സാക്ഷി

കവലയിലെ ഏക ഇരുനിലക്കെട്ടിടം മുത്തുവിന്റെ തുന്നല്‍ക്കടയായിരുന്നു. രണ്ടാം നിലയിലെ ഓടുമേഞ്ഞ ഒറ്റമുറിയായിരുന്നു മുത്തുവിന്റെ അടുക്കളയും കിടപ്പുമുറിയും.

നാട്ടുവഴി നഗരത്തിലേക്കു നോക്കി തൊണ്ണൂറൂഡിഗ്രിയില്‍ തിരിയുന്ന കോണിലെ ചായക്കടയടച്ച്‌ രാഘവേട്ടന്‍ പോയിക്കഴിഞ്ഞാല്‍ തൊട്ടരികില്‍ വീടുകളില്ലാത്ത കവലയില്‍ മുത്തു ഒറ്റക്കാകും. കവലയുടെ കാവല്‍ക്കാരന്‍.

ഒറ്റക്കും പെട്ടക്കും നഗരത്തില്‍ നിന്നുമടങ്ങുന്ന രാത്രിയാത്രക്കാര്‍ക്ക്‌ മുത്തുവിന്റെ മുറിയുടെ ഒറ്റജനാലയില്‍ പാതിരാ കഴിയുവോളം നിഴലാട്ടം കാണാം.

വേനല്‍ച്ചൂടുള്ള ഒരു രാത്രിയില്‍ റോഡിലേക്ക്‌ തിരിച്ചിട്ട കസേരയില്‍ സിനിമാമാസികയുടെ താളുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കാറ്റിന്റെ കുളിരും ചികഞ്ഞെടുത്തിരിക്കുമ്പോഴാണ്‌ മുത്തു ആ കാഴ്ചകണ്ടത്‌. രാഘവേട്ടന്റെ ചായക്കടയുടെ വരാന്തയില്‍ വഴിവിളക്കിലെ വെളിച്ചം നെടുകെ മുറിച്ച ഇരുളില്‍ നിന്നും രണ്ട്‌ പാദങ്ങള്‍ നീണ്ടുകിടക്കുന്നു.

വെളിച്ചം വഴിയിലൂടെ തൊണ്ണൂറൂഡിഗ്രിയില്‍ തിരിഞ്ഞ്‌ നഗരത്തിലേക്ക്‌ പോകാതെ കവലയില്‍ തന്നെ പതറിനില്‍ക്കുന്നതു കൊണ്ട്‌ വളവിനപ്പുറത്തെ വരാന്തയില്‍ കിടക്കുന്ന ആ പാദങ്ങളുടെ അവകാശിയെ മുത്തുവിന്‌ കാണാന്‍ കഴിഞ്ഞില്ല.

കണാരേട്ടനായിരിക്കുമോ? അല്ല. മദ്യപിച്ചാല്‍ കിടക്കേണ്ടത്‌ വഴിയിലാണ്‌ കടത്തിണ്ണയിലല്ല എന്ന്‌ കണാരേട്ടനറിയാം.

വെളിച്ചം വഴിതിരിഞ്ഞാല്‍ പോലും രാഘവേട്ടന്റെ വരാന്തയില്‍ ഭിത്തിചേര്‍ന്നു കിടക്കുന്ന ഒരാളെ മുത്തുവിന്റെ ജനാലയില്‍ നിന്ന് കാണാന്‍ പ്രയാസമാണ്‌. റ്റോര്‍ച്ചെടുത്ത്‌ ഒന്നു പരിശോധിക്കാനുള്ള ആഗ്രഹം മാറ്റിവച്ച്‌ മുത്തു മുഖം ജനലഴിയില്‍ ചേര്‍ത്ത്‌ സൂക്ഷിച്ചുനോക്കി. പാദങ്ങള്‍ക്കപ്പുറം രണ്ട്‌ കണങ്കാലുകളുടെ തുടക്കം. ഒരു സ്ത്രീയുടെപോലെയുള്ള കണങ്കാലുകള്‍.

അത്‌ മുഖത്തൊക്കെ വര്‍ഷങ്ങള്‍ ചിത്രം വരച്ച, വരണ്ട വയല്‍പോലെ മുഖവും ഉണങ്ങിയ തടാകം പോലെ കണ്ണുകളും ഉള്ള, ഒരു സ്ത്രീ ആയിരിക്കുമോ? ഇളം പ്രായത്തില്‍ കൈവിട്ടു പോയ മകനെത്തേടി വഴിയോരങ്ങളില്‍ അലയുന്ന ഒരു അമ്മയെ ദേവീതീയറ്ററിലെ മാറ്റിനിപ്പടത്തില്‍ കണ്ടനാള്‍ മുതല്‍ അതായിരുന്നു മുത്തുവിന്റെ മനസ്സിലെ അമ്മയുടെ മുഖം.

പടിയിറങ്ങി റോഡുമുറിച്ചുകടന്ന്‌ ആരാണതെന്ന്‌ നോക്കണമെന്ന്‌ മുത്തുവിനു തോന്നി. വെറുതെ. മുഖമൊന്നു കാണാമല്ലോ.

എഴുനേല്‍ക്കുമ്പോള്‍ അരുതെന്ന്‌ മനസ്സു പറഞ്ഞു. അതൊരു ചെറുപ്പക്കാരിയാണെങ്കിലോ? അവള്‍ നിലവിളിച്ചാലോ? രാഘവേട്ടന്റെ വീടു ദൂരെയാണെങ്കിലും രാത്രിയില്‍ കവലയില്‍ ആരെങ്കിലും ഒച്ചയെടുത്താല്‍ മൂപ്പര്‍ റ്റോര്‍ച്ചും തെളിച്ചെത്തും. എന്തു പറയും?

ജനാലയോട്‌ ചേര്‍ന്ന്‌ നിന്ന്‌ വീണ്ടും നോക്കി. അരണ്ടവെളിച്ചത്തില്‍ കാല്‍വണ്ണകള്‍ക്ക്‌ നല്ല മിനുസമുള്ളതുപോലെ. അതൊരു ചെറുപ്പക്കാരി ആയിരിക്കണം. കാറ്റില്‍ ജമന്തിപ്പൂക്കളുടെ മണമുണ്ടോ?

മുന്‍പൊക്കെ ചിലവൈകുന്നേരങ്ങളില്‍ ജമന്തിപ്പൂക്കളുടെ മണം തേടി മുത്തു നഗരത്തില്‍ പോകുമായിരുന്നു. ഒരിക്കല്‍ ലോഡ്ജ്‌ മുറിയിലെ വിയര്‍പ്പ്‌ നാറുന്ന ഇരുട്ടില്‍ വിരലുകള്‍കൊണ്ട്‌ പൂമ്പൊടി തിരയുമ്പോള്‍ പൂവ്‌ പറഞ്ഞു: “ഞെക്കിപ്പിഴിഞ്ഞ്‌ കളേണ്ട.. ന്റ കുട്ടിക്ക്‌ കുടിക്കാന്‌‍ള്ളതാ”.

കൈത്തലങ്ങളില്‍ നനഞ്ഞൂറിയത്‌ വിയര്‍പ്പല്ല മുലപ്പാലാണെന്നറിഞ്ഞപ്പോള്‍ മുത്തു ഞെട്ടി കൈവലിച്ചു. കൈപ്പുള്ള ഹാസ്യത്തില്‍ അവള്‍ ചിരിച്ചു. “ന്തേ.. നിക്കൊരു മോനുണ്ട്‌.. ആറുമാസം”

അതിനുശേഷം മുത്തു ജമന്തിപ്പൂക്കളെ വേദനയോടെ ദൂരെനിന്നു മാത്രം നോക്കാന്‍ ശീലിച്ചു.

ഇവളുടെയും മാറൊട്ടി ഉറങ്ങുന്നുണ്ടാവും ഒരു കുരുന്ന്‌. തെരുവുനായക്കളുടെ ബഹളം കൊണ്ട്‌ പുലര്‍ച്ചെ ഉറങ്ങാനാകാറില്ല മുത്തുവിന്‌… ഈശ്വരാ…

കസേരയില്‍ നിന്ന്‌ പിടഞ്ഞെഴുന്നേറ്റ്‌ തലയിണയുടെ അടിയില്‍ നിന്ന്‌ റ്റോര്‍ച്ചെടുക്കുമ്പോള്‍ മുത്തുവിനു സ്വന്തം വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിവന്നു. അതൊരു പെണ്ണാണെന്നുപോലും നിശ്ഛയമില്ല. പിന്നല്ലേ കുഞ്ഞ്‌?

അത്‌ ആരാണെങ്കിലും തനിക്കെന്ത്‌? ഈ കവല തനിക്കും ഒരു താവളം. ഇരുപതുവര്‍ഷം നീണ്ട അഭയം നാട്ടുകാരുടെ നന്മ.

തിരികെ കസേരയില്‍ ഇരിക്കുമ്പോള്‍ ഒന്നുകൂടി നോക്കാതിരിക്കാനായില്ല. ആ കാലുകള്‍ അനങ്ങുന്നില്ലല്ലോ. മരിച്ചതാണോ? കടത്തിണ്ണയില്‍ ഉറങ്ങുന്നവരെ തലയില്‍ കല്ലിട്ടുകൊല്ലുന്ന ഒരു കൊലയാളി നഗരത്തില്‍ ഒരു കൊലനടത്തിയെന്ന്‌ ചായക്കടയില്‍ കഴിഞ്ഞ ആഴ്ച ആരോ പറയുന്നത്‌ കേട്ടു.

മുത്തുവിന്‌ വല്ലാതെ ദേഷ്യം വന്നു. ഇതിനൊക്കെ മറ്റുവല്ലയിടത്തും പോയി കിടന്നു കൂടേ? ഇനി ഇവിടെവല്ലതും സംഭവിച്ചാല്‍ പോലീസായി, കേസായി.

പന്നിമലത്തി കാശുപോയ വാശിക്ക്‌ കോളനിയിലെ രാജന്‍ അവന്റെ അളിയനെ രാത്രിയില്‍ കവലയിലിട്ട്‌ കുത്തിയദിവസമാണ്‌ മുത്തു ആദ്യമായി പോലീസ്‌ സ്റ്റേഷന്‍ കാണുന്നത്‌. “നിന്റെയൊക്കെ കാലിന്റെടേല്‍വച്ച്‌ കത്തിക്കുത്തുനടന്നാലും കാണാമ്പാടില്ല്യേടാ… മോനേ” എന്നു ചോദിച്ച്‌ ഹെഡ്‌കോണ്‍സ്റ്റബ്‌ള്‍ സദാശിവന്‍പിള്ള അടിവയറ്റിനുകുത്തിയതിന്റെ വേദന മറന്നിട്ടില്ല. കാണാത്തകാര്യം കണ്ടെന്ന്‌ പറയാന്‍ പറ്റുമോ?

അപ്പോഴാണോര്‍ത്തത്‌. നഗരത്തില്‍ നിന്ന്‌ കടവത്തേക്ക്‌ പോയിട്ടുള്ള പോലീസ്‌ വണ്ടി തിരികെപ്പൊയിട്ടില്ല. അവരുടനെയെത്തും. മുത്തുവിന്റെ കാല്‍മുട്ടുകളില്‍ നേരിയ വിറയല്‍ കയറി.

ജീപ്പിന്റെ ഇരമ്പം അകലെ കേള്‍ക്കുന്നുണ്ട്‌. മുത്തു വേഗം ലൈറ്റണച്ചു. ജനലും അടച്ചു. ആ കാലുകള്‍ അവിടെത്തന്നെയുണ്ട്‌. നേരത്തെ ഇറങ്ങിനോക്കേണ്ടതായിരുന്നു. ഇനിയിപ്പോള്‍ പോലീസ്‌ പോയിട്ട്‌ നോക്കാം.

വണ്ടി കവലയില്‍ വന്നു നില്‍ക്കുന്നു. ആരൊക്കെയോ ഇറങ്ങുന്നുണ്ട്‌. ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നത്‌ കേട്ടു. താഴെ കടത്തിണ്ണയില്‍ ഒറ്റക്കായിപ്പോയ ആളെക്കുറിച്ച്‌ മുത്തുവിനു സഹതാപം തോന്നി. പിന്നെ വണ്ടി അകന്നുപോകുന്ന സ്വരം. ആശ്വാസം.

ജനല്‍ തുറന്നുനോക്കുമ്പോള്‍ ആ കാലുകള്‍ കാണാനുണ്ടായിരുന്നില്ല. പോലീസ്‌ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ കൊണ്ടുപോയിക്കാണും. അതോ ഇനി എഴുന്നേറ്റ്‌ ആ കടത്തിണ്ണയിലെങ്ങാനും കൂനിക്കൂടിയിരുപ്പുണ്ടാവുമോ?

റ്റോര്‍ച്ച്‌ പോലും എടുക്കാന്‍ മറന്ന്‌ തിടുക്കത്തില്‍ പടിയിറങ്ങുമ്പോള്‍ മുത്തുവിന്റെ ആശങ്കകള്‍ പെരുകിവന്നതേയുള്ളു. പോലീസ്‌ ജീപ്പ് തന്നെയാണോ കടന്നുപോയതെന്നറിയില്ല. ആ പാവത്തെ വല്ലവരും ഉപദ്രവിച്ചുകാണുമോ?

രാഘവേട്ടന്റെ കടത്തിണ്ണയില്‍ ആരും ഉണ്ടായിരുന്നില്ല. ചുറ്റും നോക്കി. ആളനക്കമില്ല. നഗരത്തിലേക്ക്‌ തിരിയുന്ന വളവിനപ്പുറം വഴിവിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ ഉറക്കച്ചടവുള്ള രാത്രി മാത്രം. ജീവിതത്തിലാദ്യമായി മുത്തുവിനു താന്‍ ഏകനാണെന്നു തോന്നി.

ചെരുപ്പൂരി തറയിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ സിമന്റിട്ട നിലത്ത്‌ ആരോ കിടപ്പുണ്ടായിരുന്നു എന്ന്‌ മുത്തു തീര്‍ച്ചയാക്കി. വിരലുകള്‍ കൊണ്ട്‌ ആ ശരീരത്തിന്റെ ചൂട്‌ തേടി മുത്തു അവിടേയ്ക്ക്‌ ചാഞ്ഞു.

കവലയിലെ മഞ്ഞകലര്‍ന്ന ഇരുട്ടിനു മീതെ രണ്ടാം നിലയിലെ ഒറ്റമുറിയുടെ ജനാല നിഴലില്ലാത്ത വെളിച്ചത്തിന്റെ ഒറ്റച്ചതുരമായി.

~ by Manu S Nair on May 8, 2007.

45 Responses to “സാക്ഷി”

  1. “ഒറ്റക്കും പെട്ടക്കും നഗരത്തില്‍ നിന്നുമടങ്ങുന്ന രാത്രിയാത്രക്കാര്‍ക്ക്‌ മുത്തുവിന്റെ മുറിയുടെ ഒറ്റജനാലയില്‍ പാതിരാ കഴിയുവോളം നിഴലാട്ടം കാണാം.“

    മുത്തുവിന്റെ കഥ പോസ്റ്റ് ചെയ്യുന്നു…

    ലാപുടക്ക് ഒരു നന്ദി വെറുതേ കുറിക്കുന്നു. എന്തിനാണെന്ന് പറയുന്നില്ല 🙂

  2. നല്ല കഥ.

  3. ……..ബാക്കിയെല്ലാം വായനക്കാരന്റെ ഭാവനക്ക് വിട്ടു കൊടുത്തുകൊണ്ടവസാനിപ്പിക്കുക എന്നത് നല്ല ചെറുകഥയുടെ ഒരു ‘ടെക്നിക്ക്’ ആണ്. പക്ഷേ ഇടയില്‍ എന്തോ വിട്ടു പോയില്ലെ?

    -നന്നായിരിക്കുന്നു, മനൂ!

  4. 🙂

  5. ഒരിക്കല്‍ ലോഡ്ജ്‌ മുറിയിലെ വിയര്‍പ്പ്‌ നാറുന്ന ഇരുട്ടില്‍ വിരലുകള്‍കൊണ്ട്‌ പൂമ്പൊടി തിരയുമ്പോള്‍ പൂവ്‌ പറഞ്ഞു:

    “ഞെക്കിപ്പിഴിഞ്ഞ്‌ കളേണ്ട.. ന്റ കുട്ടിക്ക്‌ കുടിക്കാന്‌‍ള്ളതാ”.

    തീക്ഷ്ണം!

    മനൂ കഥ ഇഷ്ടമായി.

    പിസ്.:

    പന്നിമലത്തില്‍ തോറ്റവിഷമത്തിന് അളിയനെ കുത്തിമലത്തിയതും ഒരു കഥക്കുള്ള ഐറ്റം ആണ്.

  6. അതിനുശേഷം മുത്തു ജമന്തിപ്പൂക്കളെ വേദനയോടെ ദൂരെനിന്നു മാത്രം നോക്കാന്‍ ശീലിച്ചു.
    കഥായുടെ അവസാനം ചെരുപ്പൂരി തറയിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ സിമന്റിട്ട നിലത്ത്‌ ആരോ കിടപ്പുണ്ടായിരുന്നു എന്ന്‌ മുത്തു തീര്‍ച്ചയാക്കി. വിരലുകള്‍ കൊണ്ട്‌ ആ ശരീരത്തിന്റെ ചൂട്‌ തേടി മുത്തു അവിടേയ്ക്ക്‌ ചാഞ്ഞു.
    ഇവിടെ വായനക്കാരന്‍‍ സാക്ഷി ആകുന്നു.
    നല്ല വായനാസുഖം നല്‍കിയ കഥ 🙂

  7. അതിനുശേഷം മുത്തു ജമന്തിപ്പൂക്കളെ വേദനയോടെ ദൂരെനിന്നു മാത്രം നോക്കാന്‍ ശീലിച്ചു…
    ഇഷ്ടമായി കഥ, മന്‍ഊ..
    തീര്‍ച്ചയായും ഈ വഴി വരും ഇനിയും..
    എന്തിനാ ഇങ്ങനെ നോവിയ്ക്കുന്നത്?
    ഈ കഥയിലെങ്കിലും നോവുകളുടെ അവസാനം ഒരു ദീര്‍ഘനിശ്വാസം ബാക്കിയാവുന്നതു ആശ്വാസം..:)

    അതോ എല്ലായിടത്തും അപ്പൂസ് നോവു മാത്രം കാണുന്നതിന്റെ കുഴപ്പമാണോ?

  8. “ഒറ്റമുറിയുടെ ജനാല നിഴലില്ലാത്ത വെളിച്ചത്തിന്റെ ഒറ്റച്ചതുരമായി.”
    നല്ല പ്രയോഗം;)

  9. കഥ പറഞ്ഞ രീതി ഇഷ്ടപ്പെട്ടു……ഒരു കണ്‍ ഫ്യൂഷന്‍ നിലനിര്‍ത്തുന്നു….അത്‌ ഒരു പുനര്‍ വായനക്ക്‌ പ്രേരിപ്പിക്കുന്നു….

  10. കഥ ഇഷ്ടമായി മനൂ..

  11. It was a nice reading..

  12. കഥ ഇഷ്ടമായി മനൂ..
    ആണ്‍ വാഴ് വിന്റെ സന്ദിഗ്ധതകളെയും വ്യഥകളെയും വിചാരണചെയ്യുന്നുണ്ട് നിങ്ങള്‍ കഥ പറഞ്ഞ രീതി….

  13. മനൂ, കഥ പറഞ്ഞരീതി ഇഷ്ടമായി. വായനക്കാരന്റെ ഭാവനയിലാണ് ബാക്കിയെല്ലാം ഇരിക്കുന്നത്. അല്പംകൂടി വ്യക്തമാക്കാമായിരുന്നില്ലേ, എന്നെപ്പോലെ സാധാരണക്കാരായ വായനക്കാരെ ഓര്‍ത്ത്…!!

  14. മനൂ, കഥ നന്നായി. നന്ദി

  15. കഥ പറഞ്ഞ രീതിയും കഥയും ഇഷ്ടമായി.പരിണാമം മുഴുവനായും ഊഹിക്കാന്‍ കഴിയാത്തത് എന്നിലെ വായനക്കാരിയുടെ കുഴപ്പമായിരിക്കുമല്ലേ.

    കാലം ചിലരെയൊക്കെ വല്ലാതെ ഒറ്റപ്പെടുത്തുന്നു.

  16. ലാപുടക്ക് ഒരു നന്ദി വെറുതേ കുറിക്കുന്നു. എന്തിനാണെന്ന് ഞാനും പറയുന്നില്ല.

    കഥ കൊള്ളാം

  17. ഉണ്ടാപ്രിയെ ഒന്നു ക്വോട്ടാന്‍ തോന്നുന്നുണ്ട്.. ഇത്രേം പേരൊക്കെ ഇതു വായിച്ചോ എന്ന്… എല്ലാ വര്‍ക്കും നന്ദി…

    സു 🙂
    കൈതമുള്ള് 🙂
    ഇട്ടിമാളു 🙂
    വിശാലമനസ്കന്‍ 🙂
    വേണു 🙂
    അപ്പൂസ് 🙂
    പ്രമോദ് 🙂
    സാന്‍ഡോസ് 🙂
    rr 🙂
    അശോക് 🙂
    ലാപുട 🙂
    വിമതന്‍ 🙂
    വല്ല്യമ്മായി 🙂
    നിക്ക് 🙂

    എവിടെയോ ഒരു പത്തുപൈസയുടെ കുറവു തോന്നിയെങ്കില്‍ അതായിരുന്നു കഥയുടെ പോയിന്റും -ഏകദേശം. കാഴ്ച്ചയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന പത്ത് പൈസയുടെ കുറവ്… ഇടയില്‍ കടന്നുപോകുന്ന വണ്ടി കാണുന്നതിന്റെ ഒക്കെ ഉടയവര്‍ നമ്മളല്ല എന്നതിന്റെ ഒരു സൂചനയും.. ഒരു ‘പോലീസ് വണ്ടി’ അസമയത്ത് കടന്ന് പോകുമ്പോഴല്ലേ നമ്മുടെയൊക്കെ അനാഥത്വം നമ്മളറിയുന്നത്…

    (ലാപുടയോടുള്ള കടപ്പാടും അവിടെയാണ്. ഇരുളിനും വെളിച്ചത്തിനും ഇടയില്‍ പതറിനില്‍ക്കുന്ന വാഴ്വിന്റെ സന്ദിഗ്ധത.. ഷെമി.. ലാപുടയെക്കുറിച്ചു പറയുമ്പോള്‍ അങ്ങനെയൊക്കെ പറയണ്ടിവരും )
    കഥ വ്യാഖ്യാനിക്കേണ്ടി വരുന്നത് കഥാകാരന്റെ പരാജയമാണെന്നറിയാം..ആ പരാജയം സമ്മതിക്കുന്നു. ഇതു പക്ഷേ വായനയുടെ ഒരുവഴി.

    ആദ്യമായിട്ട് ഈവഴിക്കു വന്നവരില്‍ എനിക്കേറെ ഇഷ്ടമുള്ള എഴുത്തുകാരുണ്ട്.പ്രത്യേകം നന്ദി. (വിശാലേട്ടോ… ഇതുവായിച്ചിട്ടും മതിയായില്ലേ..ഇനീം എന്നെക്കൊണ്ട് കഥപറയിക്കണോ )

    അശരണത്തം ബാക്കിയായെങ്കില്‍ കഥ മനസ്സിലായെന്നാണര്‍ത്ഥം ..അല്ലെന്നല്ല…

  18. അപ്പൂ.. 🙂 വിട്ടുപോയി 😦 അപ്പൂസിനെ ആദ്യം കണ്ടതിന്റെ കണ്‍ഫ്യൂഷന്‍..

  19. ചാത്തനേറ്:
    ജിജ്ഞാസ അതു മനുഷ്യ സഹജം- കവലയുടെ കാവല്‍ക്കാരനെ ഇഷ്ടായീ…

  20. മനൂ, ഞാനും ഉണ്ടായിരുന്നു അവിടെയൊക്കെ എന്നൊരു തോന്നല്‍ ഉളവാക്കുന്ന രചനാവൈഭവം! നല്ല അവതരണം..

  21. മനു,
    നല്ല കഥ.

  22. മനു,

    നന്നായിട്ടുണ്ട്‌.. അവസാനം വയനക്കാരെ സാക്ഷികളാക്കിയുള്ള നായകന്റെ പരിണാമം പലതിലേക്കുമുള്ള സൂചകമാവുന്നു!

  23. കുട്ടിച്ചാത്താ.. 🙂
    ഏറനാടാ 🙂
    പുതുവാളേട്ടാ 🙂
    അത്തിക്കുര്‍ശി മാഷേ 🙂

    നന്ദി .. വന്നതിനും അഭിപ്രായങ്ങള്‍ക്കും.. വീണ്ടുമീവഴിവരിക…

  24. മനസ്സില്‍ തട്ടുന്ന കഥ

  25. എന്തേ ഈ കഥ ഞാനിതുവരെ കണ്ടില്ല.
    കാണേണ്ടതൊന്നു കാണാത്തതിന്റെ കൂട്ടത്തില്‍ ഇതും, വൈകിയെങ്കിലും ഇവിടെ വന്നെത്തുവാന്‍ കഴിഞ്ഞല്ലൊ, ഇനി ഈ വഴി വരാതിരിക്കാനാവില്ല.
    നന്ദി, തീക്ഷ്ണമായ വായനാനുഭവം തന്നതിനു

  26. നന്നായിരിക്കുന്നു.

  27. സജിത്ത്, നന്ദി… ഇനിയും വരുമല്ലോ… 🙂
    ശിശു… നല്ലവാക്കുകള്‍ക്ക് ഒരുപാടു നന്ദി.. വീണ്ടും വരിക .. 🙂

    സിജി.. ഇവിടെ വരെ വന്നതിനു നന്ദി..ബൂലോകത്ത് എനിക്ക് വായിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരില്‍ ഒരാളാണ് താങ്കള്‍. ഇവിടെ വന്നു ഇതൊക്കെ വായിച്ചു എന്നറിയുന്നത് തന്നെ ഒരു സന്തോഷമാണ്. തുടക്കക്കാരന്റെ പിഴവുകള്‍ മറന്നുള്ള പ്രോല്‍സാഹനമാണെന്നറിയാം. എങ്കിലും ആ വാക്ക് കാണുമ്പോള്‍ ഒരുപാടു സന്തോഷം… 🙂

  28. മനു, നന്നായിരിക്കുന്നു.

  29. മനു എന്ന പേര് അറിയമെന്നല്ലാതെ ബ്ലോഗ് എതാണെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല.. ഇപ്പോള്‍ തപ്പിപിടിച്ച് കണ്ടുപിടിച്ചതാണ് ഈ കഥ ..വായിച്ചില്ലാരുന്നെങ്കില്‍ നഷ്ടമായി പോയേനേ, മനോഹരമായിരിക്കുന്നു:)

  30. പടിപ്പുര …
    സാജന്‍… നന്ദി ഈ വഴി വന്നതിന്.
    പേരറിഞ്ഞാല്‍ മതിയല്ലോ സാജാ… പ്രൊഫൈലില്‍ ലിങ്കുണ്ടല്ലോ മഴനിലാവിലേക്ക് 🙂

  31. അതെ മനു ഒരു കമന്റില്‍ കൊളുത്തിയാണ് ഞാന്‍ വന്നത്.. അതാ പറഞ്ഞത്:)

  32. മനുവിന്റെ ബ്ലോഗ്‌ ഇന്നാണു കണ്ടത്‌. ആദ്യമായിട്ട്‌ വായിച്ച പോസ്റ്റ്‌ ഇതാണ്‌. മനുവെഴുതിയ രീതി നല്ല ഇഷ്ടമായി.
    ഇതുമായി ഒരു സാമ്യവും ഇല്ലാത്ത സക്കറിയയുടെ ‘ഒരു ക്രിസ്തുമസ്സ്‌ കഥ’ മനസ്സില്‍ ഒന്നു വന്നു പോയി.’ .

    എനിക്ക്‌ ആകെ ഒരഹങ്കാരം , നമ്മുടെ ഈ ബൂലോഗത്ത്‌ എത്ര നല്ല കഥകളാ.

  33. കൈത്തലങ്ങളില്‍ നനഞ്ഞൂറിയത്‌ വിയര്‍പ്പല്ല മുലപ്പാലാണെന്നറിഞ്ഞപ്പോള്‍ മുത്തു ഞെട്ടി കൈവലിച്ചു. കൈപ്പുള്ള ഹാസ്യത്തില്‍ അവള്‍ ചിരിച്ചു. “ന്തേ.. നിക്കൊരു മോനുണ്ട്‌.. ആറുമാസം”

    സാക്ഷികളാകുന്നു നമ്മള്‍..
    ശക്തമായ കഥ.

    ഇനി ഒരു സംശയം..മനു ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ ആണോ വര്‍ക്ക് ചെയ്യുന്നത്?എനിക്കറിയാവുന്ന ഒരു മനു ഉണ്ട്.അതുകൊണ്ട് ചോദിച്ചതാണേ.

  34. ദേവന്‍ said:
    “മനുവിന്റെ ബ്ലോഗ്‌ ഇന്നാണു കണ്ടത്‌. ആദ്യമായിട്ട്‌ വായിച്ച പോസ്റ്റ്‌ ഇതാണ്‌”…

    ദേവേട്ടാ.. അല്ല കേട്ടോ.. എന്റെ ആദ്യപോസ്റ്റില്‍ മറുപടി ഇട്ടിരുന്നു… ഒരു പഴയക്ലാസ്സ്മേറ്റിന്റെ ഓര്‍മ്മയുള്ള… പതിവ് ദേവരാഗം റ്റച്ചുള്ള ഒരു ഓഫ്ഫും.. ‘ഈ ഭൂമി ഉരുണ്ടിങ്ങനെ ..’ എന്നൊരു വായിനോട്ട കഥയായിരുന്നു അത്..

    ഇവിടെ ഫലിത റ്റച്ചുള്ള അനുഭവകഥകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ പിന്നെ ആ വഴിക്ക് നോക്കണ്ടാ എന്ന് തോന്നി… കവിതയുടെ കാര്യത്തില്‍ പണ്ട് പ്രൊഫ.എം. കൃഷ്ണന്‍ നായരോട് അദ്ദേഹത്തിന്റെ ഏതോ അദ്ധ്യാപകന്‍ പറഞ്ഞതായികേട്ടിട്ടുണ്ട് Leave your poems better unwritten എന്ന് — അതാണ് നമ്മുടെ നിലവാരം. അപ്പോള്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ വേണ്ടി കഥയെഴുതി നോക്കിയതാ…

    നല്ല അഭിപ്രായത്തിനു നന്ദി.. അതു ദേവേട്ടന്‍പറയുമ്പോള്‍ ഒരു അവാര്‍ഡ് കിട്ടിയ സുഖം.

    വാണീ… ഞാന്‍ ന്യൂഡല്‍ഹിയിലെ മനു അല്ല. അത് മനു ജി എന്ന കവിയാണ്.

    പിന്നെ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് ആകെയുള്ള ബന്ധം പണ്ട് തെണ്ടിനടക്കുന്ന കാലത്ത് ബസ്റ്റാന്‍ഡില്‍ അതു വിരിച്ചു കെടന്നിട്ടൊണ്ടെന്നൊള്ളതാ. അന്നത്തെ സമയത്ത് അതു വായിക്കാവുന്ന ഒരു പത്രമായിട്ട് തോന്നിയിട്ടില്ല. അതും ഒരു കാലം. ഏതായാലും കഥ ഇഷ്ടപ്പെട്ടല്ലോ.. വായനക്കും അഭിപ്രായത്തിനും നന്ദി.

  35. മനു, ഇന്നലെ ദേവന്റെ കമന്റിനെ പിന്തുടര്‍‌ന്ന് ഇവിടെ വന്നിരുന്നു. വായിച്ചു, കമന്റിടാന്‍ തുടങ്ങിയപ്പോള്‍ നെറ്റ്‌വര്‍‌ക്ക് പ്രശ്നം.

    നല്ല ഒതുക്കവും ചാരുതയുമുള്ള എഴുത്ത്. വായനയില്‍ ഒരിക്കല്‍ പോലും ഏകാഗ്രത ചോരുന്നുമില്ല.

    സ്ഥിരമായി സന്ദര്‍‌ശിക്കാന്‍ ഒരിടം കൂടിയായി. 🙂

  36. മനോഹരം..

    qw_er_ty

  37. പരാജിതന്‍ എന്ന ഹരിയേട്ടാ.. സിജൂ.. കഥവായിച്ചതിനും അഭിപ്രായത്തിനും നന്ദി 🙂

  38. ‘…അത്‌ മുഖത്തൊക്കെ വര്‍ഷങ്ങള്‍ ചിത്രം വരച്ച, വരണ്ട വയല്‍പോലെ മുഖവും ഉണങ്ങിയ തടാകം പോലെ കണ്ണുകളും ഉള്ള…’ മനോഹരമായ ഭാഷ!

    മനു, ഇന്നാണിവിടെ എത്തിപ്പെടാന്‍ കഴിഞ്ഞത്, എത്തിയപ്പോള്‍ ഇത്രയും വൈകിയതെന്തേ എന്ന തോന്നല്‍! എല്ലാറ്റിനും അതിന്‍റേതായ സമയമുണ്ടല്ലോ അല്ലേ!

    വായിക്കാന്‍ വളരെ സുഖമുള്ള ഭാഷ, നല്ല രസമായി പറഞ്ഞിരിക്കുന്നു… എന്തേ ആദ്യം നോക്കിയില്ല എന്ന കഥാപാത്രത്തിന്‍റെ വ്യഥ വായനക്കാരിലേക്കും പകര്‍ത്തി വെക്കുന്നു അവസാനം.

    വളരെ ഇഷ്ടമായി മനുവിന്‍റെ ഈ ശൈലി… അഭിനന്ദനങ്ങള്‍.

    ബാക്കി പോസ്റ്റുകളെല്ലാം സമയം പോലെ വായിക്കുന്നുണ്ട്.

    ഒരുപാട് പോവേണ്ടയിടങ്ങളില്‍ പോവാന്‍ ബാക്കിയുള്ളത് കൊണ്ട് ഒരു കൊരട്ടി കിടക്കട്ടെ 🙂

    qw_er_ty

  39. മനൂ,

    തുടക്കം മുതല്‍ ഒടുക്കം വരെ വായിപ്പിക്കാന്‍ കഴിയുന്ന എഴുത്ത്
    എന്നാല്‍ അവസാനിച്ചോ എന്നു തോന്നിക്കുമാര്‍ ചോദ്യഛിന്ഹം ബാക്കി നില്‍ക്കുന്നു,

    ഞാനെന്ന ആസ്വാദകന്‍റ്റെ കഴിവില്ലായ്മ കാണുന്ന ഒരു കഥ 🙂

    qw_er_ty

  40. നല്ല കഥ. ഇനിയും പ്രതീക്ഷിക്കുന്നു 🙂

  41. കഥകളെല്ലാം വളരെ മനോഹരം!
    ആശംസകള്‍…

    qw_er_ty

  42. അഗ്രജന്‍ മാഷേ, തറവാടി മാഷേ, അന്നമ്മേ, വീണാ… മുത്തുവിനെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി…. 🙂

  43. evideyo enthokkeyo bakki nirtheennoru thonnal vayichappol.entho ishtappedatha oru vikarathe unarthunna oru katha.theruvinte vrithikedukalude chali manavum anathathwam anavaranam cheyyunna oru katha…am i rite?

  44. സുന്ദരം.!

  45. “ജീപ്പിന്റെ ഇരമ്പം അകലെ കേള്‍ക്കുന്നുണ്ട്‌. മുത്തു വേഗം ലൈറ്റണച്ചു. ജനലും അടച്ചു”

    sakshi enna peru koodi karanam avum ee bhagam vayichappo mukundante delhi enna katha orthu.. vallathe disturb cheythathum ini orikkalum vayikkan ishtappedathathum anu aa katha.. ithile sakshi janal adakkukayum athile sakshikal janal vazhi nokki nilkkukayum anu ..

    katha valare nannayittundu.

Leave a reply to അപ്പൂസ് Cancel reply