുന്നു. ലളിത ആറിലൂടെ ഒഴുകാന്‍തുടങ്ങുമ്പോള്‍ താന്‍ മുളം‌തഴപ്പിലിരുന്ന് മീന്‍പിടിക്കുകയായിരിക്കണം എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ കൗതുകം തോന്നി.

മാത്തച്ചന്റെ അമ്മ മരിക്കുന്നത്‌ മൂന്നുവര്‍ഷം മുന്‍പ്‌ ഇതുപോലെ മാത്തച്ചന്‍ ഇലഞ്ഞിച്ചോട്ടിനപ്പുറത്ത്‌ ചൂണ്ടയിടുന്ന നേരത്താണ്‌. രാവിലെ കാലുകള്‍ കോച്ചിപ്പിടിക്കുന്നതിനു തൈലം വേണം എന്ന് അമ്മ പറഞ്ഞിരുന്നതാണ്‌. വൈകുന്നേരം വാങ്ങാമെന്നോര്‍ത്ത്‌ മീന്‍ പിടിക്കാന്‍ പോന്നതാണ്‌ മാത്തച്ചന്‍. ഷീറ്റടിക്കാന്‍ നേരം വീട്ടില്‍ കയറുമ്പോള്‍ കാലുകള്‍ വല്ലാതെ പിണച്ച്‌ തുറിച്ചകണ്ണുമായി തറയില്‍
കിടക്കുകയായിരുന്നു അമ്മ.

കാലുകോച്ചിപ്പിടിച്ചാല്‍ മനുഷ്യരാരും മരിക്കാറില്ലെന്ന് മാത്തച്ചനറിയാമായിരുന്നെങ്കിലും അന്നുമുതല്‍ ഇലഞ്ഞിച്ചോട്ടിനപ്പുറത്ത് മീന്‍പിടിക്കാന്‍ പോകാന്‍ മാത്തച്ചനു തോന്നിയില്ല. അടുത്ത മഴയില്‍ ഇല്ലിക്കാട്‌ ചായുംവരെ മാത്തച്ചന്റെ ചൂണ്ട വീടിന്റെ കഴുക്കോലില്‍ വിശ്രമിച്ചു.

വെള്ളത്തില്‍ പെട്ടെന്നു കണ്ട നിഴലുകള്‍ മായ്ച്ചുകളയാന്‍ മാത്തച്ചന്‍ ചൂണ്ടവെട്ടിച്ചു. ചരടിലെ ഈയം വട്ടത്തില്‍ വളയങ്ങള്‍ വരച്ച്‌ വെള്ളത്തില്‍ പിടഞ്ഞുചാടിയിട്ടും വെള്ളത്തിലേക്ക്‌ വീണ്ടും നോക്കാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ഇല്ലിത്തഴപ്പിനു താഴെ കയത്തിലെ ഇരുട്ടില്‍ പായുന്ന ഒഴുക്കില്‍ ഒഴുക്കില്‍ ശവങ്ങള്‍ നിരനിരയായി ഒഴുകിപ്പോകാറുണ്ടെന്നത്‌ വെറും ഒരു തോന്നലാണെന്ന് പലപ്പോഴും സ്വയം പറഞ്ഞുനോക്കിയിട്ടുണ്ട്‌ മാത്തച്ചന്‍. എന്നിട്ടും വെള്ളത്തില്‍ക്കൂടി നെടുകേ നീന്തുന്ന ചിലനിഴലുകള്‍ അയാളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

കാട്ടുപൊന്തകളില്‍ അനക്കം. അവനാണ്‌.ആറ്റിറമ്പില്‍ അടുത്തകാലത്ത്‌ കൂടുകൂട്ടിയ മലമ്പാമ്പ്‌. അടിവശം വെളുത്ത ഇലകളുള്ള പൊന്തയില്‍ നിന്ന് ഇലകള്‍ ചെറിയ ഉറവയായി ഒഴുകിവരുന്നതുപോലെ അവന്‍ ആദ്യം വന്നപ്പോള്‍ മാത്തച്ചന്‌ പേടിതോന്നി എന്നത്‌ നേര്‌. എങ്കിലും തനിക്ക്‌ വീട്ടില്‍ ആട്ടിന്‍കുട്ടിയോ കോഴിക്കുഞ്ഞോ ഇല്ലല്ലോ എന്നും പകലില്‍ പാമ്പ്‌ വിശ്രമിക്കുമ്പോഴല്ലാതെ ആറ്റിറമ്പില്‍ താന്‍പോകാറില്ലെന്നും ഓര്‍ത്തപ്പോള്‍ അവന്‍ സ്വയം കൂടുമാറുന്നതുവരെ ക്ഷമിക്കാന്‍ മാത്തച്ചന്‍ തീരുമാനിക്കുകയായിരുന്നു.

പാമ്പ്‌ കാട്ടുപൊന്തയിലൂടെ ഇഴഞ്ഞ്‌ മുളംചുവട്ടിലെ മണ്‍കട്ടകളിലൂടെ അപ്പുറത്തുള്ള ഇഞ്ചക്കൂട്ടത്തില്‍ പകുതികടന്ന് വെള്ളത്തിലേക്ക്‌ ഊളിയിട്ടുപോകുന്നത്‌ അയാള്‍ ശ്രദ്ധിച്ച്‌ നോക്കിയിരുന്നു. പതിവുതെറ്റിച്ച്‌ പാമ്പ്‌ മുളംകെട്ടിലേക്ക്‌ കയറിയാല്‍ വെള്ളത്തിലേക്ക്‌ ചാടി നീന്തി കരകയറണം എന്ന് അയാള്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ചൂണ്ടയിലെന്തോ കൊത്തി. ചരട്‌ വെള്ളത്തില്‍ ഒരു വരയിട്ട്‌ ഒഴുക്കിനെതിരെ ഓടി. പൊങ്ങായി ഇട്ടിരുന്ന തടിത്തണ്ട്‌ മുങ്ങാംകുഴിയിട്ടു പോയി. ചൂണ്ടയുടെ തണ്ട്‌ വെള്ളത്തിലേക്ക്‌ വളഞ്ഞുതാഴുമ്പോള്‍ കയത്തിലെ വെള്ളത്തില്‍ നേരേതാഴെ തന്റെ മുഖം നിഴലായ്‌ കണ്ടത്‌ മാത്തച്ചനെ ഭയപ്പെടുത്തി.

ചൂണ്ടവിഴുങ്ങിയത്‌ പാമ്പാണോ എന്ന് സംശയിക്കുമ്പോഴേക്കും തനിക്ക്‌ കാലുകള്‍ അനക്കാന്‍ പറ്റുന്നില്ലെന്നും ചൂണ്ടയില്‍ നിന്ന് കൈവിടുവിക്കാനാവുന്നില്ലെന്നും മാത്തച്ചനുതോന്നി.

ഇല്ലിക്കെട്ടിനുതാഴെ ചൂണ്ടയില്‍ കുരുങ്ങിയ വെളുത്ത നിഴലായി മലമ്പാമ്പ്‌ കുതിച്ചു നീന്തി. ഒഴുക്കിലേക്ക്‌ കൂപ്പുകുത്തുത്തുമ്പോള്‍ താഴെകയത്തില്‍ ഒരുപാടുജഡങ്ങള്‍ നിരയായി ഒഴുകിയിരുന്നത്‌ മാത്തച്ചനെ അത്ഭുതപ്പെടുത്തിയില്ല.

(Drwaing by Simi)

Advertisements

~ by Manu S Nair on August 28, 2007.

24 Responses to “ജഡം”

 1. ഇല്ലിക്കാടുകള്‍ക്കടുത്ത് പതിയെകൂടുകൂട്ടുന്ന മലമ്പാമ്പുകളെ ഭയപ്പെടാത്തവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌. പുതിയ കഥ.

  Dalyക്ക്‌ നന്ദി. ഒരു സംവാദതിനിടെ തന്ന ഒരു തീപ്പൊരിക്ക്. Dalì യ്ക്കും. ഊഹിക്കുക.

 2. സ്വയം സ്വന്തം ചൂണ്ടലില്‍ കുടുങ്ങിയ മാത്തച്ചന്റെ കഥ കൊള്ളാം.
  ഒരു സംശയം
  ലളിത മരിച്ചു കഴിഞ്ഞിട്ടാണോ ജഡമായത് അതൊ
  മരിക്കാന്‍ പോകുമ്പോഴോ?
  (‘ഇപ്പോള്‍ മരിക്കാന്‍ പോകുമ്പോഴും‘ അവള്‍ ഈരിഴയന്‍ തോര്‍ത്തിലായിരുന്നുന്നെങ്കില്‍ പ്രതികൂലമായ കാറ്റില്‍ ഒഴുക്കിനെതിരെ കയറിവരുന്ന ഓളങ്ങള്‍ തനിക്ക്‌ ഒരുപകാരം ചെയ്തിരുന്നേനെ എന്ന് അയാള്‍ ഓര്‍ക്കാതിരുന്നില്ല. )

 3. അയ്യോ.. അരാഷ്ട്രീയന്മാരെ മലമ്പാമ്പ് പിടിക്കും എന്ന് മനുവേട്ടന്‍ കഥയെഴുതിയിരിക്കുന്നു.:-)

  ഓടോ: നല്ല കഥ

 4. മനുവേ, കഥ കൊള്ളാം. നല്ല ഭാ‍ഷ. എന്നാലും മാത്തച്ചന്റെ ജീവിതം കണ്ട് കൊതി തോന്നുന്നു. മാത്തച്ചനിലഴുകിയ ഭാഗ്യമേ ഭാഗ്യം!

 5. കഥ ഇഷ്ടമായി മനൂ. മലമ്പാമ്പാണ്‌ താരം..

 6. നല്ല കഥ.

 7. Love the tone and style.

  (I dont totally agree with the theme/metaphor, though)

 8. മനു ,

  തുറന്നു പറയട്ടെ , മനുവിന്‍റ്റെ കഥ എപ്പോള്‍ വന്നാലും വളരെ താത്പര്യത്തോടെ വായിക്കാന്‍ തോന്നും എന്നാല്‍ തുറന്നു പറയട്ടെ എനിക്ക്‌ മുഴുവനായി ഉള്‍ക്കൊള്ളാന്‍ കഴിയാറില്ലെന്നതാണ്‌ നേര്‌ ,

  ( അപ്പോ പിന്ന്‌ എന്തിനു വായിക്കുന്നു എന്നു ചോദിക്കല്ലെ!) , തങ്കളുടെ കഥകള്‍ വായിക്കുമ്പോള്‍ ദുഖം തോന്നാറുണ്ട്‌ , എന്തെന്നോ മലയാളത്തിലെഴുതിയ എല്ലാം മനസ്സിലാക്കാന്‍ പറ്റില്ലെന്ന ദുഖം , ഒരു മോശപ്പെട്ട അനുവാചകനാവുന്നു ഞാന്‍ താങ്കളുടെ എഴുത്തു വായിക്കുമ്പോള്‍,കെറുവരുതേ! ,

  പറയതെ വയ്യ ശക്തിയുള്ള വല്ലാത്ത ഒരു ഭാഷയാണ്‌ താങ്കളുടെ! ,

 9. എഴുത്തിഷ്ടമായി… മനൂ
  നല്ല ഭാഷ…

 10. മനൂ ഇഷ്ടായി… കഥയും അത് പറഞ്ഞ രീതിയും.

 11. 🙂

 12. നല്ല കഥ, മനൂ.

 13. മനു… ചൂണ്ടയിട്ട് നല്ല പരിചയമാണെന്ന് തോന്നുന്നല്ലോ… ?

 14. നല്ല കഥ…. വ്യത്യസ്തമായ ശൈലിയില്‍‌ എഴുതിയിരിക്കുന്നു(എന്നത്തേയും പോലെ)
  🙂

 15. its very nice. i really enjoy reading your stories. keep it up.

 16. ചൂണ്ടയിലൂടെ മനു പറയുന്ന കഥ ഹൃദ്യമായിരിക്കുന്നു.നല്ല ഭാഷയും.:)

 17. അരാഷ്ടീയതയുടെ നിഷ്ക്രിയത തണലാ‍ണെന്ന് കരൂതൂന്നവര്‍ക്ക് മുന്നിലേയ്ക്കിട്ടു കൊടുത്ത മലമ്പാമ്പ് നന്നാ‍യിട്ടുണ്ട്.
  പക്ഷേ തന്റെ ചൂണ്ടയില്‍ താ‍ന്‍ തന്നെ കുരുങ്ങുന്ന മത്തച്ചന്മാര്‍ ഉണ്ടായിക്കൊണ്ടെയിരി‍ക്കും

 18. കഥ ഇഷ്ടായി മനൂ.. 🙂
  നന്ദിയോടെ..

 19. മനു, നന്നായെഴുതി. 🙂

 20. സനാതനാ 🙂 ആ റ്റെന്‍സ് തിരുത്തിയിരുന്നു : നന്ദി. പക്ഷെ ലളിത ജഡമായി എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ…

  ദില്‍ബാ… ആദ്യം ഞാന്‍ ഇട്ട കമന്റ് മറുമൊഴിയില്‍ കണ്ടൂല്ലേ.. നന്ദി.

  സിമി 🙂 മാത്തച്ചനെ ഇഷ്ടപ്പെടുന്ന ആളിനെ അട്ടയില്‍കണ്ടിരുന്നു. നമ്മളെന്തേ ഒരേ സമയത്ത് ഏതാണ്ടൊരുപോലെ?

  സാരംഗി 🙂

  മയൂര 🙂

  ദിവ ഏട്ടാ.. 🙂 മെറ്റഫര്‍ ഇഷ്ടമുണ്ടായിട്ടല്ല. ഒരു പരിധിവരെ എഴുതിത്തുടങ്ങിയാല്‍ പിന്നെ എഴുതിപ്പോകുന്നതാണ് എന്നതാണ് സത്യം.

  അഗ്രജന്‍ മാഷേ 🙂

  ഇത്തിരിമാഷേ 🙂

  സുനീഷ് 🙂

  ഇട്ടിമാളു 🙂 ഉവ്വ ഉവ്വ.. എനിക്കിട്ടു തന്നെ തരണം.

  ഗീത 🙂

  ശ്രീ 🙂

  ശ്രീഹരി 🙂

  വേണുവേട്ടാ 🙂

  ഡാലി നന്ദി വീണ്ടും. ഈ കഥ ഞാന്‍ വീണ്ടും എഴുതും എന്ന് എന്റെ മനസ്സ് പറയുന്നു. വേറെ ഒരു വഴിയില്‍

  നജീം 🙂

  പടിപ്പുര 🙂

  തറവാടി മാഷേ അവസാനമാക്കിയത് അല്പം ചിന്തിച്ച് നീട്ടിയെഴുതാനാണ്. ആദ്യം തന്നെ പറയട്ടെ – മാഷിന്റെ ദുഃഖം അതുപോലെ പങ്കുപറ്റുന്ന ആ‍ളാണ് ഞാന്‍. വിഷ്ണുമാഷ് ഇട്ട ഏതോ കവിതയില്‍..പിന്നെ ദേവസേനയുടെ അടുത്തകാലത്തെ ഒരു കവിതയില്‍ ഒക്കെ എഴുതിയ ആളിനൊപ്പം സഞ്ചരിക്കാന്‍ ആകാത്ത ദുഃഖം ഞാന്‍പങ്കുവച്ചിട്ടുണ്ട്. അവരുടെ കാര്യത്തില്‍ പ്രശ്നം എന്റേതായിരിക്കാമെങ്കിലും എന്റെ കഥകളുടെ കാര്യത്തില്‍ എന്റെ തന്നെ പ്രശ്നമാകാനാണ് കൂടുതല്‍ സാധ്യത. ഞാന്‍ പഠിക്കുന്നതല്ലേയുള്ളൂ എഴുതാന്‍ 🙂

  മറ്റൊന്നു കൂടി. ചെറുകഥ എഴുതുന്നതിനുപകരം മെറ്റഫറിലും അലഗ്ഗറിയിലും കേറേണ്ടിവരുന്നത് എഴുത്തുകാരന്റെ പരിമിതി തന്നെയാണ്. അക്കാര്യത്തില്‍ സംശയം വേണ്ട. മെറ്റഫറിന് ചിലസാഹചര്യങ്ങളില്‍ ഉള്ള ഗോപ്യമാ‍യ സംവേദനക്ഷമതയാണ് ഈ വഴി തിരഞ്ഞെടുക്കാനുള്ള കാരണം. പലപ്പോഴും അത് തിരിഞ്ഞുകടിക്കാറുണ്ടെന്ന് മാത്രം 😦

  ഈ പോസ്റ്റിന്റെ അര്‍ത്ഥത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചു എഴുതുന്ന കാര്യം ഞാന്‍ ആലോചിക്കുന്നുണ്ട്. പോസ്റ്റിനല്ല ആ വിഷയത്തിന് പ്രാധാന്യം ഉള്ളതുകൊണ്ട്. മിക്കവാറും എഴുതിയേക്കില്ല. എങ്കിലും Salvator Dalì നാര്‍ചിസിന്റെ രൂപാന്തരീകരണത്തെക്കുറിച്ച് വരച്ച Manu said this on August 31, 2007 at 9:16 am | Reply

 21. നല്ല കഥ.ഇതിനേക്കാളും ഇഷ്ടമായത് ഏറ് തന്നെയാണ് ,അവസാനത്തെ ഏറില്‍ എന്താണാവോ തകരുക എന്ന ഭീതിയിലാണ് കൂടുതലെഴുതാതെ അന്ന് വായിച്ചു എന്ന് മാത്രം കമന്റിയത്.

 22. അഞ്ചല്ല്ക്കാരന്റെ വാര്‍ക്കുറിപ്പുകളില്‍ ഇത് കണ്ടാണ് ഇവിടെയെത്തിയത്. ഇഷ്ടമായി മനൂ..

 23. aarum adhikam ky vekkatha prameyangal …kollam..ezhuthinte shyliyil mathre manu exist cheyyunnullu…athu manuvinte vijayamanu….

 24. നന്ദി വല്ല്യമ്മായി, അപ്പുവേട്ടാ ..

  സീമ 🙂 അപ്പോള്‍ ഞാന്‍ ഇപ്പോഴും അവിടെയുണ്ട്..അല്ലെ. ശൈലിയില്‍… അതില്‍ നിന്നുകൂടെ ഇറങ്ങാന്‍ പറ്റുമോന്ന് നോക്കട്ടെ. 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: