ഏറ്

കുന്നിന്‍ ചരിവിലെ പാറക്കെട്ടില്‍ നിന്ന് ചൂളംവിളി. ഷിബുവാണ്‌. വന്നിട്ടുണ്ട്‌ എന്ന അടയാളമാണ്‌. അമ്മ ചന്തയില്‍ നിന്ന് വരാന്‍ സമയമെടുക്കും. നന്നായി. ഷിബുവിന്റെ കൂടെ കൂടുന്നത്‌ അമ്മയ്ക്കിഷ്ടമല്ല. വായിനോക്കിച്ചെറുക്കന്‍ എന്നാണ്‌ അവന്റെ കാര്യം പറയുന്നതുതന്നെ.

ഷിബുവിനു സങ്കേതങ്ങള്‍ കണ്ടുപിടിക്കാന്‍ നല്ല കഴിവാണ്‌. ആറ്റരികിലെ ഇല്ലിക്കൂട്ടത്തിനുകീഴില്‍ നുഴഞ്ഞുകയറിയാല്‍ ഒരുകൂടാരം പോലെ ചൂണ്ടയിട്ടിരിക്കാന്‍ പറ്റിയസ്ഥലമുണ്ടെന്ന് കണ്ടുപിടിച്ചത്‌ അവനല്ലേ. മുളംകെട്ടിനിടക്കുകൂടെ സൂക്ഷിച്ചുനോക്കിയാല്‍ അടുത്തകടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ തുണിമാറുന്ന നീര്‍മരുതിയുടെ ചുവടും കാണാമത്രെ. മീന്‍ പിടിക്കാന്‍ അതിലും നല്ല്ല സ്ഥലം കിട്ടുമോ? അമ്മയറിയാതെ അവിടെയൊന്നു പോകണം.

പാറക്കെട്ടും ഇല്ലിക്കെട്ടുപോലെ തകര്‍പ്പന്‍ സങ്കേതമാണ്‌. പൂക്കാതെയും കായ്ക്കാതെയും പരന്നുപടര്‍ന്നു നില്‍ക്കുന്ന വയസ്സന്‍ പറങ്കിമാവിന്റെ തണലില്‍ പകല്‍ മുഴുവന്‍ ഒരു കാറ്റ്‌ വെയില്‍കൊള്ളാതെ കറങ്ങി നില്‍ക്കും. പറങ്കിമാവിനുതാഴെ പാറകള്‍ കൂടിച്ചേരുന്നിടത്ത്‌ ഗുഹപോലെയൊരിടമുണ്ട്‌. അവിടെ ഇരിക്കുന്നവരെ മറ്റാരും ശ്രദ്ധിക്കില്ല. പക്ഷെ താഴെ ആറ്റരികുവരെ കുന്നിഞ്ചരിവില്‍ നടക്കുന്നതെല്ലാം അവിടെയിരുന്നാല്‍ കാണാം.

അമ്മ വരുന്നതു കണ്ടാല്‍ പാറക്കെട്ടില്‍ നിന്നു നുഴഞ്ഞിറങ്ങി റബര്‍ തൈകള്‍ക്കിടയിലൂടെയോ നാട്ടുവഴിയിലൂടെയോ ഓടി, അമ്മ സാരിമാറാനെടുക്കുന്ന നേരംകൊണ്ട്‌ മുറ്റത്തെത്താം.

ഇല്ലിക്കാടും പാറക്കെട്ടും പോലെയാണ്‌ ഒരുകണക്കില്‍ ഷിബുവും. മുതിര്‍ന്നവര്‍ക്ക്‌ അവനെ ഇഷ്ടമല്ല. പിള്ളേര്‍ക്ക്‌ അവനെ പേടിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്‌. പക്ഷേ ആണ്‍കുട്ടികള്‍ രഹസ്യമായി അവന്റെ ആരാധകരാണ്‌. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവര്‍ അവന്റെ സങ്കേതങ്ങള്‍ അന്വേഷിച്ചുചെല്ലുന്നു.

വീടുപൂട്ടി നാട്ടുവഴിയിലേക്ക്‌ കയറുമ്പോള്‍ തൈമരങ്ങളുടെ ചില്ലയ്ക്കുമീതെ പറന്നുപോകുന്ന കരിങ്കല്‍ചീളുകണ്ടു. പറക്കുംതളികപോലെ കറങ്ങി, മഴവില്ലുപോലെ വായുവിലേക്കു വളഞ്ഞുകയറി ഒരുമാത്ര തങ്ങിനിന്ന് മറുപകുതിയിലേക്ക്‌ പറന്നിറങ്ങി പോകുന്ന കരിങ്കല്‍ ചീളുകള്‍ കല്ലുപുറപ്പെട്ട സ്ഥലത്ത്‌ ഷിബുവുണ്ട്‌ എന്നതിന്റെ തെറ്റാനാകാത്തസൂചനയാണ്‌.

തൊഴുത്തിലേക്ക്‌ തിരിഞ്ഞിരുന്ന് അടുക്കളയിലേക്ക്‌ നോക്കുന്ന കാക്കയെപ്പോലെ തല ചരിച്ചുപിടിച്ച്‌,കൈമുട്ട്‌ മൂക്കിനുനേരെ വരാന്‍തക്കവിധം കൈവളച്ചുപിടിച്ച്‌, ഒരു കണ്ണില്‍ വിരല്‍തുമ്പിലെകല്ലും മറുകണ്ണില്‍ ഉന്നവും കണ്ട്‌, ഷിബു നില്‍ക്കുന്നതു കണ്ടാല്‍ തന്നെ അവന്‍ വെറുതെ കല്ലെറിയുന്ന ഒരു കുട്ടിയല്ല ഒരു കലാകാരനാണെന്ന് മനസ്സിലാകും.

എത്ര ഉയരമുള്ള പുളിമരത്തില്‍ നിന്നും പുളി എറിഞ്ഞിടാന്‍, ഏത്‌ കണ്ണെത്താകൊമ്പില്‍ നിന്നും കണ്ണിമാങ്ങ എറിഞ്ഞുവീഴ്‌ത്താന്‍ അവനുള്ള കഴിവ്‌ ഒന്നുവേറേ തന്നെയാണ്‌.

സാധാരണ വഴിയില്‍ അവനെക്കണ്ടാല്‍ പേടിച്ച്‌ ‘ഉണ്ണ്യേട്ടാ ആ ഷിബു വരുന്നുണ്ട്‌ ഒന്ന് വേഗം നടന്നോളൂ’ എന്നുപറഞ്ഞ്‌ പിന്നിലൊളിക്കുന്ന രമ്യയാണ്‌ ഞെട്ടിച്ചുകളഞ്ഞത്‌. രാഘവച്ചാന്നാരുടെ നാട്ടുമാവില്‍ നിന്ന് മാങ്ങ എറിഞ്ഞിടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ നില്‍ക്കുമ്പോള്‍ കളിയാക്കിച്ചിരിച്ചു ഭയങ്കരി: ” ആ ഷിബുചേട്ടനാരുന്നെകില്‍ ഇപ്പോള്‍ എത്ര മാങ്ങകിട്ടീന്ന് ചോദിച്ചാല്‍ മതിയാരുന്നു…”. മാങ്ങയില്‍ കൊതിയുള്ള പെണ്‍പിള്ളേരെ വിശ്വസിക്കരുത്‌.

ഉന്നം ഒന്നും പ്രത്യേകിച്ചില്ലെങ്കില്‍ വായുവിലേക്ക്‌ അര്‍ദ്ധവൃത്താകൃതിയില്‍ പറന്നുപോകുന്ന പറക്കും തളികകളായിട്ടോ, ആറ്റിലെ വെള്ളത്തില്‍ ഒട്ടൊന്നുതൊട്ടും പിന്നെ ഉയര്‍ന്നും പറന്നകലുന്ന നീര്‍ക്കിളിയായോ അവന്‍ കല്ലിനെ മാറ്റിയെടുക്കുന്നു.

നാട്ടുവഴി കയറ്റം കയറിനിരപ്പാകുന്നിടത്താണ്‌ പാറക്കെട്ടിന്റെ തുടക്കം. പറങ്കിമാവ്‌ വലത്തുവശത്തെ ചരിവില്‍ അല്‍പ്പം താഴെയാണ്‌. പാറയിലേക്ക്‌ കയറുമ്പോള്‍ വീണ്ടും ചൂളം വിളി. ഒറ്റക്കിരുന്നു മടുത്തുകാണും. ഇന്നു മറ്റാരും വന്നിട്ടുണ്ടാവില്ല.

മറ്റാരുമില്ലെങ്കില്‍ അവന്‍ നാട്ടിലെ പെണ്ണുങ്ങളുടെ ഒളിച്ചുകളികളുടെ കഥകള്‍ പറയും. മുഖമൊന്നു കോട്ടി കക്കാന്‍ മുതല്‍കണ്ട കാക്കയെപ്പോലെ കള്ളച്ചിരിചിരിച്ച്‌ ഒരോരുത്തരുടെയും ചരിത്രവും ഭൂമിശാസ്ത്രവും അവന്‍ വിവരിക്കുന്നത്‌ കേട്ടിരിക്കാന്‍ ഒരു പ്രത്യേക രസമാണ്‌. പെണ്ണുങ്ങള്‍ അസത്തുകളാണ്‌. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.

പറങ്കിമാവിന്റെ താഴ്‌ന്ന ചില്ലയില്‍പിടിച്ചുവേണം താഴത്തെ നിരയിലുള്ള പാറയില്‍ ഇറങ്ങാന്‍. അവിടെയാണ്‌ ഗുഹ.

ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”

“അമ്മക്ക്‌ പനിയാണ്‌”. അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.

“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.

ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. “ഉം.. ഇനി വരില്ല.”

എന്തിനാണോ ആ പാവം രമണിയെ ഇങ്ങനെ തല്ലുന്നത്‌, അയാള്‍ക്ക്‌ വേണ്ടെങ്കില്‍ കളഞ്ഞിട്ടുപൊയ്ക്കൂടെ എന്ന് ഇന്നലെയും അമ്മ അരിശം കൊള്ളുന്നതുകേട്ടിരുന്നു. പോയെങ്കില്‍ നന്നായി.

ഷിബു കയ്യിലിരുന്ന കരിങ്കല്‍ ചീള്‌ വാശിയോടെ പാറയിലുരക്കുകയാണ്‌. “വന്നാല്‍ ഞാന്‍..” പകച്ച കണ്ണുമായി അവന്‍ പരതുന്നതുകണ്ടപ്പോള്‍ അയാള്‍ അരികിലിലെവിടെയോ ഉണ്ടെന്ന് തോന്നി. “…. എറിഞ്ഞു കൊല്ലും.” ഇല്ലിയുടെ ചില്ലയില്‍ നിന്നൊരുപൊന്മാന്‍ വെള്ളത്തിലേക്ക്‌ കൂപ്പുകുത്തുന്നതു പൊലെ കല്‍ച്ചീള്‌ താഴെയൊരു റബറിന്റെ ചുവട്ടിലേക്ക്‌ പാഞ്ഞുപോയി. ഒരു മരയോന്ത്‌ രണ്ടായി മുറിഞ്ഞ്‌ മണ്ണില്‍ വീണ്‌ പിടയുന്നു.

പറക്കാനൊരുങ്ങുന്ന പ്രാവിനെയും കാക്കയെയും വരെ അവന്‍ എറിഞ്ഞുവീഴ്‌ത്താറുണ്ട്‌. വായുവിലൊന്നു പിടഞ്ഞ്‌ നിലത്തുവീഴുന്ന കിളികളെ അടുത്തുചെന്ന് കാലുകൊണ്ടൊന്ന് ചവിട്ടി തിരിച്ചും മറിച്ചും നോക്കി ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിക്കും. പക്ഷെ ഇപ്പോള്‍ അവന്റെ മുഖം കണ്ടാല്‍ കരയുകയാണെന്നേ തോന്നൂ.

നീയിവിടിരിക്ക്‌ ഞാന്‍ വരാം എന്ന് വേഗം പറഞ്ഞ്‌ അവന്‍ എഴുന്നേല്‍ക്കുന്നത്‌ കരയുന്നത്‌ കാണാതിരിക്കാനാണോ? അല്ല. പാറയിറങ്ങി തോട്ടത്തിലേക്ക്‌ അവന്‍ വേഗത്തില്‍ നടക്കുന്ന ദിശയില്‍ ആളനക്കമുണ്ട്‌. ചെറിയൊരു കല്‍കെട്ടിന്റെ മറവില്‍ ആരോ പുല്ല്ലുവാരിക്കെട്ടുന്നു.

മറിയേടത്തിയാണ്‌. അവശന്‍ തോമാച്ചന്റെ ഭാര്യ. അവര്‍ക്ക്‌ ചില്ലറ സഹായം ഒക്കെ ചെയ്തുകൊടുക്കാറുണ്ട്‌ ഷിബു. തട്ടാനും മുട്ടാനും ഒക്കെ നിന്നുകൊടുക്കുമത്രേ പെണ്ണുമ്പിള്ള. പെണ്ണല്ലേ. വിശ്വസിക്കാന്‍ പറ്റില്ല.

പാറയുടെ ഇരുണ്ടമൂലക്ക്‌ എന്തൊക്കെയോ കൂട്ടിയിട്ടിട്ടുണ്ട്‌. ഗോലികള്‍. തോടുള്ള കശുവണ്ടി. കടിച്ചമാങ്ങ. ഒരു മാസിക. തുണിയഴിച്ച പെണ്ണുങ്ങളുടെ പടമുള്ള ചില പുസ്തകങ്ങള്‍ അവന്‍ കൊണ്ടുവരാറുണ്ട്‌. ഇതു പക്ഷേ വലിയ മാസികയാണ്‌. എടുത്തുനോക്കി. വനിത വാര്‍ഷികപ്പതിപ്പ്‌.

താഴെ ഷിബു മറിയേടത്തിക്ക്‌ പുല്ലുകെട്ട്‌ പിടിച്ച്‌ തലയില്‍ വച്ചുകൊടുക്കുന്നു. പാവം മറിയേടത്തിക്ക്ഗാസ്‌ കേറി വിലങ്ങിയെന്ന് തോന്നുന്നു. ഷിബു ചെറുതായി നെഞ്ച്‌ തടവിക്കൊടുക്കുന്നുണ്ട്‌. മറിയാച്ചേട്ടത്തിയുടെ മുഖത്ത്‌ ഗാസിന്റെ വേദനയും ചമ്മലുമുള്ള ചിരി. നാണംകെട്ട സ്ത്രീ. റോഡില്‍ വച്ചെങ്ങാനും ഷിബുവിനെ കണ്ടാല്‍ പരിചയം പോലും കാണിക്കില്ല.

വനിത വെറുതെ മറിച്ചുനോക്കിയിരുന്നു. ഷിബു കയറിവരുന്നുണ്ട്‌. മുഖത്ത്‌ പെണ്‍വിശേഷങ്ങള്‍ പറയുമ്പോള്‍ പതിവുള്ള കാക്കച്ചിരി. ഇനിയിപ്പോള്‍ മറിയേടത്തിയുടെ നെഞ്ചിടിപ്പിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.

വനിതയുടെ അവസാനതാളിലെ ഒരു സമ്മാനക്കൂപ്പണ്‍ കീറിയെടുത്തിരിക്കുന്നു. വെറുതെയല്ല ഒരു പരിചയം തോന്നിയത്‌. ഇത്‌ വീട്ടില്‍കിടന്നതാണല്ലോ. ഇതെങ്ങനെ ഇവിടെ വന്നു?

“ഇന്നലെ നിന്റെ അമ്മ തന്നതാണ്‌.” പറങ്കിമാവില്‍ ചാരിനിന്ന് ഷിബു പരിസരവീക്ഷണം നടത്തുന്നു. മുഖത്തെ ചോദ്യം കണ്ടിട്ടെന്ന പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു. “മീന്‍കറിക്ക്‌ മാങ്ങ പറിക്കാന്‍ ഇന്നലെ നിന്റമ്മ വിളിച്ചാരുന്നു”.

മാങ്ങപറിച്ചിട്ട്‌ കേറിവന്നപ്പോള്‍ മാസിക കണ്ടിട്ട്‌ ഇതെടുത്തോട്ടേ ചേച്ചീന്ന് ചോദിച്ചുകാണും. വായിച്ചു കഴിഞ്ഞതായതുകൊണ്ട്‌ കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞുകാണും അമ്മ. അതിന്‌ അവനെന്തിനാണ്‌ കാക്കച്ചിരി ചിരിക്കുന്നത്‌?

നിറയെ ഉറുമ്പുള്ള കിളിച്ചുണ്ടന്‍ മാവില്‍നിന്ന് മാങ്ങ എറിഞ്ഞുവേണം പറിക്കാന്‍. ഇവന്‍ ഏറിന്റെ ആശാനാണെന്ന് അമ്മയോട്‌ ആരുപറഞ്ഞോ ആവോ.

“നീ വരുന്നോ ഇല്ലിച്ചോട്ടില്‍ ചൂണ്ടയിടാന്‍..” പോകണമെന്ന് വിചാരിച്ചിരുന്നതാണ്‌. നീര്‍മരുതിയുടെ ചുവടൊന്നു കാണാമല്ലോ. ഇപ്പോള്‍ വേണ്ടെന്ന് തോന്നുന്നു.

“ഇല്ല. അമ്മയെങ്ങാനം അറിഞ്ഞാല്‍ ശരിയാവത്തില്ലെടാ..” അമ്മയറിയാനും ന്യായമുണ്ട്‌. കിണറ്റില്‍ വെള്ളംകുറവായതുകൊണ്ട്‌ തുണിയലക്കാന്‍ ചിലപ്പോള്‍ കടവില്‍ പോകും. കിണര്‍ ആഴം കൂട്ടാന്‍ ആളിനെ വിളിക്കണമെന്ന് പറഞ്ഞിട്ട്‌ രണ്ടുദിവസമായി. മടികാരണം പോയില്ല. ഇന്ന് പോകണം. കിണറ്റില്‍ വെള്ളമായാല്‍ പിന്നെ അമ്മ ആറ്റില്‍ പോകില്ല.

പാറയിലിന്ന് വല്ലാത്ത ചൂട്‌. ഒരിക്കലും ഇല്ലാത്തപോലെ. ഇവിടെ പതുങ്ങിനില്‍ക്കാറുള്ള കാറ്റെവിടെപ്പോയി.

ഷിബു പറങ്കിമാവില്‍ കയറിയിരുന്നു കാലാട്ടി ചൂളം വിളിക്കുന്നു. അവന്റെ വിഷമമെല്ലാം പോയതുപോലെ. മറിയേടത്തിയെക്കണ്ടപ്പോള്‍ രമണിയേടത്തിയെ മറന്നുകാണും. ദുഷ്ടന്‍.

അകലെയെങ്ങോ ഓട്ടോയുടെ മുരള്‍ച്ച കേള്‍ക്കുന്നില്ലേ? അമ്മ വരുന്നുണ്ടാവും. വീട്ടില്‍ പോയി ഇരിക്കാം.

“നീയെന്താ പൊവാണോ” മരക്കൊമ്പിലിരുന്ന് അവന്‍ എവിടെയോ ഉന്നം പിടിക്കുകയാണ്‌. പറങ്കിമാവിന്റെ കട്ടിയുള്ള ഒരു പൊളി ചിറകുവച്ച്‌ പറന്നുപോകുന്നു. ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഒരു പരന്ന കല്ല് തപ്പിയെടുത്ത്‌ ഉന്നം പിടിച്ചു. ഷിബു പിടിക്കാറുള്ളതു പോലെ കല്ലുപിടിച്ച്‌, ഒന്നം പിടിച്ച്‌ ഒറേറ്‌. വേണ്ടായിരുന്നു. ഉദ്ദേശിച്ചതിന്റെ പകുതിവഴിക്കെത്തിയുമില്ല, കറങ്ങിവേച്ചുപോയ കല്ല് ദിശതെറ്റി ഒരു റബറില്‍ ചെന്നു കൊണ്ട്‌ റബര്‍ പൊട്ടി പാലൊഴുകുന്നു.

മരക്കൊമ്പില്‍ നിന്ന് ഷിബുവിന്റെ പൊട്ടിച്ചിരി. “ടാ ..ഇങ്ങനെയാ എറിയുന്നതെങ്കില്‍ നീ ആ ചെട്ടിയാരുടെ കൊച്ചുമോളേ സ്ത്രീധനമില്ല്ലാതെ കെട്ടേണ്ടിവരും… “

അയ്യട ഒരു ഏറുവിദഗ്ദ്ധന്‍… അവന്റെ മോന്തനോക്കിയൊരു ഏറുകൊടുക്കാന്‍ തോന്നി.

താഴെ ഓട്ടോ വന്നു നില്‍ക്കുന്നു. അമ്മയാണ്‌. ഭാഗ്യം. ഇവിടുന്നു രക്ഷപെടാമാല്ലോ. അയലത്തെ മണിയങ്കിളിന്റെ ഓട്ടോയാണ്‌. അമ്മയും മണിയങ്കിളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കി വയ്ക്കുന്നു.

“ഇപ്പം അങ്ങോട്ട്‌ ഓടിപ്പോണ്ടട ചെറുക്കാ…പണിയാവും” അവന്റെ മുടിഞ്ഞ ചൂളമടി. അമ്മ തിരിഞ്ഞുനോക്കിയാല്‍ ഇവിടെ വന്ന് നില്‍ക്കുന്നത്‌ കാണും. പാറക്ക്‌ മറഞ്ഞു നിന്ന് നോക്കി. അമ്മയും മണിയങ്കിളും സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി വീട്ടിലേക്കിറങ്ങുന്നു.

ഷിബു വീട്ടിലേക്ക്‌ കാക്കക്കണ്ണിട്ടു നോക്കി ചിരിക്കുകയാണ്‌. അവനെ എറിഞ്ഞുവീഴ്തണം എന്ന് വീണ്ടും തോന്നി. പാറയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നുവിളി. “ടാ..പോണ്ടട… നിന്റച്ചനോ ഗല്‍ഫില്‍ … അവരിച്ചിരി കാര്യമൊക്കെ പറഞ്ഞിരിക്കട്ടെ ശല്യപ്പെടുത്തണ്ട…”

രമണിയേടത്തിയെ പറഞ്ഞുവിടടാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. റബറിനിടയിലൂടെ വേഗത്തില്‍ നടന്നു. അമ്മയെന്തിനാ ഇപ്പോള്‍ മണിയങ്കിളിനെ വീട്ടില്‍ കയറ്റുന്നത്‌.. ഓട്ടൊക്ക്‌ കൂലികൊടുത്ത്‌ പറഞ്ഞുവിട്ടാല്‍ പോരായിരുന്നോ?

പിന്നില്‍ നിന്ന് ചൂളം വിളി. കല്ലിന്റെ മുരള്‍ച്ച. ചെവിതൊട്ട്‌ ഒരു കല്ലു പറന്നു പോയോ? തിരിഞ്ഞു നോക്കുമ്പോള്‍ ചൂളംവിളിയും പറങ്കിമാവിന്റെ ചില്ലയില്‍ നിന്ന് അവന്റെ കാക്കച്ചിരിയും. തലക്കു മുകളിലൂടെ മറ്റൊരു കല്‍പക്ഷി പറന്നു പോകുന്ന മുരള്‍ച്ച. ജനലിന്റെ ചില്ലുടയുന്ന ശബ്ദമല്ലെ കേട്ടത്‌?

ഈശ്വരാ അമ്മയുടെ മുറിയാണ്‌ വഴിയുടെ നേരേതാഴെ. ആധിയെടുത്ത്‌ ഓടുമ്പോള്‍ പിന്നാലെ പറന്നു വരുന്ന കല്ലിന്റെ മുരള്‍ച്ച ശ്രദ്ധിക്കണമെന്ന് തോന്നിയില്ല.

Advertisements

~ by Manu S Nair on June 20, 2007.

53 Responses to “ഏറ്”

 1. ഗ്രാമങ്ങളിലെ ഇരുണ്ട ഒളിസങ്കേതങ്ങളെയും പറക്കുന്ന കല്ലുകളെയും കുറിച്ച്‌, തകര്‍ന്നുപോകുന്ന ചില്ലുകളെ കുറിച്ച്‌. പുതിയ പോസ്റ്റ്‌.

 2. മനൂ..
  വായിച്ചു.
  ഒപ്പ്.
  അപ്പു.

 3. മനു.. കാക്ക ഷിബുവിന്റെ ഏറിന്റെ മുരള്‍ച്ച കാതില്‍ മൂളുന്നുണ്ട്… വിവരണം കൊള്ളാം ട്ടൊ.. മുന്നില്‍ കാണുന്ന പോലെ… ആ കാക്കച്ചിരിയും ചൂളം വിളിയും

 4. മനു കഥ വളരെ നന്നായിരിക്കുന്നു.
  ഇട്ടിമാളു പറഞ്ഞ പോലെ എല്ലാ കഥാപാത്രങ്ങളും മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.

 5. എവിടെയോ ഈന്തപ്പഴത്തിനകത്തു എനിക്കു പാരവെച്ചെന്നോ അതു ചീറ്റി പോയെന്നോ ഒക്കെ കേട്ടല്ലോ.

  qw_er_ty

 6. ചാത്തനേറ്:

  എന്തോ ഒന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വിട്ടതാ അല്ലേ…ചിന്തകള്‍ കാടുകയറും മുന്‍പ് സ്ഥലം വിടട്ടേ അടുത്ത ബ്ലോഗിലേക്ക്.:)

 7. മനൂ…..

  കഥ നന്നായിരിക്കുന്നു, വിവരണവും…..

  പിന്നെ..തകര്‍ന്നുപ്പൊകുന്ന ചില്ലുകളും…

 8. ഉം…
  വായിച്ചു, ഇഷ്ടമായി…
  പക്ഷെ, എന്തൊക്കെയോ പോലെ… കല്‍ചീളിന്റെ മുരള്‍ച്ച കാതുകളില്‍… അതിന്റെ വല്ലായ്കയാവും… 🙂

 9. വായിച്ചു

 10. കഥ ഇഷ്ടമായി. ഷിബുവെന്ന, ഒരുപാട് ലോകവിവരമറിയുന്ന കൂട്ടുകാരനെ കണ്ടു.

 11. വായിച്ചിട്ട്‌ എന്തൊ ഒരു വല്ലായ്ക.. എഴുത്തിനു ജീവനുള്ളതിനാലാവും, അല്ലെ?

 12. മനു ,

  വായിച്ചു , വിവരണങ്ങള്‍ കൂടിയത് മടുപ്പുളവാക്കി , വായനാസുഖം കുറഞ്ഞു , തുറന്നു പറഞ്ഞതില്‍ കെറുവിക്കില്ലെന്നു കരുതട്ടെ. 🙂

 13. മനൂ നല്ല കഥ. ഡിങ്കനിഷ്ടായി 🙂

 14. പണ്ട് കമ്മത്ത് പറഞ്ഞപോലെ ‘എന്തോറ് ണീളം, എന്തോറ് ബീതി….എന്റെ തിറുമള്‍ ഭഗോതീ….’
  -പിന്നെ വന്ന് വായിക്കാം, ഇപ്പോ സമയല്യാണ്ടാ ട്ടാ, മനൂ!

 15. നന്നായി എഴുതിയിരിക്കുന്നു മനൂ…:)

 16. കൊള്ളാം മനു….
  കണ്‍ടിട്ടും കണ്‍ടില്ലെന്നു നടിക്കുന്നവരാണധികവും..

 17. മനു,
  കഥ ഇഷ്ടമായി.അതിലേറെ ഭാഷയും.:)

 18. കഥയെ കുറിച്ചു അഭിപ്രായം പറയാന്‍ വേണ്ടി വിവരമില്ല. അതു കൊണ്ട്‌ എനിക്ക്‌ ഇഷ്ടമായെന്നു മാത്രം പറയുന്നു. 🙂

  qw_er_ty

 19. മനൂ… നല്ല ഭാഷ…..ഇഷ്ടപ്പെട്ടു….

 20. മനു കഥ ഇഷ്ടായി. എന്തോ ഒരു വല്ലായ്മ ഷിബു ചില്ലുടച്ചപ്പോള്‍.

 21. മനോഹരമായ വിവരണം. നല്ല അവതരണം.
  പിന്നെ ചില ബിംബങ്ങളും, സങ്കല്‍പ്പങ്ങളും മനുഷ്യ സംസ്ക്കാരത്തിന്റെ അടിസ്താനശിലകളാണ്. അക്ഷരങ്ങള്‍ കൊണ്ടായാല്‍ക്കൂടി അവ ഭഞ്ജിക്കപ്പെടുബോള്‍ വല്ല്ലാതെ തോന്നും.

 22. മനു കഥ വായിച്ചു. ഇഷ്ടായി. ഇനി ഇടക്കിടെ ഈ വഴി വരുന്നുണ്ട് 🙂

 23. Only to Ashok.

  I just want to assure you that I have left enough indications in the story that will permit you to read it without being forced to break any inviolable ‘image’. The final breaking of that window may not necesaarily mean what you thought it to mean. (I am just saying that you are left with a few options with regard to characters other than Unni)

 24. qw_er_ty

  മനു,

  കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു, ടോണ്‍ മാറ്റിയതുള്‍പ്പെടെ.

  പക്ഷേ, obvious ആയ ഒരു ഗുണപാഠത്തിനപ്പുറം…. I am confused.

  regards,

 25. മനൂ കഥപറഞ്ഞ രീതി ഇഷ്ടമായി…

 26. മനു, പ്രതീക്ഷ തെറ്റിയില്ല. സുന്ദരമായി കഥ പറയാനറിയാം മനുവിന്.

  qw_er_ty

 27. ഇങ്ങനെ ഒരു കഥാതന്തു മനസ്സില്‍ രൂപപ്പെടുമ്പോള്‍ തികച്ചും ഭയമുണ്ടായിരുന്നു: ഇത് പറഞ്ഞുപിടിപ്പിക്കാനുള്ള കയ്യടക്കം എനിക്കുണ്ടോ എന്ന്. എന്റെ ഭയം കാരണരഹിതമല്ലായിരുന്നു എന്ന് കാണിച്ചുതരുന്നു പല കമന്റുകളും..ഏറ്റവും വ്യക്തമായി പറഞ്ഞത് തറവാടി മാഷാണ്. (പിന്നെ അപ്പുവേട്ടന്‍ വല്യമ്മായി…നന്ദിയേയുള്ളു..വിമര്‍ശിക്കുന്നതില്‍. ഞാന്‍ കഥ എന്ന സങ്കേതം ജീവിതത്തില്‍ ആദ്യം പരീക്ഷിക്കുന്നത് കഴിഞ്ഞ ഏപ്രിലില്‍ ആണെന്ന് മാത്രം ഓ ര്‍ത്ത് തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കുക.

  പക്ഷേ ഒരുപാടുതെറ്റുപറ്റിയില്ല എന്ന ആശ്വസം തരുന്ന കമന്റുകളാണ് ഏറെയും കണ്ടത്. അതിനും നന്ദി.

  അസ്വസ്ഥത അറിയിച്ചവര്‍ക്ക് പ്രത്യേക നന്ദിയുണ്ട്. കഥ ഒരു പരിധി വരെയെങ്കിലും വിജയിച്ചു എന്നതിന്റെ വ്യക്തമായ സൂചന തരുന്നു അത്തരം കമന്റുകള്‍. ആ കല്ലിന്റെ മൂളല്‍ എന്റെയും സ്വസ്ഥത കെടുത്തുന്നുണ്ട്. സമാനഹൃദയാ നിനക്കായ് പാടുന്നേന്‍…..

  അശോകിനായി ഇംഗ്ലീഷിലിട്ട ഒരു കുറിപ്പ് അല്പം ഒന്നു വിശദമാക്കിക്കോട്ടേ. കഥയുടെ കഥ!!! (അലമ്പാതിരിക്കാന്‍ ശ്രമിക്കാം . ഇന്നലെ ഒരു ശ്രമം നടത്തി എട്ടുനിലയില്‍ പാളിയ ഒരു കമന്റ് ഞാന്‍ ഡിലീറ്റിയതാണ്.)

  ഉണ്ണി എന്ന കുട്ടിയുടെ മനസ്സിലൂടെയല്ലേ കഥ നീങ്ങുന്നത്. ഗ്രാമത്തിലെ ഇരുളിടങ്ങളുടെ ഉടയവനായ ഷിബുവുമായി നടക്കുന്ന ഒരു കൂടിക്കാഴ്ച്ചയില്‍ ഉണ്ണി അനുഭവിക്കുന്ന trauma/transformation or traumatic transformation ആണ് കഥയുടെ വിഷയം. ഉണ്ണിയുടെ മനസ്സിനുപുറത്തു നടക്കുന്നതിനെക്കുറിച്ച് കഥാകൃത്തിന് അറിവോ മുന്‍‌വിധികളോ ഇല്ല. ഇനിയും മനസ്സിലായില്ലെങ്കില്‍ കഥക്ക് തൊട്ടുമുന്‍പുള്ള ദിവസം എന്തു നടന്നു എന്നുള്ളതിനെ സംബന്ധിച്ച് ഉണ്ണിക്കുള്ളത് വിഹ്വലമായ ചില സംശയങ്ങള്‍ മാത്രമാണ്… ആ സംശയങ്ങള്‍ മാത്രമേ കഥയുടെ വിഷയമാകുന്നുള്ളൂ. ആ സംശയങ്ങളുടെ ശരിയോ തെറ്റോ കഥയുടെ വിഷയമല്ല. വായനയുടെ ഭാഗമാവണമെന്ന് നിര്‍ബന്ധവുമില്ല.

  ഇനീം മനസ്സിലായില്ലെങ്കില്‍… ഉണ്ണീടെ അമ്മയെക്കുറിച്ച് ഒരു വിധിപറയാതെ തന്നെ കഥ വായിക്കാന്‍ കഴിയുംന്ന്….. ഇനീം വല്ലോം പറഞ്ഞാല്‍ എന്റെ കണ്ട്രോള്‍ വിടും……

  എല്ലാവരോടും നന്ദീണ്ട്ട്ടാ…ഇനി പിന്നെകാണാം.

 28. മനു:) അസ്സലായി കഥപറഞ്ഞിരിക്കുന്നു,
  ആസ്വദിച്ചുതന്നെ വായിച്ചു.
  അവസാന്‍ എന്തോ ഒന്ന് വന്നുകൊണ്ട് എന്നത് സത്യം അത് പലരും പറഞ്ഞതുപോലെ എഴുത്തിന്റെ കറങ്ങി മൂളിപ്പോകുന്ന കല്‍ച്ചീളാകാം!!

 29. Kadha nannayi manu………….
  Pala bandhangalum……allenkil.bimbangalum, thakarnnu pokunnathu naamariyathe aayirikkum…….
  Chilathokke njan ariyaathirunnenkil ennasichu pokaarundu palappozhum…….

  nalla kayyadakkam……….

  parayanullathu kaachi…kurucki parayan kazhiyanam…….
  ella bhhavugangalum
  oppu.
  Sheeba

 30. manassil udakki karangi pokunna aa kallu…………..absolutely haunting………
  kadhayude peru ” kallu” ennayirunnenkil…….veruthe oru aasha…..

 31. അതിമനോഹരമായ കഥ. ഈയടുത്ത് വായിച്ചതില്‍ വെച്ച് ഏറ്റവും മനസ്സിനെ സ്പര്‍ശിച്ചത്. അഭിനന്ദനങ്ങള്‍!

 32. നല്ല ഭാഷ, അവതരണം, ശൈലി
  കഥ ഇഷ്ടപ്പെട്ടു..

 33. പൊള്ളുന്ന ഒരു വിഷയത്തെ സമറ്ത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു.
  ആശംസകള്‍.:)

 34. ഈ കഥ വളരെ ഇഷ്ടമായി.

 35. പമ്മനു മരണമില്ല എന്നു മനസിലായി

 36. velluvanadan said…
  പമ്മനു മരണമില്ല എന്നു മനസിലായി

  ഈശോയേ !!! അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കൂടെ ഈ സന്തോഷവാര്‍ത്ത അറിയിക്കണ്ടായോ… വെഷമിച്ചിരിക്കുവായിരിക്കും അല്യോ???

  ഓഫ്. കമന്റ് ഈ വഴിക്കൊക്കെ പ്രതീക്ഷിച്ചുതന്നെയാണിരുന്നത്. എന്നാലും ആ IP കണ്ടപ്പോള്‍ ഒരു ഞെട്ടല്‍..

 37. മനു പമ്മന്‍ ഒരു നല്ല എഴുതുകരനായിരുന്നു,Comment on good faith, “IP” ഹി ഹി ഹി, കൊല്ലകുടിയിലെ മുയലിനെ….

 38. മനൂ…ഇപ്പഴാണിത് കണ്ടത്…

  കരിങ്കല്‍ ചീളിന്റെ ശീല്‍ക്കാരം ചങ്കിലേക്കാണ് കേറിയത്…
  അത് കഥാകാരന്റെ വിജയം തന്നെയാണ്…

 39. മനുച്ചേട്ടാ….
  കുറച്ചു വലുതാണെങ്കിലും നല്ല കഥ…
  നേരില്‍‌ കാണുന്ന അനുഭവം!
  🙂

 40. കഥ നന്നായിട്ടുണ്ടു.
  എഴുത്തിനു ഭംഗിയും, വായിക്കുന്നവരെ പിടിച്ചിരുത്തുവാന്‍ പോന്ന ശക്തിയും ഉണ്ടു.
  പക്ഷേ, സ്ത്രീകളെക്കുറിച്ചുള്ള ചിന്താഗതി കുറച്ച് കൂടി പോസിറ്റീവ് വശത്തേക്ക് മാറ്റണം. കഥയിലും കാര്യത്തിലും.
  സ്നേഹപൂര്‍വ്വം.

 41. ദേവസേനയിവിടെ വന്നതു തന്നെ വലിയ സന്തോഷമാണെനിക്ക്. നന്നയി എന്നൊരഭിപ്രായം വലിയ അഭിമാനവും. പക്ഷേ ഞാന്‍ എഴുതിയത് തെറ്റിദ്ധരിച്ചോ എന്ന് പേടിയുണ്ട്. ഒരു ചെറിയ സൂചന തരാം. അനോണികമന്റുകളുമായി ബന്ധപ്പെട്ട വിവാദം കൊഴുത്ത ഒരുസമയത്താണ് ഞാന്‍ ചില പഴയകാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. ഒരു കള്ളപ്പേരിന്റെ ഇരുളില്‍ ഒളിച്ചിരുന്ന് കാക്കച്ചിരി ചിരിച്ച് ‘ഞരമ്പ്’ കമന്റിടുന്ന ഒരു അനോണിയെ ഓര്‍ത്തുനോക്കൂ. നാട്ടിന്‍പുറങ്ങളില്‍ പണ്ടെങ്കിലും ഉണ്ടായിരുന്ന ഒളിഞ്ഞുനോട്ടത്തിന്റെയും അപവാദങ്ങളുടെയും വേറെ ഒരു പതിപ്പാണത്. അശ്ലീലം അശ്ലീലമായിവരുന്നത് സ്വന്തം അമ്മയെയോ പെങ്ങളെയോ തൊടുമ്പോഴാണ് എന്ന് തിരിച്ചറിയുന്ന ആണിന്റെ കഥയല്ലേ ഇത്? ( ഉണ്ണിയുടെ അമ്മയെക്കുറിച്ച് ഒരു വിധിപറയാതെ തന്നെ ഈ കഥ വായിക്കാനാവും എന്ന് ഞാന്‍ ഒരു കുറിപ്പിട്ടിരുന്നു… അവര്‍ക്കെന്ത് സംഭവിച്ചു അവര്‍ എന്തുചെയ്തു എന്ന് ഞാന്‍ പറഞ്ഞതേയില്ലല്ലോ… അതോ ഷിബുവിന്റെ അഭിപ്രായങ്ങള്‍ എന്റെ അഭിപ്രായമായി വായിച്ചുവോ?)

 42. വന്ന വന്ന് മര്യാദയ്ക്ക് ഒരു കഥ എഴുതാന്‍ വയ്യതായോ ദൈവമേ. മനുവേട്ടാ you don’t owe anybody any explanation.

 43. വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി. മുന്‍പത്തെപോസ്റ്റില്‍ ചില അഭിപ്രായങ്ങള്‍ക്കു മാത്രം നന്ദിപറഞിരുന്നതുകൊണ്ട് എല്ലാവരെയും പേരെടുത്തു പറഞ്ഞിരുന്നില്ല. ഒരുപാട് പേര്‍ ആദ്യം വന്നവരുണ്ട്. സന്തോഷം വീണ്ടും വരിക….

  അപ്പുവേട്ടന്‍, ഇട്ടിമാളു, ആഷ, കുട്ടിച്ചാത്തന്‍, കിച്ചു, ഹരി, വല്യമ്മായി, സു, domy, തറവാടി, ഡിങ്കന്‍, കൈതമുള്ള്, ലാപുഡ, ഷംസ്, മുരളി മാഷ്, സതീശേട്ടന്‍, അശോക്, കുറുമാന്‍ ജി, ദിവചേട്ടായി, ഇത്തിരിവെട്ടം, ഹരിയേട്ടന്‍, ശിശു, ഷീബ, ദില്‍ബന്‍സ്, അംബി, പ്രമോദ്, രേഷ്മ, വെള്ളുവനാടന്‍, സാന്‍ഡോസ്, ശ്രീ, ദേവസേന….എല്ലാവര്‍ക്കും നന്ദി.

  ദില്‍ബനോട് ഒരു ഓഫ്. ഞാന്‍ ജെനറലി ഒരു ആണ്‍പക്ഷ മൂരാച്ചിആയതുകൊണ്ട് (no regrets) പഴയ കമന്റുകളുടെ ഒക്കെ പശ്ചാത്തലം കാണും ദേവസേനയുടെ കമന്റിന്.

  എനിക്ക് മനസ്സിലാകാത്തത് ഒന്നേയുള്ളു…ഇക്കഥയെക്കുറിച്ചോ ഇവിടെ വന്ന കമന്റുകളെ കുറിച്ചോ അല്ല, പൊതുവില്‍. പെണ്ണുങ്ങള്‍ പെണ്‍‌പക്ഷം എഴുതുന്നത് എനിക്ക് മനസ്സിലാക്കാനും അംഗീകരിക്കാനാവും. അതേ അനുഭവങ്ങള്‍ക്ക് ഒരു ആണ്‍പക്ഷം ഉണ്ടാവുമെന്ന് മനസ്സിലാവില്ലേ ഈ ‘പെണ്‍‌പക്ഷി’കള്‍ക്ക്? ( repeat. not in refernce to devasena. cuz it is a while that I see such kind of classist comment wars. പെരിങ്ങോടന്റെ ഖകം നിലവിളിക്കുന്നതു എനിക്കിപ്പോഴും കേള്‍ക്കാം..അതൊരു ‘ആണ്‍പക്ഷി’ അല്ലാതിരിന്നിട്ട് കൂടി. for the merit of devasena she has kept herself above such discussions so far. )

 44. മനുച്ചേട്ടാ..കഥ വളരെ നന്നായിരിക്കുന്നു.. 🙂

 45. nalla story!u told it in right way…vayichu kazhiyumbozhekkum aswasthathayundakkunna oru katha..aa katha thandu enikkishtayi…aa kallinte muralcha symbolic aayi vannathu pole…ariyathe oru gunapadavum kondu vannirikkunnu..nattin puram nanmakal samridham ennanu chollengilum athil nammal kanathe pokunna allengil kandalum kandillennu nadikkanishtappedunna oru mughamthine purathu konduvaran shibuvilude kazhinjath kathayude vijayamanu…pretty work..!

 46. കഥാപാത്രങ്ങള്‍ കണ്മുന്നില്‍ വന്നതുപോലെ..
  നന്നായി മനൂ…

 47. മനുവേ കഥ വായിക്കുവാന്‍ വൈകി. പക്ഷെ വായന നല്ല അനുഭവമായിരുന്നു. മറിയം കഥകളില്‍ പരീക്ഷിക്കുന്ന ക്രാഫ്റ്റ് ശ്രദ്ധിച്ചിട്ടുണ്ടോ? ആ തരത്തില്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ മലയാളത്തിലെ മികച്ച കഥകളിലൊന്നാവുമായിരുന്നു ഇത്.

 48. കഥ ഇഷ്ടപ്പെട്ടു, മനൂ. വാചകങ്ങളില്‍ പിശുക്കു കാട്ടി ഒന്നു കൂടി കയ്യടക്കമാവാമായിരുന്നു എന്ന തോന്നല്‍ ബാക്കി. എന്നാലും വളരെ നല്ല വായന.

 49. മനു വായിക്കാന്‍ വൈകി. നന്നായിരിക്കുന്നു.

 50. അന്ന സീമ വാണി സന്തോഷേട്ടന്‍ കണ്ണൂസേട്ടന്‍ എല്ലാവര്‍ക്കും നന്ദി. ഉറങ്ങിക്കീടന്ന ഈ പോസ്റ്റിനെ ഉണര്‍ത്തിയ ഡാലിക്ക് പ്രത്യേകം നന്ദി..

  രാജ്, വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദിയുണ്ട്. കഥയെഴുതാന്‍ തുടങ്ങിയത് വളരെ യാദൃശ്ചികമായാണ്. കവിതയോടുള്ള ഇഷ്ടം പാടാനറിയാത്തവന്‍ മൂളിപ്പാട്ടുപാടുന്നതുപോലെ കുത്തിക്കുറിക്കുന്നതില്‍ ഒതുങ്ങുന്നു. ജീവിതാനുഭവങ്ങള്‍ നേരേയെഴുതാനുള്ള അടുപ്പവും ആത്മാര്‍ത്ഥതയും ബ്ലൊഗിനോട് തോന്നിയിട്ടീല്ല. ഉള്ളിലുള്ള ഭാഷയെങ്കിലും മറന്നുപോകാതിരിക്കാന്‍ അല്പം പ്രതികരണവും തിരുത്തലും കിട്ടുന്ന ഔട്‌ലെറ്റ് ..ഇത്രയേ ഉദ്ദേശിച്ചുള്ളു ബ്ലോഗിംഗ് തുടങ്ങുമ്പോള്‍. പഠനം തന്നെ കട്ടിയായതുകൊണ്ട് ഗൌരവമായതൊന്നും എഴുതി ബൂലോഗ സമ്മര്‍ദ്ധം വലിച്ചു തലയില്‍ കയറ്റരുത് എന്ന് ആദ്യമെ തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് കഥയില്‍ എത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ എഴുത്ത് ഗൌരവമായി എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ക്രാഫ്റ്റിലേക്കൊന്നും കാര്യമായി ശ്രദ്ധിച്ചിട്ടുമില്ല.

  ഒരുതരത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞദശകത്തില്‍ മലയാളത്തില്‍ സംഭവിച്ചതൊന്നും എനിക്കറിയില്ല. വായന നന്നെ കുറവ്. വിഷ്ണുമാഷ് തന്ന ലതീഷിന്റെ ഒരു കഥ വായിച്ചത് ഞെട്ടലോടെയാണ്. ബ്ലൊഗിലും അല്ലാതെയും നെറ്റില്‍ കിട്ടുന്ന രചനകള്‍ ഇപ്പോള്‍ കൊതിയോടെ വായിക്കുന്നുണ്ട്. എഴുത്ത് മെച്ചമാകുമായിരിക്കും. മറിയത്തെക്കുറിച്ച് ഒന്നുരണ്ടുതവണ കേട്ടിരുന്നു. ഞാന്‍ വരുമ്പോഴേക്കും ആള്‍ മറഞ്ഞിരുന്നതുകൊണ്ട് ശ്രദ്ധിച്ചില്ല. ഇന്ന് ഒരുപാട് പാടുപെട്ട് ഒരു ലിങ്ക് സംഘടിപ്പിച്ചു. വായിക്കുന്നുണ്ട്. നന്ദി.

 51. പ്രിയ മനു

  അതിമനോഹരമായിരിക്കുന്നു ഈ കഥ.
  കുട്ടിക്കാലത്തിന്റെ അപക്വമായ അറിവും, ആശങ്കകളും, ആകുലതകളും, അസൂയയും വളരെ ഹൃദയ സ്പര്‍ശിയായി മനു ചാലിച്ചു ചേര്‍ത്തിരിക്കുന്നു.
  ചിത്രകാരന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍….
  കൂടെ മനുവിനും കുടുംബത്തിനും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ ഓണാശംസകളും!!!!!!!

 52. ഇതിപ്പഴാ കാണുന്നത്. മനോഹരം

 53. ഇതു കൊള്ളാം.സൂക്ഷിച്ചു കൈകാര്യം ചെയ്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
%d bloggers like this: