കിണര്‍

•February 23, 2008 • 14 Comments

§
ഇരുട്ട്. ചില്ലകളില്‍ നിന്ന് കൊഴിഞ്ഞും പറന്നും കരിയില പോലെ നിലാവ്.

വേരുകളില്‍ എന്നല്ല മരങ്ങളില്‍ തന്നെ തട്ടാതെ നടക്കാന്‍ പ്രയാസം. കാഴ്ച നൃത്തം വയ്ക്കുകയല്ലേ.

അല്പം അകലെ മരച്ചില്ലകള്‍ക്ക് താഴെ മതില്‍കെട്ടുപോലെ വെളിച്ചം. വഴിവിളക്കാണ്. വെളിച്ചത്തിന്റെ വാള്‍തലകൊണ്ട് യുദ്ധംചെയ്യുന്ന ജഡൈ യോദ്ധാക്കളെപ്പോലെ രണ്ട് വാഹനങ്ങള്‍ പോരടിച്ച് എതിര്‍ ദിശകളിലേക്ക് മറഞ്ഞുപോയി.

തൊടിയിലെ ചുറ്റുകെട്ടില്ലാത്ത കിണര്‍ കഴിഞ്ഞിരിക്കുന്നു. വേലി അടുത്തെവിടെയോ ആണ്; സൂക്ഷിക്കണം. പത്തുകല്‍ത്തൂണുകള്‍ക്കിടെ ഒരു ചാരുകല്ലുണ്ട്. ബലത്തിനാണ്. അതും ഒരു സഹായം.

വലിച്ചുകെട്ടിയ മുള്‍കമ്പിയില്‍ തട്ടാതെ ചാരുകല്ലില്‍ കയറി കല്‍തൂണിന്റെ മുകളില്‍ കാല്‍‌വച്ച് പതിയെ ചാടി. അടുക്കളപ്പുറത്തെ ചേമ്പിന്‍ തോട്ടമാണ്.

പിന്‍‌പുറത്തെ മൂലയില്‍ ഒരു ബള്‍ബ് കത്തുന്നുണ്ട്. മുറ്റത്ത് നേരേകയറണ്ട. അകലെ ഏതുകണ്ണാണ് അടുക്കളപ്പുറത്ത് കറങ്ങിനില്‍ക്കുന്നതെന്നറിയില്ലല്ലോ. പെണ്ണുങ്ങള്‍ പാര്‍ക്കുന്ന വീടാകുമ്പോള്‍ പറയാനുമില്ല.

പക്ഷെ പരതുന്നകണ്ണുകളുടെ ഭീഷണിക്കപ്പുറം അടഞ്ഞവീടിന്റെ രഹസ്യങ്ങളിലേക്ക് ഒരാളെ വിളിച്ചുകയറ്റുന്ന എന്തോ ഒന്ന് ഓരോ വീടിനുള്ളിലുമുണ്ട്.

§§
മുപ്പത്തിമൂന്നേ മുപ്പത്തിനാലേ മുപ്പത്തഞ്ചേ….

ഒളിക്കാനിടം വേണം. ആരും കണ്ടുപിടിക്കരുത്. കണ്ടാലും നോക്കാന്‍ വരുന്നവനെക്കാള്‍ മുന്നേയോടി എണ്ണുന്നമൂലയില്‍ എത്താനാവണം.

അല്ലെങ്കില്‍ അടുത്തകളിയില്‍ ഒളിച്ചിരിക്കുന്നതിന്റെ സുഖം നഷ്ടപ്പെടും. ഇരയ്ക്കുപിന്നാലെ മണത്തുനീങ്ങുന്ന വേട്ടപ്പട്ടിയെപ്പോലെ ഓടിയാല്‍ മാത്രം പോര. കാക്കാനുള്ള കന്നിമൂല കണ്ണില്‍ നിന്നുമായാതെ പതുങ്ങിവരുന്നവരെ പ്രതിരോധിക്കുന്ന കാവല്‍ നായ് കൂടിയാവണം. വയ്യ.

ഒരു മറവ്. ഊര്‍ന്നിറങ്ങാന്‍ എളുപ്പമുള്ള ഒളിവ്.

ആ മുറി. ആരുമില്ല. മൂല. അലമാര.

അമ്പത്തെട്ടേ അമ്പത്തൊ..

ചിന്തിക്കാനൊന്നുമില്ല

അറൂപതേ…

§

പട്ടിയുടെ കൂട് വീടിനു മുന്‍‌വശത്താണ്. അത് നന്നായി.

അടുക്കളവശം ഒഴിഞ്ഞ് മുളകിന്‍‌കൊടി പടര്‍ന്ന മാവിനുതാഴെ ഒരു കക്കൂസുള്ളത് നേരത്തേ ശ്രദ്ധിച്ചിരുന്നു. അതിനുചേര്‍ന്ന് ഒരു ജനലും. റോഡില്‍ നിന്നോ അയല്‍‌വീട്ടില്‍ നിന്നോ ഒരുകണ്ണും അവിടെയെത്തില്ല.

ഓരോവീടും ഒരുകള്ളന് ഒതുങ്ങിനില്‍ക്കാനുള്ള ഒരുമൂല കരുതിവയ്ക്കുന്നു. അത് പ്രകൃതിനിയമം പോലെയാണ്.  വിട്ടുവീഴ്ചയില്ല.

ജനല്‍ തുറക്കാനും കമ്പി വളയ്ക്കാനും ആവശ്യമുള്ള ഉപകരണങ്ങള്‍ അരയില്‍ സുരക്ഷിതം.

§§

മുറി. മൂല. അലമാരി. ഇരുട്ട്.

പുറത്തെമുറിയില്‍ ആരുടെയോ അനക്കമുണ്ട്. എന്നാലും ആരും ഇപ്പോള്‍ ഇങ്ങോട്ടുവരില്ല.

അറുപത്താറേ….
§

വഴിയില്‍ വണ്ടികള്‍ ഇരമ്പുന്നുണ്ട്. ഉല്‍കണ്ഠ തോന്നിയതേയില്ല. ചിലവീടുകള്‍ കള്ളനെ കാക്കുന്നു. തൊടുമ്പോള്‍ ത്രസിക്കുന്ന ദലങ്ങള്‍ വണ്ടിനെ മയക്കുന്നപോലെ വീടിന്റെ സ്പര്‍ശം കള്ളനെ ലഹരിപിടിപ്പിക്കുന്നു.

ജനല്‍കമ്പികള്‍ പ്രതീക്ഷിച്ചതിലും എളുപ്പം വളഞ്ഞു. കയറുന്നത് ഒഴിഞ്ഞ ഒരു മുറിയിലേക്കാണ്. അകത്തു കയറി ജനല്പാളിയടച്ച് റ്റോര്‍ച്ച് തെളിച്ച് അയാ‍ള്‍ ഒന്നുകൂടി നോക്കി.  മൂലക്ക് ഒഴിഞ്ഞ ഒരു പുസ്തകഷെല്‍ഫ്. ഒരു കസേര. ഒഴിഞ്ഞ കസേര. മറ്റൊന്നുമില്ല.

ഭയം. ഉള്‍മുറിയിലെ ശൂന്യത പുറത്തെവേട്ടക്കാരനെക്കാള്‍ ഭയാനകമാണ്. സാരമില്ല, അയാള്‍ ആശ്വാസംകൊണ്ടു. അടുത്തമുറിയിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയല്ലേ.

മൂന്നുപെണ്ണുങ്ങള്‍ താമസിക്കുന്ന രാവില്‍ ആളൊഴിയുന്ന വീടിന്റെ കൌതുകങ്ങളിലേക്ക് തുറക്കുന്ന വാതില്‍

§§

മൂല. അലമാരി. ഇരുട്ട്.

എഴുപത്തൊന്നേ

തൊട്ടരികെ അഴുക്കുതുണികള്‍ നിലത്ത് കൂട്ടിയിട്ടിരിക്കുന്നു. ഒരു സാരിത്തുമ്പ് മറ്റു തുണികളില്‍ നിന്നു നീണ്ട് അലമാരിച്ചുവടിനെ തൊട്ടുകിടക്കുന്നു.

വിയര്‍പ്പിന്റെ — അനാദിയും അരൂപിയും ആയ ശരീരത്തിന്റെ — മണമാണ് മുറിയില്‍.

പുറത്തെ കാലൊച്ചകള്‍ക്കെന്തേ പെരുമ്പറയുടെ മുഴക്കം. അറിയാതെ വിരല്‍തുമ്പില്‍ കൂടി ഒഴുകുന്ന സാ‍രിത്തുമ്പില്‍ ഉറവപൊട്ടുന്ന നദിയുടെ ചൂടും തുടിപ്പും…

ആരോ വരുന്നുണ്ട്..

തൊണ്ണുറ്റാറേ….

§

അകലെ അലാറം.  കൂവല്‍ അലര്‍ച്ചയായി വളര്‍ന്ന് റോഡിലൂടെ പാഞ്ഞു പോകുന്നു. എന്തോ അത്യാഹിതം നടന്നിട്ടുണ്ട്.  അപകടങ്ങള്‍ രാവിനെ ഉണര്‍ത്തുന്നു. ഉറക്കം നടിച്ചു കിടക്കുന്ന രാവ് കുഴപ്പക്കാരിയാണ്.

പക്ഷെ അടുത്തഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടും രണ്ടുനഴ്സുമാരും താമസിക്കുന്ന വീട് അപായം നടക്കുന്ന രാവില്‍ ഒരു കള്ളനു കൂടുതല്‍ സുരക്ഷിതമാകുന്നു. ചിലദിവസങ്ങള്‍ അങ്ങനെയാണ്. എല്ലാം അനുകൂലമായേ വരൂ.

§§

‘എന്താ ചെക്കാ ഇവിടെനിന്ന് തിരിയണെ..’
‘ഉണ്ണിയെ നോക്കുവാ ചെറ്യമ്മേ..’
‘കളിയൊക്കെ പുറത്ത്.. പോ.. അവന്‍ പുറത്തെവിടെയെങ്കിലും കാ‍ണും..’

തിരച്ചില്‍കാരന്‍ അകന്നുപോകുന്നു. ഒളിച്ചിരിപ്പ് അനാഥമായ കാത്തിരിപ്പായി മാറിയെന്ന് വരുമോ….

§

ഉള്‍മുറിയിലേക്ക് റ്റോര്‍ച്ച്മിന്നിച്ചതും ഉള്ളിലെ ഉത്സാഹം ചോര്‍ന്നുപോകുന്നതുപോലെ. ഒരരികില്‍ ഒരു കട്ടില്‍ ഉണ്ട്. കട്ടിയുള്ള മെത്തയ്കുമുകളില്‍ ഭംഗിയുള്ള വിരി. മറ്റൊരരികില്‍ ഒരു അലമാരിയുണ്ട്. ഭിത്തിയോട് ചേര്‍ന്ന് പക്ഷെ മുറിയുടെ മൂലയില്‍ നിന്ന് മാറിയാണ്. അതിനപ്പുറം ഒരു വാതില്‍ ചാരിയിട്ടിരിക്കുന്നു.

അലമാരി പൂട്ടിയിട്ടില്ല. ഉടനെ തുറക്കുന്ന അലമാരകള്‍ ഉള്ള് ശൂന്യമാണെന്ന മുന്നറിയിപ്പാണ്. അലക്കി അടുക്കിയ തുണിയുടെ എന്തോ സുഗന്ധവസ്തുവിന്റെ മടുപ്പിക്കുന്ന മണം.

വിരസതയോടെ അടുക്കിവച്ച തുണികള്‍ ഉയര്‍ത്തി നോക്കി അലമാര അടച്ച് തിരിയുമ്പോള്‍ മറുവശത്ത് മറ്റൊരു മുറിയിലേക്ക് കയറാന്‍ മൂന്നാമതൊരു വാതില്‍.

തിരികെയിറങ്ങി മടങ്ങിയാലോ? ഉള്ളറകളിലെ ഓരോ വാതിലും കിണറിന്റെ തൊടി പോലെയാണ്. ഓരോ വാതില്‍ കടക്കുമ്പോഴും വീട് ഇരുളിന്റെ ഒരു പുതിയ ആവരണം കൊണ്ട് സന്ദര്‍ശകനെ പൊതിയുന്നു.

പക്ഷെ ഒരു കള്ളന്റെ മനസ്സിനു ചില പ്രത്യേകതകളുണ്ട്…

§§

ഒളിച്ചുകളി കുഴപ്പം പിടിച്ച ഒരുകളിയാണ്.

ഇരുളിന്റെ അവ്യക്തത കാഴ്ചകള്‍ തിരയുന്നവനില്‍ നിന്ന് ഒളിച്ചിരിക്കുന്നവനെ മറച്ചുവയ്ക്കുന്നു. കാഴ്ചകളില്ലാതെ കാലൊച്ചയായി നടക്കുന്നവനില്‍ നിന്ന് മറഞ്ഞിരിക്കുന്നത് ഒരു ലഹരിയായി ഒളിച്ചിരിക്കുന്നവനെ പൊതിയുന്നു.

അരൂപിയായ മറ്റൊരു ഉടലിന്റെ സാന്നിധ്യം, തിരയുന്നവന്റെ കാലൊച്ച കേള്‍ക്കാത്തപ്പോള്‍ പോലും, ഒറ്റക്കിരിക്കുക എന്ന വിരസതയില്‍ നിന്ന്  ഒരു പക്ഷെ ഒളിച്ചിരിക്കുന്നവനെ മോചിപ്പിച്ചേക്കാം.

അപ്പോള്‍ കാത്തിരിപ്പിന്റെ ശാന്തതയിലേക്ക് ഇരുളില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരുടല്‍ രുചിയായ് മണമായ് നനവായ് ഇറങ്ങിവരുന്നു…

§

കിണറിനുള്ളില്‍ നിന്ന് മുകളിലേക്കു നോക്കും‌പോലെയാണ് റ്റോര്‍ച്ചിന്റെ പ്രകാശം. അരണ്ട വെളിച്ചം ഒരു കുഴല്‍ പോലെ വളര്‍ന്ന് അതിനറ്റത്ത് കാഴ്ച്ചയുടെ ഒരു വളയം വിരിയുന്നു. പക്ഷെ അത് പലപ്പോഴും ഒരേമരക്കൊമ്പുകളുടെ ഒരേ ആകാശത്തിന്റെ….

ഈ മുറിയും മറ്റതിന്റെ കോപ്പി തന്നെ. വിരിച്ചിട്ട കട്ടില്‍. അടക്കാത്ത അലമാര.  അടുക്കിവച്ച വസ്ത്രങ്ങള്‍. സുഗന്ധദ്രവ്യങ്ങളുടെ മടുപ്പിക്കുന്ന മണം.

ചെറുപ്പക്കാരികളായ നഴ്സുമാര്‍ വാരാന്ത്യത്തില്‍ വീട്ടില്‍ പോയിവരുന്നവരാണ്. അവര്‍ ഇവിടെ ഒന്നും സൂക്ഷിക്കുന്നുണ്ടാവില്ല. നാശം പിടിക്കാന്‍. അവിവാഹിതകളായ പെണ്‍കുട്ടികള്‍ വാടകക്ക് താമസിക്കുന്നയിടം  ശവപ്പറമ്പ് പോലെയാണ്. ആരൊക്കെയോ ജീവിച്ചിരുന്നു എന്നതിന്റെ ഓര്‍മകള്‍ മാത്രം അവശേഷിക്കുന്ന ഇടം.

വിരിച്ചിട്ട കട്ടില്‍.. അടുക്കിവച്ച അലമാര…  പക്ഷെ..പക്ഷെ… മുറിയുടെ മറുവശം സ്വര്‍ണക്കൈപ്പിടിയുള്ള അടച്ചിട്ട വാതില്‍.

നഴ്സിംഗ് സൂപ്രണ്ട് മധ്യവയസ്കയാണ്. ഉച്ചിയില്‍ കെട്ടിവച്ച മുടി. വസ്ത്രത്തിന്റെ നിറത്തിനൊപ്പം മാറുന്ന ആഭരണങ്ങള്‍. സ്വര്‍ണക്കണ്ണട. വിയര്‍ക്കുന്ന ഉടല്‍.

ആ മുറിക്കുള്ളില്‍ അവര്‍ ഉറങ്ങുന്നുണ്ടാവണം. ഇന്നൊരുപക്ഷെ എല്ലാ സന്ധ്യയിലെയും പോലെ വെള്ള വസ്ത്രം ധരിച്ച ചെറുപ്പക്കാരികള്‍ക്കൊപ്പം കടും നിറമുള്ള സാരിക്കുമീതെ വെള്ളക്കോട്ടിട്ട് അവര്‍ പുറത്തേക്ക് പോയിട്ടുണ്ടാവില്ല.

ഉടമസ്ഥ ഉറങ്ങിക്കിടക്കുന്ന വീട് കവര്‍ച്ച ചെയ്യുന്നത് അറിയാത്തമൂലയില്‍ ഒളിച്ചിരുന്ന് അരുതാത്തതുകാണുന്നതു പോലെ രതിക്കും ഭയത്തിനുമിടയില്‍ ഉടല്‍ പകുത്തെടുക്കുന്ന…

§§

വാതില്‍ ഞരങ്ങുന്നുണ്ട്. അലമാരിയുടെ ഇരുളിനപ്പുറത്തേക്ക് ഒരു നിഴല്‍ അടുത്തുവരുന്നുണ്ട്.

കടന്നുവരുന്ന പതിഞ്ഞ കാല്പാദങ്ങളില്‍ ഒളിച്ചിരിക്കുന്നവനെ തിരയുന്ന വേട്ടക്കാരന്റെ ജാഗ്രതയില്ല. അലയുന്ന കാഴ്ചയില്‍ നിന്ന് അരണ്ടവെളിച്ചത്തിലേക്ക് കടന്നുവരുന്നയാളിന്റെ ആലസ്യം മാത്രം.

മുഷിഞ്ഞ വസ്ത്രങ്ങള്‍ക്ക് മീതേ മറ്റൊരുമേല്‍ വസ്ത്രംകൂടി വന്നു വീഴുന്നു.

ഉച്ചിയിലേക്ക് മുടിവാരിക്കെട്ടി..പിന്നിലേക്ക് കയ്യണച്ച്…

അരുതായ്കയുടെ തെളിച്ചമേ കണ്ണുകള്‍ തുരന്നെടുക്കരുതേയെന്ന് നിലവിളിക്കുന്ന ഹൃദയം തൊണ്ടയില്‍ വന്ന് മിടിക്കുന്നു.

ഒരനക്കമിടാം. ഒന്നെഴുന്നേല്‍ക്കാം. പക്ഷെ ഒരു നിലവിളി. അടക്കിപ്പിടിച്ച ഒരു ശകാരം.

പിന്നെ എന്താണുണ്ടാവുകയെന്നറിയില്ല.  പൂമുഖത്തെ കസേരയുടെ ഞരങ്ങിപ്പിടഞ്ഞു നീങ്ങാം.  ‘ഫ..നായിന്റെമോനേ’യെന്ന അലര്‍ച്ചയില്‍ വീ‍ടുകിടുങ്ങാം. പക്ഷേ ഓരാതിരിക്കെ കണ്മുന്നില്‍ വിരിയുന്ന ഈ വിസ്മയം….

കാഴ്ചക്കിപ്പുറം വിറകൊള്ളുന്ന ഇരുളില്‍ വേര്‍പ്പിന്റെ രുചിക്കും ഗന്ധത്തിനുമപ്പുറം കത്തുന്നകാഴ്ചയാകുന്ന ഒരുടലിന്റെ തീക്ഷ്ണതയില്‍ ഉടല്‍ തളര്‍ന്നും ഉള്ളിലൊഴുകുന്ന ലാവയുടെ തിളപ്പില്‍ നീറിയും ഇരിക്കുമ്പോഴും ഉടല്‍കാഴ്ചയില്‍ നിന്ന് പിന്‍‌വലിയാന്‍ മടിക്കുന്ന കണ്ണുപോലെ…

§

വിറകൊള്ളുന്ന വിരലുകളില്‍ സുവര്‍ണ്ണവാതില്‍ പിടി ഒരു ഞരക്കത്തോടെ താഴുന്നു.

ഉള്ളില്‍ നിന്ന് പെണ്മണമുള്ള ഒരുകാറ്റ് അദൃശ്യമായൊരുടല്‍ പോലെ വാതിലിലൂടെ നൂഴ്ന്നിറങ്ങുന്നുണ്ട്.

എതിരെ വലിയൊരു കണ്ണാടിയില്‍ കിണറിന്റെ വായ്‌വട്ടം വലിയൊരു വെളിച്ചമായി ഒരു കറുത്തനിഴലിനെ പിന്നിലേക്കേടുത്തെറിഞ്ഞ് വീടിനെ നടുക്കുന്നു.

കട്ടിലില്‍ ഉലഞ്ഞവസ്ത്രങ്ങള്‍ കുടഞ്ഞെറിഞ്ഞ് പിടഞ്ഞ്പൊന്തുന്നതാരാണ്

§§

ഉണ്ണീ… നീ..
…………
§
ബൌ…

വായുവിനെ വിറപ്പിക്കുന്ന കുരയോടെ കറുത്തപട്ടി കുതിച്ചുചാടുന്നു. മുന്നിലെ കൂട്ടില്‍ നിന്ന് ഇതിനെ മുറിക്കുള്ളില്‍ അടച്ചിട്ടതാരാണ്… വീടിന്റെ ഉള്ളില്‍ ഉടല്‍ചൂ‍രുറങ്ങുന്ന വസ്തക്കെട്ടില്‍ വിണ്ടുവീഴുന്നവെളിച്ചത്തില്‍ പിടയുന്ന നിഴല്‍‌രൂപത്തില്‍ അതിനെ ഒളിച്ചുവച്ചതാരാ‍ണ്..

അമ്മേ…

നിഴലുകള്‍ വലിയകടവാതില്‍ ചിറകുകളില്‍ ശബ്ദം റാഞ്ചിപ്പറക്കുന്നു…. പിടഞ്ഞോടുന്ന കാല്‍പാദങ്ങള്‍ക്കു താഴെ വീട് വഴുതുന്നു. ദിശതിരയുന്ന കണ്ണുകളില്‍ ഇടത്തേക്കും വലത്തേക്കും തിരിയുന്നവാതിലുകള്‍ കെണിവയ്ക്കുന്നു.

പിന്നില്‍ വെളിച്ചം വാര്‍ന്നുപോയ നിലക്കണ്ണാടി നിഴല്‍നൃത്തങ്ങളില്‍ ഉലഞ്ഞ് പിന്നെ തിരയടങ്ങിയ കടലായി സ്തംഭിക്കുന്നു.

***

ഓരോ കിണറിനുള്ളിലും ഇരുളുണ്ട്. ഇരുളിനൊടുവില്‍ ഒരു നിഴലുണ്ട്. ഉറക്കാ‍ത്തകാലുമായി ഉള്ളിലേക്ക് എത്തിനോക്കുന്നവരെ വലിയ നിഴല്‍ കറുത്ത വായ് പിളര്‍ന്ന് വിഴുങ്ങിക്കളയുന്നു.

Advertisements

പരാജിതര്‍

•September 24, 2007 • 3 Comments

‘എന്നാല്‍ മാഷിവിടെ സംസാരിച്ചിരിക്ക് ഞാന്‍ കടയില്‍ ഒന്നു പോയിട്ടു വരാം’ എന്നു പറഞ്ഞ് രാജേഷ് പുറത്തേക്ക് പോയി. എനിക്ക് ആശ്വാസം തോന്നി.

കുറ്റം പറയരുതല്ലോ അയാള്‍ അറിഞ്ഞുകൊണ്ട് എന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നല്ല ഇറാക്കിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുന്നിടത്ത് നിന്ന് പത്രസ്ഥാപനത്തിലെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുന്ന എന്നെ അയാളുടെ ഭാര്യയുടെ കോളേജ് കാലത്തെ ഗുരു എന്ന പരിചയത്തിന്റെ മാത്രം പേരില്‍ എയര്‍-പോര്‍ട്ടില്‍ വന്ന് സ്വീകരിച്ച് വീട്ടില്‍ കൊണ്ടുവന്നിരിക്കുകയാണ്. നാളെവൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതു വരെ എനിക്ക് അയാളുടെ വീട്ടില്‍ തന്നെയാണ് താമസം.

എന്നോട് വളരെ മര്യാദയോടെയാണ് രാജേഷ് ഇടപ്പെട്ടത് എന്നും പറഞ്ഞുകൊള്ളട്ടെ. എങ്കിലും യുദ്ധത്തെ കാല്പനികമായ ഒരു ദേശീയതയില്‍ പൊതിഞ്ഞുകൊണ്ടാടുന്ന ആവറേജ് ഇന്ത്യക്കാരന്റെ അശ്ലീലച്ചിരിയോടെ യുദ്ധക്കെടുതികളെക്കുറിച്ച് ചികഞ്ഞുചോദിച്ച് എന്നെ അറപ്പിക്കുന്നതിനും മുന്നെ, ആവശ്യമെന്ന് തോന്നുമ്പോള്‍ നന്നായി അടച്ചുവയ്ക്കാന്‍ ഞാന്‍ ശീലിച്ചിട്ടുള്ള എന്റെ ചെവികളില്‍ ഉപചാരവാക്കുകള്‍ കോരിയൊഴിച്ച് വെറുപ്പ്കലര്‍ന്ന സഹതാപം കൊണ്ട് എന്റെ മനസ്സ് മടുപ്പിക്കുന്നതിനും മുന്നെ, അയാളുടെ സാന്നിധ്യം മറ്റൊരു യുദ്ധഭൂമിയിലേക്ക് വന്നിറങ്ങിയ പ്രതീതിയാണ് എനിക്ക് തന്നത്.

അതിനുകാരണം അയാളുടെ ഇപ്പോഴത്തെ ഭാര്യയും എന്റെ പഴയകാല വിദ്യാര്‍ത്ഥിനിയുമായ ശ്രീജയോട് എനിക്ക് തോന്നിയിട്ടുള്ള എന്തെങ്കിലും അടുപ്പമാണെന്ന് നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍ ഊഹിച്ചിട്ടുണ്ടാവും. ശരാശരി മലയാളിയുടെ സാധാരണ മുന്‍‌വിധികളെ പോലെ ഇതും പൂര്‍ണമായും ശരിയല്ല എന്ന് ഞാന്‍ ക്ഷമാപണപൂര്‍വം അറിയിക്കുന്നു.

എനിക്ക് ശ്രീജയോട് അടുപ്പമുണ്ടായിരുന്നു എന്നത് ശരി. മറ്റാരെയുംകാള്‍ അവളോടൊപ്പം എന്റെ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ ഇപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു എന്നതും ശരി. പക്ഷെ ഇതൊന്നും ഞാന്‍ അവളോടുപോലും നേരേ പറഞ്ഞിട്ടില്ല.

മൂന്നരവര്‍ഷം മുന്‍പാണ് ഞാനും ശ്രീജയും പരസ്പരം വിടപറഞ്ഞത്. കാമ്പസിന്റെ പുറം മതിലിനടുത്തുള്ള വാ‍കത്തണലില്‍ വച്ച്. ഞാന്‍ വാകമരം ചാരി നിന്നു. അവള്‍ ഒരു തോള്‍സഞ്ചി അലസമായി തൂക്കിയിട്ട് ചുരിദാറിന്റെ ഷോള്‍ ഒതുക്കിപ്പിടിച്ച് എന്റെ മുന്നിലും. അകലെ നിന്ന് കാമറഫോക്കസ് ചെയ്യുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഞങ്ങള്‍ മാത്യുമറ്റത്തിന്റെ നോവലില്‍ നിന്നും ഇറങ്ങിവന്ന കാമ്പസ്‌ പ്രണയ കഥാപാത്രങ്ങള്‍ ആണെന്ന് തോന്നുമായിരുന്നു.

എങ്കിലും ഞങ്ങള്‍ പ്രണയത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല എന്നതാണ് സത്യം. എന്നല്ല അധികം സംസാരിച്ചതേയില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ഞാന്‍ തിരികെവരുന്നതുവരെ കാത്തിരിക്കൂ എന്നെങ്കിലും അവളോട് പറയണോ എന്ന് ഞാനും അത്രയെങ്കിലും എന്നോട് പറഞ്ഞുകൂടേ എന്ന് അവളും ആ സമയം‌മുഴുവന്‍ ഉള്ളില്‍ ചോദിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായത് അഞ്ചുമാസം കഴിഞ്ഞ് അവള്‍ക്ക് വിവാഹാലോചന വന്നപ്പോഴാണ്.

അവളുടെ പഠനം നന്നായി കൊണ്ടുപോകുന്നതിനെക്കുറിച്ചും നല്ല ഒരു ജോലി വാങ്ങി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നതിനെക്കുറിച്ചും ഞാന്‍ എന്തോക്കെയോ പറഞ്ഞു. അവള്‍ പതിവുപോലെ എല്ലാം ശ്രദ്ധിച്ചുകേട്ടു. പിന്നെ അവള്‍ എനിക്കൊരു ചെറിയസമ്മാനം തന്നു. ഞങ്ങള്‍ പിരിഞ്ഞു.

ഇതൊക്കെ സത്യമാണെങ്കിലും രണ്ടുവര്‍ഷം അവള്‍ കാത്തിരുന്നെങ്കില്‍ പോലും ഒരു പെണ്ണിനെ താലികെട്ടി കൂടെകൂട്ടാന്‍ ഞാന്‍ എന്നെങ്കിലും തയ്യാറാകുമായിരുന്നോ എന്ന് എനിക്കുറപ്പില്ലാത്തതിനാല്‍ ഞാന്‍ കേരളം വിട്ടതിനു ശേഷം ഏത് സാധാരണ ഇന്ത്യന്‍ ചെറുപ്പക്കാരനും ചെയ്യുന്നതുപോലെ ആകസ്മികമായ ഒരു വിവാഹാലോചന വഴി അവളെ വിവാഹം കഴിച്ച അയാളോട് എനിക്ക് വൈരാഗ്യം തോന്നേണ്ട കാര്യമില്ല. അയാളല്ലെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിച്ചേനേ.

രാജേഷിനെ പറ്റിപറയാന്‍ ശ്രീജയുടെ അമ്മക്ക് നാവുനൂറാണ്. അയാള്‍ക്ക് നഗരത്തില്‍ നല്ല ബിസിനസ് ആണ്. അയാള്‍ക്ക് രണ്ടുകാറും നല്ല വീടും ഉണ്ട്. എല്ലാവരോടും നല്ല പെരുമാറ്റമാണ്. അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഉപദാനങ്ങള്‍ക്കിടയില്‍, സന്ധ്യാനാമത്തിനിടയില്‍ ‘രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം’ എന്ന് പാടുന്നതുപോലെ, ‘അവള്‍ക്കെന്തിന്റെ ഒരു കുറവാ’ എന്ന് ചോദിച്ചുകൊണ്ടിരിക്കും.

ഇതൊക്കെ സത്യമാണെങ്കിലും രാജേഷിനോട് എനിക്ക് വെറുപ്പുതോന്നാന്‍ കാരണം ശ്രീജയില്‍ നിന്ന് എനിക്കു ബോധ്യപ്പെട്ടിട്ടുള്ള ചിലകാര്യങ്ങളാണ്. വിവാഹത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാള്‍ അവളെ അയാളുടെ മനസ്സിന്റെ ഫോട്ടോകോപ്പി ആക്കി മാറ്റിയിരിക്കുന്നു.

ബാക്കിയുണ്ടായിരുന്ന പരീക്ഷകള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പഠിത്തം നിറുത്തി. ഐ.റ്റി. ഐ കാരനായ ബിസിനസ്സുകാരന് പഠിപ്പുള്ള ഭാര്യയെന്തിന്? എന്തെങ്കിലും ജോലികണ്ടുപിടിക്കാനുള്ള ആഗ്രഹം മുളയിലേ നുള്ളി. അവള്‍ക്ക് ചെലവിനുകൊടുക്കാന്‍ അയാള്‍ക്ക് ആവതുണ്ടല്ലോ.

ഒരു സാധനം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് ഇറങ്ങേണ്ട. ഒന്നും തെരഞ്ഞെടുത്ത് ബുദ്ധിമുട്ടണ്ട. അയാള്‍ വാങ്ങിക്കൊണ്ടുവരുന്നത് അവള്‍ പാചകം ചെയ്യുന്നു. അയാള്‍ തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ ഉടുത്തൊരുങ്ങി അയാളുടെ നിഴലായിമാത്രം വീടിന്റെ പടിയിറങ്ങുന്നു.

ഒരിക്കല്‍ എന്നോട് ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ‘അവളെ ഏല്പിച്ചാല്‍ ഒന്നും നടക്കില്ല മാഷേ’. അത് താങ്കളുടെ തെറ്റിദ്ധാരണയാണ്, ഞാന്‍ മനസ്സില്‍ പറഞ്ഞു.

ആറുമാസം കഴിഞ്ഞ് അതുപോലെ എന്തോ പറഞ്ഞപ്പോള്‍ ഒരു പരാജിതയുടെ ശബ്ദത്തില്‍ അവളും എന്നോടുപറഞ്ഞു: ‘ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല മാഷേ’. ഞാന്‍ നിലവിളിക്കുന്നത് അവള്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ഫോണ്‍ താഴെയിട്ടു.

നിങ്ങള്‍ക്കൊരുപക്ഷേ മനസ്സിലായിക്കാണും വിമാനത്താവളത്തിനു പുറത്ത് വേലിക്ക് ചെമ്പരുത്തി പൂത്തതുപോലെ വാടിയും തെളിഞ്ഞും കണ്ടമുഖങ്ങള്‍ക്കിടയില്‍ രാജേഷിനെ കണ്ടപ്പോള്‍, വീട്ടിലെത്തി തങ്ങള്‍ സന്തുഷ്ടരാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എന്നവണ്ണം അവളെ ചേര്‍ത്തുപിടിച്ച് വിജയിയുടെ വിടര്‍ന്ന ചിരി അയാള്‍ മുഖത്ത് വിടര്‍ത്തുമ്പോള്‍ , എനിക്ക് സദ്ദാം ഹുസൈന്റെ മുഖം ഓര്‍മവന്നതും അയാളുടെ സാന്നിധ്യം എന്നെ യുദ്ധഭൂമിയെക്കുറിച്ചോര്‍മിപ്പിച്ചതും എന്തുകൊണ്ടാണെന്ന്.

രാജേഷ് പുറത്തേക്ക് പോവുമ്പോള്‍ ശ്രീജ അകത്ത് കുട്ടിയെ ഉറക്കുകയായിരുന്നു. അവള്‍ പുറത്തേക്കുവരുന്നതു വരെ ഞാന്‍ റ്റി വി കണ്ടിരുന്നു. അവള്‍ എന്നോടൊപ്പം സെറ്റിയില്‍ വന്നിരുന്ന് എന്നോടെന്തോ പറയാന്‍ ശ്രമിച്ചു. അവള്‍ പറഞ്ഞത് ശരിയാകാഞ്ഞിട്ടോ ഞാന്‍ കേട്ടത് ശരിയാകാഞ്ഞിട്ടോ അടുക്കളയില്‍ ചെവി വട്ടം പിടിക്കുന്ന തമിഴത്തിപ്പെണ്ണിന്റെ സാന്നിധ്യം ഞങ്ങളെ അലോസരപ്പെടുത്തിയിട്ടോ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല.

ചേട്ടന്‍ വരുമ്പോഴത്തേക്ക് ഞാന്‍ മുറ്റമടിക്കട്ടെ എന്നുപറഞ്ഞ് ശ്രീജ പുറത്തേക്ക് പോയി. മുറ്റത്ത് ചൂലുരയുന്ന ശബ്ദം കേട്ടു. എങ്കില്‍ ഉയര്‍ത്തിക്കെട്ടിയ ഇറയത്തിരുന്ന് അവളോട് സംസാരിക്കാം എന്നോര്‍ത്ത് ഞാന്‍ പിന്നാലെയിറങ്ങി.

മുറ്റത്ത് അധികം അഴുക്കില്ലായിരുന്നെങ്കിലും ഒരേഭാഗം തന്നെ അവള്‍ വീണ്ടും തൂത്തുകൊണ്ടിരുന്നത് എന്നോട് സംസാരിക്കാനുള്ള വൈഷമ്യം കൊണ്ടാണൊ എന്ന് എനിക്ക് തോന്നാതിരുന്നില്ല. കുനിഞ്ഞുനിന്ന് മുറ്റമടിക്കുമ്പോള്‍ ഇളം മഞ്ഞനിറമുള്ള മാക്സിഗൌണിനുള്ളില്‍ അവളുടെ സമൃദ്ധമായ പിന്‍ഭാഗം ത്രിമാനചിത്രമായി തെളിഞ്ഞത് എന്നെ അലോസരപ്പെടുത്തി. അവളുടെ ഉടലിന്റെ പുഷ്ടി ഒരിക്കലും അതിനുമുന്നേ എന്റെ കണ്ണുകളില്‍ പെട്ടിരുന്നില്ല എന്നതില്‍ എനിക്ക് അതിശയവും തോന്നി.

എന്തോ പറഞ്ഞ് അവള്‍ എന്റെ നേരേ തിരിഞ്ഞുനിന്ന് മുറ്റമടിക്കാന്‍ തുടങ്ങി. സ്വര്‍ണം കൊണ്ടുള്ള വലിയ താലിയുള്ള ഒരു മാല അവളുടെ കഴുത്തില്‍ ഉടമസ്ഥതയുടെ അടയാളം പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് മറ്റൊരിടത്ത് ചെന്നുനിന്നു.

ഗൌണിന്റെ കഴുത്തറ്റം താഴ്ന്നതായിരുന്നു. അതിന്റെ മുകളിലെ കൊളുത്ത് ഇട്ടിട്ടുണ്ടായിരുന്നില്ല. ചെറിയചിത്രപ്പണികളുള്ള കറുത്ത ബ്രായുടെ ഉള്ളില്‍ അവളുടെ മുലകള്‍ ഇളകുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വിവാഹ ജീവിതം അവളുടെ ഉടലിനെ പുഷ്ടിപ്പെടുത്തി എന്ന് എനിക്കുറപ്പ് തോന്നി.

എന്റെ കള്ളനോട്ടം അവള്‍ കണ്ടാല്‍ ഉണ്ടാകുന്ന ജളതയും അരുതാത്തനോട്ടത്തിന്റെ കുറ്റബോധവും എന്നെ അസ്വസ്ഥനാക്കി. എന്നിട്ടും അവളുടെ മാറിടങ്ങളില്‍ നിന്ന് ബലമായി വലിച്ചുനീക്കിയ നോട്ടം അങ്ങോട്ടു തന്നെ വഴുതിപ്പൊയ്ക്കൊണ്ടിരുന്നു. ഇഷ്ടമുള്ള ഒരു പെണ്ണിന്റെ ഉടലിനോട് തോന്നുന്ന സ്വാഭാവികമാ‍യ താല്പര്യം എന്ന് ഞാന്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. എങ്കിലും അവളുടെ ചലങ്ങള്‍ അനുസരിച്ച് കാഴ്ചയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള എന്റെ ശ്രമം ന്യായീകരിക്കാന്‍ ആകുന്നതായിരുന്നില്ല.

മൂന്നോ നാലോ മിനുറ്റ് കഴിഞ്ഞപ്പോല്‍ മതിലിനപ്പുറം ഒരു മുരടനക്കം കേട്ടു. ‘രാജേഷില്ലേ മോളേ’ എന്നൊരു ചോദ്യവും. ഒരു മധ്യവയസ്കന്റെ മുഖം മതിലിനു മീതെ കണ്ടു. മലയാളിയായ ഒരു അയല്‍‌വാസിയെക്കുറിച്ച് രാജേഷ് സൂചിപ്പിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു.

അന്നേരമായിരുന്നു ശ്രീജ എന്ന് ഞെട്ടിച്ചത്. മുഖമുയര്‍ത്തി മറുപടി പറയുന്നതിനുമുന്നേ, മതിലിനപ്പുറം മുരടനങ്ങിയപ്പോഴേ, അവള്‍ അതിവേഗത്തില്‍ ഉടുപ്പിന്റെ കഴുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

അതിന്റെ അര്‍ത്ഥമെന്താണെന്ന് ഊഹിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശ്രീജ അയാളെ യാത്രയാക്കിയിരുന്നു. വിയര്‍ത്ത മുഖം ഉടുപ്പിന്റെ കൈകൊണ്ട് തുടച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. പിന്ന് തൂപ്പ് മടുത്തതുപോലെ ചൂല് മുറ്റത്തിന്റെ മൂലക്കിട്ട് അകത്തേക്ക് കയറിപ്പോയി.

ഇരുന്നിടത്തുനിന്ന് എഴുന്നേറ്റതോ അവളുടെ പിന്നാലെ അകത്തേക്ക് പോയതോ എന്തിനെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. അകത്തെത്തുമ്പോള്‍ ബാത്ത്‌റൂമിലെ വാഷ്‌ബേയ്സിനില്‍ മുഖം കഴുകി ബെഡ്‌റൂമിലേക്ക് ഇറങ്ങുകയായിരുന്നു ശ്രീജ. കുട്ടിയെ കിടത്തിയിരുന്ന തൊട്ടിലിനരികില്‍ നിന്ന് അവള്‍ മുഖം തുടക്കുന്നു.

അടുത്തുചെല്ലുമ്പോഴും അവള്‍ വായിച്ചെടുക്കാനാകാത്ത ഒരു പുഞ്ചിരിയോടെ അവിടെത്തന്നെ നിന്നു. പിന്നെ കളിയായി എന്റെ നെഞ്ചില്‍ വിരലോടിച്ചു. ‘മാഷിനു കുടവയറായി തുടങ്ങി…’

മറുപടിപറയാതെ അവളുടെ ഗൌണിന്റെ കഴുത്തിലെ ഫ്രില്ലുകളില്‍ വിരലോടിച്ചു. മാറിന്റെ മുഴുപ്പില്‍ വിരലുകള്‍ തൊട്ടും തൊടാതെയും നീങ്ങുമ്പോഴും അരയിലൂടെ കൈചുറ്റുമ്പോഴും അവള്‍ കുതറിയില്ല.

പതിഞ്ഞ പാദങ്ങളുമായി വീടുകാക്കുന്ന വേലക്കാരിയെയും മുറ്റത്തേക്ക് തുറന്ന ജനലിനെയും ഏതുനിമിഷവും രാജേഷ് കയറിവരാവുന്ന തുറന്ന ഗേറ്റിനെയും വകവയ്ക്കാതെ അടുത്തുള്ള കിടക്കയില്‍ അവളെ കീഴ്പെടുത്തണം എന്ന് തോന്നി.

ശ്വാസത്തിന്റെ വേഗവും ഹൃദയത്തിന്റെ താളവും അളന്നെടുത്ത് ചിരി വഴിമാറിയിട്ടും ചേര്‍ന്നടയാത്ത ചുണ്ടുകളിലേക്ക് ചുണ്ടുചേര്‍ത്ത് അവളെ രുചിക്കാനായി മുന്നോട്ടായുമ്പോഴേക്കും…

തൊട്ടിലില്‍ നിന്ന് ഒരു കരച്ചിലുയര്‍ന്നു.

ഒരുനിമിഷം ഒരുപാട് നിലവിളികളായി അത് ഓര്‍മയില്‍ പടര്‍ന്നു. യുദ്ധം ഇരമ്പുകയാണ്. വീണുപോയ സ്വേച്ഛാധിപതിയുടെ വികലമായ പ്രതിമക്കുമുകളില്‍ നൃത്തം വയ്ക്കുന്ന ജനം. പതിയെ നൃത്തത്തിന്റെ രംഗം മാറി. വിവാഹ വീടാണ്. പതിഞ്ഞ സംഗീതവും ഒതുക്കത്തിലുള്ള സംഭാഷണങ്ങളും മാത്രം. പിന്നെ വിമാനത്തിന്റെ ഇരമ്പല്‍…നിലവിളികളില്‍ പ്രകമ്പനങ്ങളില്‍ എല്ലാം ഒടുങ്ങുകയാണ്. കത്തുന്ന തെരുവുകളില്‍ കുരുന്നുകളുടെ അനാഥജഡങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്നു. ചുവന്ന അടിപ്പട്ടകെട്ടിയ വാര്‍ത്താ സ്ക്രീനില്‍ വിജയിയുടെ അശ്ലീലചിരിയോടെ ഒരാള്‍.. ‘ഹിംസ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിലെ അനിവാര്യമായ തിന്മയാണ്.’ മനം പുരട്ടി വരുന്നതുപോലെ.

‘മാഷേ..മോന്‍.. ഞാന്‍ മോനെയെടുക്കട്ടെ’ അവള്‍ കയ്യില്‍ നിന്നൂര്‍ന്നുപോയത് ശ്രദ്ധിച്ചില്ല. പരാജിതനെ പോലെ ഇറങ്ങി നടന്നു. ആരെയും സ്വതന്ത്രരാക്കാന്‍ മറ്റൊരാള്‍ക്കാകില്ലെന്നു തോന്നി.

വീടിന്റെ ഗേറ്റിറങ്ങി വഴിയിലിറങ്ങുമ്പോള്‍ എതിരെ വരുന്നു രാജേഷ്. ‘എന്താ മാഷേ വെറുതെയിരുന്നു മുഷിഞ്ഞോ’

മനസ്സ് എന്തോ യുദ്ധഭൂമിയില്‍ തന്നെയായിരുന്നു. ‘അത് .. രാജേഷിനറിയുമോ അമേരിക്കക്ക് ഒരിക്കലും ഇറാക്കില്‍ സമാധാനം കൊണ്ടുവരാനാവില്ല.’

‘ഓ മാഷിപ്പോഴും യുദ്ധത്തില്‍ തന്നെയാണല്ലേ.’ സഹതാപപൂര്‍വം ചിരിച്ച് അയാള്‍ അകത്തേക്ക് പോയി.

സഹതാപം തോന്നി. അയാളോടും. നിമിഷങ്ങള്‍ മുന്‍പ് വിരല്‍ തൊട്ട പൊട്ടിത്തരിക്കുന്ന ഉടല്‍ ഒരു പരാജിതന്റെ സാമ്രാജ്യമാണെന്ന് ഉറപ്പുള്ളതുകൊണ്ട്.

യക്ഷി

•September 11, 2007 • 29 Comments

പ്രസാദം തരിക! ശബ്ദം പുറത്തുകേട്ടുവോ എന്തോ. കേട്ടെങ്കില്‍ കേള്‍ക്കട്ടെ. ഇനിയും ആ കണ്ണുകളുടെ കനല്‍ചൂടില്‍ നില്‍ക്കാന്‍ വയ്യ.

നെയ്‌വിളക്കിന്റെ തെളിച്ചത്തില്‍ തുള്ളിവിറക്കുന്ന ഇരുട്ടില്‍നിന്ന് നടവാതില്‍ക്കലെ പുലര്‍വെളിച്ചത്തിലേക്ക്‌ നീണ്ട്‌ പ്രസാദമിറ്റിക്കുന്ന കറുത്തചരടുജപിച്ചുകെട്ടിയ, നിറയെരോമങ്ങളുള്ള കൈകളില്‍ വിറകലര്‍ത്തുന്നത്‌ ക്ഷോഭമോ മോഹമോ? അറിയണമെന്നില്ല.

തിരികെ നടന്നു. ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ കയ്യിലിരുന്ന പ്രസാദം അശുദ്ധവസ്തുപോലെ ശ്രീകോവിലിന്റെ പിന്നിലെ ഇടുങ്ങിയ ചാലിലേക്കിട്ടു.

ജീവിതത്തില്‍ അഴുക്ക്‌ ആവശ്യത്തിനില്ലാഞ്ഞിട്ടാണോ ദേവീ നിന്റെ തൃക്കോവിലിലും വജ്രമെരിയുന്ന കണ്ണുകൊണ്ട്‌, ഓരാതിരിക്കെ ചുണ്ടുനനയ്ക്കുന്ന നാവുകൊണ്ട്‌, ഉടല്‍തീണ്ടി രുചിയും ഗന്ധവും തേടുന്ന സര്‍പ്പം?

കറുത്തരോമങ്ങളുള്ള വയറിനുകുറുകേനീണ്ട്‌ നെഞ്ചിലേക്കിഴയുന്ന പൂണൂല്‍ കാവിലെ ചൂരല്‍പടര്‍പ്പിലേക്ക്‌ ഇഴഞ്ഞുപോകെ നിര്‍മമായ വിരക്തികൊണ്ട്‌ മോഹിപ്പിക്കുന്ന നാഗത്താന്മാരെപ്പോലെയാണെന്ന് മുന്‍പെന്നോ തോന്നിയിരുന്നു.

സര്‍പ്പക്കാവിനരികിലെ ഇടവഴിയിലേക്കിറങ്ങുമ്പോഴേക്കും “യദ്‌ പക്ഷസ്ഥാ ത്രിവേദി ത്രിഗുണജലനിധിര്‍ ലംഘ്യതേ…” എന്ന് പഞ്ചാഷ്ടകം ജപിച്ചുതുടങ്ങുന്ന അമ്മയോട്‌ മാത്രമായിരുന്നോ നാഗങ്ങള്‍ക്ക്‌ വിരക്തി?

ചൂരല്‍ വള്ളികളില്‍ നിന്ന് ഇരുള്‍ ഇറ്റുവീഴുന്ന വന്മരങ്ങള്‍ക്കു താഴെ നാഗത്താന്മാരും നാഗയക്ഷികളും മനുഷ്യരൂപം പൂണ്ട്‌ സല്ലപിക്കാറുണ്ടത്രേ. കഥയാണെന്നേ നിനച്ചുള്ളൂ.

എന്നിട്ടും ഇന്നലെയുച്ചക്ക്‌ കാവിനുള്ളില്‍ നിന്ന് കളിചിരികേട്ടപ്പോള്‍ ആകാംക്ഷയടക്കാനായില്ല. ദേവക്രീഡകള്‍ മുടക്കുന്നത്‌ പാപമാണെന്ന് അറിഞ്ഞിട്ടും ചൂരല്‍ വള്ളികള്‍ വകഞ്ഞുനീക്കി നാലുചുവട്‌ ഉള്ളിലേക്ക്‌ കയറി.

നാഗയക്ഷിക്ക്‌ പടിഞ്ഞാറേക്കരയിലെ ദേവിയേടത്തിയുടെ ചിരിപകര്‍ന്നുകിട്ടിയതില്‍ കൗതുകം തോന്നിയില്ല. ഒതുക്കത്തില്‍ ചിലതൊക്കെ കേട്ടിരിക്കുന്നു.

പക്ഷേ ദേവിയേടത്തിയുടെ വിയര്‍ത്ത ചുമലിനുമീതേ എല്ലാ പുലരിയിലും ശ്രീകോവിലിനകത്തുനിന്ന് വജ്രക്കണ്ണുകൊണ്ട്‌ ഉടല്‍തീണ്ടുന്ന സര്‍പ്പത്തിന്റെ മുഖം കാണെ പകച്ചുപോയി. അയാളും കണ്ടിരിക്കുന്നു എന്ന് തീര്‍ച്ച.

ഇത്രയും കഴിഞ്ഞിട്ടും നാണമില്ലല്ലോ മനുഷ്യന്റെ മുഖത്തേക്ക്‌ തുറിച്ചുനോക്കാന്‍. യോഗ്യതയെന്ന് വിചാരിക്കുന്നുണ്ടാവും. വൃത്തികെട്ടവന്‍.

രാത്രികളില്‍ മുകളിലെ കിടക്കമുറിയില്‍ നിന്ന് കേള്‍ക്കാറുണ്ട്‌ അമ്മയുടെ ഞരങ്ങലും മൂളലും. ചെറിയച്ഛന്റെ ശിവതാണ്ഡവമാണ്‌. പ്രഭാതങ്ങളില്‍ പടിയിറങ്ങിവരുമ്പോള്‍ മുഖത്ത്‌ അമ്മയെ മെരുക്കിയെടുത്തതിന്റെ അഹന്ത കത്തുന്നതു കാണാം. മനംപുരട്ടും.

സര്‍പ്പക്കാവില്‍ നിന്ന് തോടിറങ്ങിവേണം പാടവരമ്പത്തേക്ക്‌ കയറാന്‍. പാടം കുറുകേ കടന്ന് തെറിതിക്കാവുവഴി ഇടവഴി കയറിപ്പോയാല്‍ കവലയിലൂടെയുള്ള നാട്ടുവഴിചുറ്റാതെ വീട്ടിലെത്താം. വഴിയിലെവിടെയെങ്കിലും ഉണ്ണി കാത്തുനില്‍പുണ്ടാവും. വെറുതെ കൊച്ചുവര്‍ത്തമാനം പറയാന്‍.

തോട്ടിലെ തെളിവെള്ളത്തില്‍ കാലുകഴുകാന്‍ തുടങ്ങിയിട്ട്‌ ഇത്തിരിനേരമായിരിക്കുന്നു. എന്തഴുക്കാണ്‌ പുരണ്ടതെന്നോര്‍മ്മയില്ല. ചിരിക്കാതെന്തുചെയ്യും.

അമ്മയെ ആണ്‌ പിന്നെയും ഓര്‍മവരുന്നത്‌. സര്‍പ്പക്കാവിനരികിലൂടെ നടക്കുമ്പോള്‍ ഗരുഡപഞ്ചാഷ്ടകം ജപിക്കുന്ന വൈരുധ്യം എല്ലാക്കാര്യങ്ങളിലും അവര്‍ സൂക്ഷിച്ചിരുന്നോ?

കവലയില്‍ പോകുന്നത്‌ ഇഷ്ടമായിരുന്നില്ല അവര്‍ക്ക്‌. എന്തെങ്കിലും ആവശ്യത്തിനുപോയി വന്നാല്‍ പിന്നെ വിസ്തരിച്ച്‌ മേലുകഴുകലാണ്‌.

കവലയിലെ വായുവിന്‌ പുരുഷഗന്ധമാണെന്നത്‌ ശരി. ഊതിയും തുപ്പിയും നിറച്ച പുകയിലയുടെ, വെയിലുറയ്ക്കെ ആദ്യമുറ കള്ളെത്തുമ്പോള്‍ മുതല്‍ തുടങ്ങുന്ന ലഹരിയുടെ, ചടങ്ങിനുമാത്രം പല്ലുതേച്ച്‌, പുലര്‍ന്നിരുട്ടുവോളം ഉമിനീര്‍കലര്‍ത്തി ചവച്ചുതുപ്പുന്ന രാഷ്ട്രീയത്തിന്റെ, കിടപ്പറക്കഥകളുടെയും അംഗോപാംഗവര്‍ണനകളുടെയും ചൂരുകലര്‍ന്ന അശ്ലീലത്തിന്റെ, ഗന്ധം.

അച്ഛനുള്ളപ്പോള്‍ അമ്മ പുറത്തുവന്ന് മേലുകഴുകി അടുക്കളകയറുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ കവലയിലെ ദുര്‍ഗന്ധം മുഴുവന്‍ ചെറിയച്ഛന്റെ രൂപത്തില്‍ വീടുവാഴുമ്പോള്‍ എന്തിനാണോ ഈ കഴുകലും കുളിയും?

പേടിയാണ്‌. ചിലപ്പോള്‍ മുകള്‍മുറിയിലെ താണ്ഡവത്തിന്റെ താളമൊതുങ്ങുപോള്‍ കെട്ടുബീഡിയുടെ ഗന്ധവും ലഹരിയില്‍ പതിഞ്ഞപദതാളവുമുള്ള ഒരുനിഴല്‍ മുകള്‍നിലയില്‍ നിന്ന് പടികളിറങ്ങിവരുന്നുവോ എന്ന് ഭീതിയോടെ കാതോര്‍ക്കാറുണ്ട്‌.

അമ്മയ്ക്കും ഭയമുണ്ടെന്ന് തോന്നുന്നു. ഉടല്‍ ഉണര്‍ന്ന പുത്രിയെ സ്വന്തം പുരുഷന്റെകണ്ണില്‍ നിന്ന് കാക്കാനല്ലേ എല്ലാവൈകുന്നേരവും തൈലം തേച്ചുകുളിച്ച്‌ പൂചൂടിയൊരുങ്ങുന്നത്‌? താണ്ഡവതാളത്തിനു താഴെയമരുമ്പോഴും നിലവിളികള്‍ ഞരക്കങ്ങളായി കാക്കുന്നത്‌?

പാവം. ഇപ്പോള്‍ സര്‍പ്പക്കാവിലും ഭഗവതിക്ഷേത്രത്തിലുമുള്ള പോക്കുപോലും നിന്നിരിക്കുന്നു. വൈകുമ്പോള്‍ തെറിതിക്കുമാത്രം ഒരു വിളക്ക്‌.

തെറിതിക്കാവില്‍ ആളനക്കമില്ല. അവിടെ അധികമാരും വരാറില്ല. വിളക്കുവച്ചുതൊഴുന്ന സ്ത്രീകളോടല്ലാതെ ആരോടും മമതയില്ലാത്തവളാണ്‌ തെറിതി. തെറിതിപ്പാല എന്നുവിളിക്കുന്ന വയസ്സന്‍ ചെമ്പകമരത്തിനു കീഴെക്കൂടെനടക്കാന്‍ പുരുഷന്മാര്‍ ഇപ്പോഴും മടിക്കും.

പണ്ട്‌ ഭഗവതിയെതൊഴാന്‍ ഒരുമിച്ചുപോകുമായിരുന്ന കാലത്ത്‌ അമ്മ പറഞ്ഞിട്ടുണ്ട്‌ ആ കഥ. എല്ലാ യക്ഷികളുടെയും കഥ തന്നെ.

ഊരാണ്മയും അധികാരവുമുള്ള മനയ്ക്കലെ കന്യകയായിരുന്ന ഭവത്രേയി, നാട്ടധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി അച്ഛനും അപ്ഫന്മാരും ചേര്‍ന്ന് അവളെ വൃദ്ധനായ നാടുവാഴിയുടെ നാലാം ഭാര്യയാക്കി വില്‍ക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ ചെമ്പകച്ചോട്ടില്‍ വച്ച്‌ ദുര്‍മരണപ്പെട്ട കഥ.

പ്രണയാഭിലാഷങ്ങള്‍ മറ്റേതോ ഹൃദയത്തില്‍ കുരുങ്ങിപ്പോയിരുന്ന ഭവത്രേയി ഉഗ്രമൂര്‍ത്തിയായി ചെമ്പകമരത്തില്‍ കുടിയേറി.

ചെമ്പകപ്പൂക്കള്‍ക്ക്‌ മൃതിഗന്ധമായി. ആണ്‍തരികള്‍ അപമൃത്യുവാര്‍ന്ന് മന അന്യംനിന്നു. കാവും കാടുമായിപ്പടര്‍ന്ന പറമ്പിനരികിലൂടെ വഴിതെറ്റിയെങ്കിലും കടന്നുപോയ പുരുഷന്മാര്‍ ചെമ്പകച്ചോട്ടില്‍ രേതസ്സും ചോരയുംവാര്‍ന്നുകിടന്നു.

പതിറ്റാണ്ടുകള്‍ നീണ്ട പൂജകൊള്‍ക്കൊടുവില്‍ യക്ഷി പ്രസന്നമൂര്‍ത്തിയായ തിരുതെറിതിയായി, സ്ത്രീജനങ്ങളുടെ രക്ഷകയായി. പുരുഷന്മാര്‍ തെറിതിയെ ഇപ്പോഴും ഭയപ്പെടുന്നു.

പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു എന്നൊരുചോദ്യം മനസ്സില്‍ വന്നത്‌ ചോദിച്ചില്ല. രതിയുടെ വശ്യഗന്ധം പൂക്കുന്ന ചെമ്പകക്കൊമ്പില്‍ നിന്ന് മരണത്തിലേക്ക്‌ പറന്നുപോകുന്ന പുരുഷനോട്‌ അസൂയ തോന്നിയോ?

ഉണ്ണിയുടെ സൈക്കിളെന്തേ തെറിതിപ്പാലക്ക്‌ താഴെ? അമ്പലത്തില്‍ പോയിവരുന്ന വഴിക്ക്‌ കിന്നരിക്കാന്‍ കാത്തുനില്‍ക്കാറുണ്ടെങ്കിലും ഇവിടെ വന്നിട്ടില്ല ഇതുവരെ.

ഈയിടെയായിട്ട്‌ കുന്നായ്മകൂടുന്നുണ്ട്‌ ചെക്കന്‌. കയ്യും കണ്ണും തപ്പിത്തടഞ്ഞ് വേണ്ടാത്തിടത്തൊക്കെ എത്തും ഇപ്പോള്‍. അറിയാഞ്ഞല്ല. “നീയെന്റെ മുറപ്പെണ്ണല്ലേടീ?” എന്നാണ്‌ അവകാശവാദം.

അവനെ ഇഷ്ടമാണ്‌. പക്ഷെ ചെറിയച്ഛന്‍ തന്നെ ആര്‍ക്കെങ്കിലും വിലപറഞ്ഞു വില്‍ക്കും എന്നുറപ്പാണ്‌. വെറുതെയെന്തിന്‌ അവനെ മോഹിപ്പിക്കണം?

കച്ചവടം കഴിയുന്നത്‌ വരെ ഇങ്ങനെ അവന്‍ പോലും നേരേ പറയാന്‍ മടിക്കുന്ന കിനാവുകളില്‍ അവന്റെ പെണ്ണായി ജീവിക്കാം. അതൊരു മോഹം.

കാണുന്നില്ലവനെ. സൈക്കിള്‍ പാലച്ചോട്ടില്‍ അടയാളം പോലെ വച്ചിട്ട്‌, മരത്തിനപ്പുറം വള്ളിച്ചെടികള്‍ മൂടിക്കിടക്കുന്ന കാവിലെവിടെയോ മറഞ്ഞുനില്‍ക്കുകയാണ്‌ ‍. തേടിച്ചെല്ലും എന്ന് അവനറിയാം.

ചെടിച്ചില്ലകളില്‍ കുരുങ്ങുന്ന പാവാടയൊതുക്കിപ്പിടിച്ച്‌ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ്‌ വേണം കാവിനുള്ളിലേക്ക് കയറാന്‍. വിളക്കുവയ്ക്കുന്ന തറയില്‍ അണഞ്ഞവിളക്കുകള്‍ക്കു ചുറ്റും തണ്ടോടെ ഒടിച്ചെടുത്ത മുല്ലപ്പൂങ്കുലകള്‍.

അമ്മായി പൊന്നുപോലെ നോക്കുന്ന മുല്ലയില്‍ നിന്നാണ്‌. ഇവനിന്നു കിട്ടും.

ഒരുകുലപ്പൂവു മുഖത്തോടുചേര്‍ത്തു. മഞ്ഞിന്റെ നനവുമാറിയിട്ടില്ല. നല്ലമണം. പൂങ്കുല കഴുത്തിലൂടെ മെല്ലെയോടിച്ച്‌ നെഞ്ചോട്‌ ചേര്‍ത്തുവച്ചു. ഉടലിലേക്ക്‌ സുഗന്ധം പടര്‍ന്നുകയറുന്നതുപോലെ.

എവിടെയെങ്കിലും ഇരുന്ന് ഒളിഞ്ഞുനോക്കുന്നുണ്ടാവും കള്ളന്‍.

പിന്നിലെ ആളനക്കവും കണ്ണുപൊത്തുന്ന കൈകളും പ്രതീക്ഷിച്ചതായിരുന്നു. കുതറിവട്ടം ചുറ്റുമ്പോള്‍ അവന്‍ പിന്നില്‍ തന്നെയൊളിക്കുന്നു.

മുഖം തിരിക്കാന്‍ അനുവദിക്കാതെ മുറുകെപ്പിടിക്കുന്ന കൈക്ക്‌ പതിവില്ലാത്തബലം. മാറിലടുപ്പിച്ച മുല്ലപ്പൂക്കളിലേക്ക്‌ പാഞ്ഞുകയറുന്ന വിരലുകള്‍ക്ക്‌ ഇതുവരെയറിയാത്ത സര്‍പ്പവേഗം.

കഴുത്തില്‍ വന്നമരുന്ന ചുണ്ടില്‍, ചുട്ടുപൊള്ളുന്ന ശ്വാസത്തില്‍ കെട്ടുബീഡിയുടെ ഗന്ധമുണ്ടോ? താടിയില്‍ ബലമായമര്‍ത്തിയ വിരലുകള്‍ക്കുതാഴെ കൈത്തണ്ടയില്‍ ജപിച്ചുകെട്ടിയ ചരടും കറുത്ത രോമങ്ങളുമുണ്ടോ?

കാറ്റിലുലയുന്ന ചെമ്പകച്ചില്ലകളില്‍ അടഞ്ഞനിലവിളികള്‍ ഞരക്കങ്ങളായി വിതുമ്പുന്നോ? വിക്ഷോഭത്തില്‍ അടഞ്ഞുപോകുന്ന കണ്ണുകള്‍ക്കുമുന്നില്‍ സര്‍പ്പനേത്രങ്ങളുടെ വജ്രശോഭ മിന്നുന്നുവോ?

അമ്മേ…

പിന്നോട്ട്‌ ഇടിച്ചകൈമുട്ടുകളില്‍ എന്ത്‌ കരുത്താണ്‌ വന്നാവസിച്ചതെന്നറിയില്ല. പിന്തിരിയുമ്പോള്‍ കല്‍വിളക്കില്‍ തലയിടിച്ച്‌ നെറ്റിയിലൊഴുകുന്ന ചോരയുമായി നിലത്തുപിടയുന്ന ഉണ്ണി. അവന്റെ കണ്ണില്‍ പകപ്പ്‌.

എന്റെ ഭഗവതീ…കണ്ണില്‍ ഇരുട്ടു കയറുന്നുവല്ലോ..

അരികില്‍ മുട്ടുകുത്തി അവന്റെ തലപിടിച്ചുയര്‍ത്തി നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ മാറിടം നനുത്ത ഇളം ചൂടില്‍ നനയുന്നു. ഭയം പോയ്‌മറഞ്ഞിരിക്കുന്നു. പകുതിയടഞ്ഞ അവന്റെ കണ്ണുകളില്‍ നിര്‍വൃതിയോ ആലസ്യമോ? അറിയില്ല. ചുണ്ടോട്‌ ചുണ്ട്‌ ചേര്‍ത്ത്‌ അവനെ ചുംബിക്കാന്‍ മോഹം തോന്നുന്നു.

മുറിവില്‍ അമര്‍ന്നിരുന്ന അവന്റെ വലതുകൈ പിടിച്ചുമാറ്റി വിരലുകള്‍ മാറിടത്തില്‍ ചേര്‍ത്തു. ഇഴയുന്ന വിരലുകളില്‍ സര്‍പ്പവേഗമില്ല. തരളമായ വിറയല്‍ മാത്രം. കുനിഞ്ഞ്‌ അവനെ ഉമ്മവച്ചു. വിറയാര്‍ന്ന കണ്‍പോളകളില്‍, തുടികൊള്ളുന്ന കവിളുകളില്‍… ചോരവാര്‍ന്നൊഴുകുന്ന നെറ്റിയില്‍….

പുല്‍തലപ്പുകളിലേക്ക്‌ അവനെ ചായ്ച്ചുകിടത്തി അരക്കെട്ടിലെ തുടിക്കുന്ന ചൂടിലേക്ക്‌ താഴ്‌ന്നിരുന്ന്, ഉണര്‍ന്ന മാറിടങ്ങള്‍ അവന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌ അവന്റെ മുകളിലേക്ക്‌ ചായുമ്പോള്‍, ചുണ്ടില്‍ പടര്‍ന്ന ചോര നാവുകൊണ്ട്‌ രുചിയോടെ പരതിയെടുക്കുമ്പോള്‍ ഉള്ളില്‍ ലഹരിമാത്രം.

പുലര്‍കാറ്റില്‍ കാലംതെറ്റിപ്പൂത്ത ചെമ്പകപ്പൂക്കളുടെ സുഗന്ധം.

ജഡം

•August 28, 2007 • 24 Comments


ഇടിഞ്ഞുതുടങ്ങിയകരയില്‍നിന്ന് പകുതി അടര്‍ന്ന് വെള്ളത്തിലേക്ക്‌ ചാഞ്ഞുകിടക്കുന്ന ഇല്ലിക്കെട്ടിനെ ചുറ്റിവളഞ്ഞാണ്‌ പുഴ ഒഴുകുന്നത്‌. ചാഞ്ഞുകിടക്കുന്ന മുളം കഴകളിലെ മുകളിലെ ചില്ലകള്‍ വെട്ടിമാറ്റിയുണ്ടാക്കിയ തെളിച്ചത്തിലൂടെ നടന്ന് നടുഭാഗത്തെത്തി, മുണ്ടു മടക്കിക്കുത്തി, കാലുകള്‍ മുള്ളുകൊള്ളാതെ സൂത്രത്തില്‍ നീട്ടിവച്ചിരുന്നാല്‍, ഇല്ലിക്കെട്ടിനടിയിലൂടെ വെള്ളം കുത്തിയൊഴുകിയുണ്ടായ കയത്തില്‍ ചൂണ്ടയിടുകമാത്രമല്ല, അകലെ വനത്തിന്റെ ഓരത്തുനിന്നും തൊട്ടരികില്‍ ഇലഞ്ഞിമരത്തണലിലെ കടവുവരെ ആറ്റരികത്ത്‌ നടക്കുന്ന സര്‍വതും ഒതുങ്ങിയ ഒരു നോട്ടത്തില്‍ കാണുകയും ചെയ്യാം. ഇല്ലിത്തുമ്പുകളെ ഒഴുക്ക്‌ അല്‍പമൊക്കെ വലിച്ചുനീക്കി ഇടക്കൊക്കെ ക്ഷീണിച്ച്‌ പിടിയയച്ച്‌ വിടുമ്പോള്‍ ഊഞ്ഞാലാടുന്ന സുഖവും വെയിലേറുമ്പോള്‍ നീരിലിറങ്ങി മുങ്ങിവരുന്നകാറ്റിന്റെ കുളിരും.

എന്തിന്‌ പറയുന്നു, ചുരുക്കത്തില്‍ സുഖമായിരുന്നു മാത്തച്ചന്റെ ജീവിതം. രാവിലെ പറമ്പിലെ റബറുവെട്ടി പാലെടുത്തൊഴിച്ചാല്‍ വൈകുന്നേരം മൂഴിക്കലവറാന്റെ ഷെഡ്ഡില്‍ ഷീറ്റടിക്കാന്‍ പോകുന്നതുവരെ ചൂണ്ടയിടീല്‍. ഷീറ്റുവില്‍ക്കാനും പീടികയില്‍നിന്ന് സാധനം വാങ്ങാനും കവലയില്‍ പോയി, സുകുമാരന്റെ ഷാപ്പില്‍നിന്ന് ആറ്റുമീന്‍കൊടുക്കുന്നവകയില്‍ അന്തിക്കള്ളുമോന്തി, പിന്നെ കവലയില്‍നിന്ന് വയല്‍കടന്ന് കുന്നുകയറുന്നതിനുമുന്നെ നാരായണിയുടെ കൂരക്കുമുന്നില്‍ ഒന്ന് ഒതുക്കത്തില്‍ നിന്ന് ഊഴം ശരിയാണെങ്കില്‍ ….ഓ ഇരുട്ടിയാല്‍ വെളുക്കുന്നതെങ്ങിനെയെന്ന് ആര്‍ക്കറിയണം.

അങ്ങനെ ഒരു ദിവസം ഉച്ചയോടടുത്തനേരം ക്യുട്ടിക്കൂറാ പൗഡറിന്റെ പഴകിയപാട്ടയില്‍ നിന്ന് ജീവനുള്ള ഇരയെ വലിച്ചെടുത്ത്‌ ചൂണ്ടക്കൊളുത്തില്‍ കൊരുത്ത്‌ കയ്യില്‍ പറ്റിപ്പിടിച്ച വഴുവഴുക്കുന്ന മെഴുക്ക്‌ തലയുടെപിന്നില്‍ ധാരാളമായുള്ള മുടിയില്‍ തേച്ച്‌ നിവര്‍ന്നുനോക്കുമ്പോഴാണ്‌ അല്‍പമകലെ പുഴയിലേക്ക്‌ വീണുപോയ ഒരു ആറ്റുവഞ്ചിയുടെ ചില്ലകളില്‍ കുരുങ്ങി ചുഴികുത്തുന്ന വെള്ളത്തില്‍ തിരിഞ്ഞ്‌ ഒരു തുണിക്കെട്ട്‌ ഒഴുകിവരുന്നത്‌ മാത്തച്ചന്‍ കണ്ടത്‌.

തുണിക്കെട്ട്‌ തിരിഞ്ഞപ്പോഴേ അതിനുമുന്നില്‍ രണ്ടുപാദങ്ങള്‍ പൊങ്ങിനില്‍ക്കുന്നത്‌ കാണാനുംഅതിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരിക്കാനുള്ള ഊഹിക്കാനും മാത്തച്ചനായുള്ളൂ. പുഴനിരപ്പിലേക്ക്‌ താഴ്‌ന്ന മുളംകൂട്ടത്തിലിരുന്ന് നോക്കുന്നതിന്‌ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്തന്‌ മനസ്സിലായത്‌ അന്നേരമാണ്‌. പുഴയുടെ കര കാണാനാവുമെങ്കിലും ഒഴുക്ക്‌ തിരശ്ചീനമായ കാഴ്ച്ചയില്‍ പലതും മറച്ചുവയ്ക്കുന്നു.

ആരാണെന്നറിയാന്‍ മാത്തച്ചന്‌ ആകാംക്ഷതോന്നിയില്ല. എങ്കിലും തുണിക്കെട്ടിന്റെ ചുമപ്പ്‌ നിറത്തില്‍ നിന്ന് വാസുവാശാരിയുടെ ഭാര്യ ലളിതയാണതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രണ്ടുദിവസമായി അവര്‍തമ്മില്‍ വഴക്കുകൂടുന്നതും എവിടെയെങ്കിലും പോയി
ചാകുമെന്ന് ലളിതയും ചത്തില്ലെങ്കില്‍ കൊല്ലുമെന്ന് ആശാരിയും പറയുന്നതും മാത്തച്ചന്‍ കേട്ടിരുന്നു.

പന്ത്രണ്ടും പതിനാലുംവയസ്സുള്ള പെണ്മക്കളെ ലളിത അമ്മയുടെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയപ്പോഴേ എന്തെങ്കിലും നടക്കും എന്ന് മാത്തന്‍ ഊഹിച്ചതാണ്‌. ഒപ്പം കുടിക്കാന്‍ വൈകുന്നേരം ഷാപ്പില്‍ കണ്ടപ്പോള്‍ എന്തിനാണുവഴക്കെന്ന് ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും അന്നേരം തങ്കപ്പന്‍ മാറ്റിനിപ്പടത്തിന്റെ കഥപറയുകയായിരുന്നതുകൊണ്ട്‌ സാധിച്ചിരുന്നില്ല.

ഒഴുകിയടുടുത്തെത്തിയ ലളിത മുളംതലപ്പിനു ചുറ്റിപ്പോകുന്ന ഒഴുക്കിലേക്ക്‌ നീങ്ങിയപ്പോള്‍ മുഖത്തിന്റെ വശം കരുവാളിച്ചിരുന്നത്‌ മാത്തച്ചന്‍ കാണുകയും ആശാരി ലളിതയെ കൊന്നുവെള്ളത്തിലിട്ടതാണോ എന്ന ഒരു സംശയം അയാള്‍ക്ക്‌ തോന്നുകയും ചെയ്തു. എങ്കിലും ശ്രദ്ധയോടെ അയാള്‍ എഴുന്നേറ്റത്‌ ഒഴുകിപ്പോകുംമുന്‍പ്‌ ലളിതയെ ഒരിക്കല്‍ക്കൂടി നോക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌.

മാറിനുകുറുകെ വീതിയുള്ള ഈരിഴയന്‍തോര്‍ത്ത്‌ മാത്രം ചുറ്റിക്കെട്ടി മുകളിലെ കടവില്‍ കുളിക്കാനിറങ്ങുന്ന ലളിതയെ എത്രതവണയാണ്‌ മീന്‍ നോക്കാനായിചുറ്റിനടക്കുമ്പോള്‍ അയാള്‍ നോക്കിനിന്നിട്ടുള്ളത്‌. ഈരിഴയന്‍ തോര്‍ത്തിലൂടെ തെളിയുന്ന ഉടലിന്റെ ധാരാളിത്തത്തിനപ്പുറമൊന്നും ലളിത തനിക്ക്‌ അനുവദിച്ചിട്ടില്ലെന്നത്‌ മാത്തച്ചന്റെ സ്വകാര്യനോവുകളിലൊന്നായിരുന്നു.

ഇപ്പോള്‍ മരിക്കാന്‍ പോയപ്പോഴും അവള്‍ ഈരിഴയന്‍ തോര്‍ത്തിലായിരുന്നുന്നെങ്കില്‍ പ്രതികൂലമായ കാറ്റില്‍ ഒഴുക്കിനെതിരെ കയറിവരുന്ന ഓളങ്ങള്‍ തനിക്ക്‌ ഒരുപകാരം ചെയ്തിരുന്നേനെ എന്ന് അയാള്‍ ഓര്‍ക്കാതിരുന്നില്ല.

മുളം ചില്ലയില്‍ ചുവന്ന ഉടുപ്പിന്റെ അറ്റം കുരുങ്ങി ലളിത അവിടെത്തന്നെ നിന്നാല്‍ എന്തു സംഭവിച്ചേക്കുമെന്നോര്‍ത്ത്‌ മാത്തച്ചന്‍ അസ്വസ്ഥനായി. പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ആറ്റിറമ്പു നശിപ്പിച്ചാല്‍ ഇനി മീന്‍പിടിക്കാന്‍ പോലും മറ്റൊരു സ്ഥലം തിരയേണ്ടിവരും. കാല്‍ക്കീഴിലെ മുളംകഴകള്‍ ഒന്നു ചവിട്ടിക്കുലുക്കിയപ്പോള്‍ ലളിത വെള്ളത്തില്‍ ഒന്നുകൂടി തിരിഞ്ഞ്‌ കാല്‍പാദം മാത്തച്ചനു നേരേ തിരിച്ച്‌ വീണ്ടും ഒഴുകിപ്പോയി.

അന്നുരാവിലെ മാത്തച്ചന്‍ ലളിതയെ കണ്ടിരുന്നു. ലളിത ആറിലൂടെ ഒഴുകാന്‍തുടങ്ങുമ്പോള്‍ താന്‍ മുളം‌തഴപ്പിലിരുന്ന് മീന്‍പിടിക്കുകയായിരിക്കണം എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ കൗതുകം തോന്നി.

മാത്തച്ചന്റെ അമ്മ മരിക്കുന്നത്‌ മൂന്നുവര്‍ഷം മുന്‍പ്‌ ഇതുപോലെ മാത്തച്ചന്‍ ഇലഞ്ഞിച്ചോട്ടിനപ്പുറത്ത്‌ ചൂണ്ടയിടുന്ന നേരത്താണ്‌. രാവിലെ കാലുകള്‍ കോച്ചിപ്പിടിക്കുന്നതിനു തൈലം വേണം എന്ന് അമ്മ പറഞ്ഞിരുന്നതാണ്‌. വൈകുന്നേരം വാങ്ങാമെന്നോര്‍ത്ത്‌ മീന്‍ പിടിക്കാന്‍ പോന്നതാണ്‌ മാത്തച്ചന്‍. ഷീറ്റടിക്കാന്‍ നേരം വീട്ടില്‍ കയറുമ്പോള്‍ കാലുകള്‍ വല്ലാതെ പിണച്ച്‌ തുറിച്ചകണ്ണുമായി തറയില്‍
കിടക്കുകയായിരുന്നു അമ്മ.

കാലുകോച്ചിപ്പിടിച്ചാല്‍ മനുഷ്യരാരും മരിക്കാറില്ലെന്ന് മാത്തച്ചനറിയാമായിരുന്നെങ്കിലും അന്നുമുതല്‍ ഇലഞ്ഞിച്ചോട്ടിനപ്പുറത്ത് മീന്‍പിടിക്കാന്‍ പോകാന്‍ മാത്തച്ചനു തോന്നിയില്ല. അടുത്ത മഴയില്‍ ഇല്ലിക്കാട്‌ ചായുംവരെ മാത്തച്ചന്റെ ചൂണ്ട വീടിന്റെ കഴുക്കോലില്‍ വിശ്രമിച്ചു.

വെള്ളത്തില്‍ പെട്ടെന്നു കണ്ട നിഴലുകള്‍ മായ്ച്ചുകളയാന്‍ മാത്തച്ചന്‍ ചൂണ്ടവെട്ടിച്ചു. ചരടിലെ ഈയം വട്ടത്തില്‍ വളയങ്ങള്‍ വരച്ച്‌ വെള്ളത്തില്‍ പിടഞ്ഞുചാടിയിട്ടും വെള്ളത്തിലേക്ക്‌ വീണ്ടും നോക്കാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ഇല്ലിത്തഴപ്പിനു താഴെ കയത്തിലെ ഇരുട്ടില്‍ പായുന്ന ഒഴുക്കില്‍ ഒഴുക്കില്‍ ശവങ്ങള്‍ നിരനിരയായി ഒഴുകിപ്പോകാറുണ്ടെന്നത്‌ വെറും ഒരു തോന്നലാണെന്ന് പലപ്പോഴും സ്വയം പറഞ്ഞുനോക്കിയിട്ടുണ്ട്‌ മാത്തച്ചന്‍. എന്നിട്ടും വെള്ളത്തില്‍ക്കൂടി നെടുകേ നീന്തുന്ന ചിലനിഴലുകള്‍ അയാളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

കാട്ടുപൊന്തകളില്‍ അനക്കം. അവനാണ്‌.ആറ്റിറമ്പില്‍ അടുത്തകാലത്ത്‌ കൂടുകൂട്ടിയ മലമ്പാമ്പ്‌. അടിവശം വെളുത്ത ഇലകളുള്ള പൊന്തയില്‍ നിന്ന് ഇലകള്‍ ചെറിയ ഉറവയായി ഒഴുകിവരുന്നതുപോലെ അവന്‍ ആദ്യം വന്നപ്പോള്‍ മാത്തച്ചന്‌ പേടിതോന്നി എന്നത്‌ നേര്‌. എങ്കിലും തനിക്ക്‌ വീട്ടില്‍ ആട്ടിന്‍കുട്ടിയോ കോഴിക്കുഞ്ഞോ ഇല്ലല്ലോ എന്നും പകലില്‍ പാമ്പ്‌ വിശ്രമിക്കുമ്പോഴല്ലാതെ ആറ്റിറമ്പില്‍ താന്‍പോകാറില്ലെന്നും ഓര്‍ത്തപ്പോള്‍ അവന്‍ സ്വയം കൂടുമാറുന്നതുവരെ ക്ഷമിക്കാന്‍ മാത്തച്ചന്‍ തീരുമാനിക്കുകയായിരുന്നു.

പാമ്പ്‌ കാട്ടുപൊന്തയിലൂടെ ഇഴഞ്ഞ്‌ മുളംചുവട്ടിലെ മണ്‍കട്ടകളിലൂടെ അപ്പുറത്തുള്ള ഇഞ്ചക്കൂട്ടത്തില്‍ പകുതികടന്ന് വെള്ളത്തിലേക്ക്‌ ഊളിയിട്ടുപോകുന്നത്‌ അയാള്‍ ശ്രദ്ധിച്ച്‌ നോക്കിയിരുന്നു. പതിവുതെറ്റിച്ച്‌ പാമ്പ്‌ മുളംകെട്ടിലേക്ക്‌ കയറിയാല്‍ വെള്ളത്തിലേക്ക്‌ ചാടി നീന്തി കരകയറണം എന്ന് അയാള്‍ നേരത്തേ തീരുമാനിച്ചിരുന്നു.

ചൂണ്ടയിലെന്തോ കൊത്തി. ചരട്‌ വെള്ളത്തില്‍ ഒരു വരയിട്ട്‌ ഒഴുക്കിനെതിരെ ഓടി. പൊങ്ങായി ഇട്ടിരുന്ന തടിത്തണ്ട്‌ മുങ്ങാംകുഴിയിട്ടു പോയി. ചൂണ്ടയുടെ തണ്ട്‌ വെള്ളത്തിലേക്ക്‌ വളഞ്ഞുതാഴുമ്പോള്‍ കയത്തിലെ വെള്ളത്തില്‍ നേരേതാഴെ തന്റെ മുഖം നിഴലായ്‌ കണ്ടത്‌ മാത്തച്ചനെ ഭയപ്പെടുത്തി.

ചൂണ്ടവിഴുങ്ങിയത്‌ പാമ്പാണോ എന്ന് സംശയിക്കുമ്പോഴേക്കും തനിക്ക്‌ കാലുകള്‍ അനക്കാന്‍ പറ്റുന്നില്ലെന്നും ചൂണ്ടയില്‍ നിന്ന് കൈവിടുവിക്കാനാവുന്നില്ലെന്നും മാത്തച്ചനുതോന്നി.

ഇല്ലിക്കെട്ടിനുതാഴെ ചൂണ്ടയില്‍ കുരുങ്ങിയ വെളുത്ത നിഴലായി മലമ്പാമ്പ്‌ കുതിച്ചു നീന്തി. ഒഴുക്കിലേക്ക്‌ കൂപ്പുകുത്തുത്തുമ്പോള്‍ താഴെകയത്തില്‍ ഒരുപാടുജഡങ്ങള്‍ നിരയായി ഒഴുകിയിരുന്നത്‌ മാത്തച്ചനെ അത്ഭുതപ്പെടുത്തിയില്ല.

(Drwaing by Simi)

ഏറ്

•June 20, 2007 • 53 Comments

കുന്നിന്‍ ചരിവിലെ പാറക്കെട്ടില്‍ നിന്ന് ചൂളംവിളി. ഷിബുവാണ്‌. വന്നിട്ടുണ്ട്‌ എന്ന അടയാളമാണ്‌. അമ്മ ചന്തയില്‍ നിന്ന് വരാന്‍ സമയമെടുക്കും. നന്നായി. ഷിബുവിന്റെ കൂടെ കൂടുന്നത്‌ അമ്മയ്ക്കിഷ്ടമല്ല. വായിനോക്കിച്ചെറുക്കന്‍ എന്നാണ്‌ അവന്റെ കാര്യം പറയുന്നതുതന്നെ.

ഷിബുവിനു സങ്കേതങ്ങള്‍ കണ്ടുപിടിക്കാന്‍ നല്ല കഴിവാണ്‌. ആറ്റരികിലെ ഇല്ലിക്കൂട്ടത്തിനുകീഴില്‍ നുഴഞ്ഞുകയറിയാല്‍ ഒരുകൂടാരം പോലെ ചൂണ്ടയിട്ടിരിക്കാന്‍ പറ്റിയസ്ഥലമുണ്ടെന്ന് കണ്ടുപിടിച്ചത്‌ അവനല്ലേ. മുളംകെട്ടിനിടക്കുകൂടെ സൂക്ഷിച്ചുനോക്കിയാല്‍ അടുത്തകടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ തുണിമാറുന്ന നീര്‍മരുതിയുടെ ചുവടും കാണാമത്രെ. മീന്‍ പിടിക്കാന്‍ അതിലും നല്ല്ല സ്ഥലം കിട്ടുമോ? അമ്മയറിയാതെ അവിടെയൊന്നു പോകണം.

പാറക്കെട്ടും ഇല്ലിക്കെട്ടുപോലെ തകര്‍പ്പന്‍ സങ്കേതമാണ്‌. പൂക്കാതെയും കായ്ക്കാതെയും പരന്നുപടര്‍ന്നു നില്‍ക്കുന്ന വയസ്സന്‍ പറങ്കിമാവിന്റെ തണലില്‍ പകല്‍ മുഴുവന്‍ ഒരു കാറ്റ്‌ വെയില്‍കൊള്ളാതെ കറങ്ങി നില്‍ക്കും. പറങ്കിമാവിനുതാഴെ പാറകള്‍ കൂടിച്ചേരുന്നിടത്ത്‌ ഗുഹപോലെയൊരിടമുണ്ട്‌. അവിടെ ഇരിക്കുന്നവരെ മറ്റാരും ശ്രദ്ധിക്കില്ല. പക്ഷെ താഴെ ആറ്റരികുവരെ കുന്നിഞ്ചരിവില്‍ നടക്കുന്നതെല്ലാം അവിടെയിരുന്നാല്‍ കാണാം.

അമ്മ വരുന്നതു കണ്ടാല്‍ പാറക്കെട്ടില്‍ നിന്നു നുഴഞ്ഞിറങ്ങി റബര്‍ തൈകള്‍ക്കിടയിലൂടെയോ നാട്ടുവഴിയിലൂടെയോ ഓടി, അമ്മ സാരിമാറാനെടുക്കുന്ന നേരംകൊണ്ട്‌ മുറ്റത്തെത്താം.

ഇല്ലിക്കാടും പാറക്കെട്ടും പോലെയാണ്‌ ഒരുകണക്കില്‍ ഷിബുവും. മുതിര്‍ന്നവര്‍ക്ക്‌ അവനെ ഇഷ്ടമല്ല. പിള്ളേര്‍ക്ക്‌ അവനെ പേടിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്‌. പക്ഷേ ആണ്‍കുട്ടികള്‍ രഹസ്യമായി അവന്റെ ആരാധകരാണ്‌. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവര്‍ അവന്റെ സങ്കേതങ്ങള്‍ അന്വേഷിച്ചുചെല്ലുന്നു.

വീടുപൂട്ടി നാട്ടുവഴിയിലേക്ക്‌ കയറുമ്പോള്‍ തൈമരങ്ങളുടെ ചില്ലയ്ക്കുമീതെ പറന്നുപോകുന്ന കരിങ്കല്‍ചീളുകണ്ടു. പറക്കുംതളികപോലെ കറങ്ങി, മഴവില്ലുപോലെ വായുവിലേക്കു വളഞ്ഞുകയറി ഒരുമാത്ര തങ്ങിനിന്ന് മറുപകുതിയിലേക്ക്‌ പറന്നിറങ്ങി പോകുന്ന കരിങ്കല്‍ ചീളുകള്‍ കല്ലുപുറപ്പെട്ട സ്ഥലത്ത്‌ ഷിബുവുണ്ട്‌ എന്നതിന്റെ തെറ്റാനാകാത്തസൂചനയാണ്‌.

തൊഴുത്തിലേക്ക്‌ തിരിഞ്ഞിരുന്ന് അടുക്കളയിലേക്ക്‌ നോക്കുന്ന കാക്കയെപ്പോലെ തല ചരിച്ചുപിടിച്ച്‌,കൈമുട്ട്‌ മൂക്കിനുനേരെ വരാന്‍തക്കവിധം കൈവളച്ചുപിടിച്ച്‌, ഒരു കണ്ണില്‍ വിരല്‍തുമ്പിലെകല്ലും മറുകണ്ണില്‍ ഉന്നവും കണ്ട്‌, ഷിബു നില്‍ക്കുന്നതു കണ്ടാല്‍ തന്നെ അവന്‍ വെറുതെ കല്ലെറിയുന്ന ഒരു കുട്ടിയല്ല ഒരു കലാകാരനാണെന്ന് മനസ്സിലാകും.

എത്ര ഉയരമുള്ള പുളിമരത്തില്‍ നിന്നും പുളി എറിഞ്ഞിടാന്‍, ഏത്‌ കണ്ണെത്താകൊമ്പില്‍ നിന്നും കണ്ണിമാങ്ങ എറിഞ്ഞുവീഴ്‌ത്താന്‍ അവനുള്ള കഴിവ്‌ ഒന്നുവേറേ തന്നെയാണ്‌.

സാധാരണ വഴിയില്‍ അവനെക്കണ്ടാല്‍ പേടിച്ച്‌ ‘ഉണ്ണ്യേട്ടാ ആ ഷിബു വരുന്നുണ്ട്‌ ഒന്ന് വേഗം നടന്നോളൂ’ എന്നുപറഞ്ഞ്‌ പിന്നിലൊളിക്കുന്ന രമ്യയാണ്‌ ഞെട്ടിച്ചുകളഞ്ഞത്‌. രാഘവച്ചാന്നാരുടെ നാട്ടുമാവില്‍ നിന്ന് മാങ്ങ എറിഞ്ഞിടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ നില്‍ക്കുമ്പോള്‍ കളിയാക്കിച്ചിരിച്ചു ഭയങ്കരി: ” ആ ഷിബുചേട്ടനാരുന്നെകില്‍ ഇപ്പോള്‍ എത്ര മാങ്ങകിട്ടീന്ന് ചോദിച്ചാല്‍ മതിയാരുന്നു…”. മാങ്ങയില്‍ കൊതിയുള്ള പെണ്‍പിള്ളേരെ വിശ്വസിക്കരുത്‌.

ഉന്നം ഒന്നും പ്രത്യേകിച്ചില്ലെങ്കില്‍ വായുവിലേക്ക്‌ അര്‍ദ്ധവൃത്താകൃതിയില്‍ പറന്നുപോകുന്ന പറക്കും തളികകളായിട്ടോ, ആറ്റിലെ വെള്ളത്തില്‍ ഒട്ടൊന്നുതൊട്ടും പിന്നെ ഉയര്‍ന്നും പറന്നകലുന്ന നീര്‍ക്കിളിയായോ അവന്‍ കല്ലിനെ മാറ്റിയെടുക്കുന്നു.

നാട്ടുവഴി കയറ്റം കയറിനിരപ്പാകുന്നിടത്താണ്‌ പാറക്കെട്ടിന്റെ തുടക്കം. പറങ്കിമാവ്‌ വലത്തുവശത്തെ ചരിവില്‍ അല്‍പ്പം താഴെയാണ്‌. പാറയിലേക്ക്‌ കയറുമ്പോള്‍ വീണ്ടും ചൂളം വിളി. ഒറ്റക്കിരുന്നു മടുത്തുകാണും. ഇന്നു മറ്റാരും വന്നിട്ടുണ്ടാവില്ല.

മറ്റാരുമില്ലെങ്കില്‍ അവന്‍ നാട്ടിലെ പെണ്ണുങ്ങളുടെ ഒളിച്ചുകളികളുടെ കഥകള്‍ പറയും. മുഖമൊന്നു കോട്ടി കക്കാന്‍ മുതല്‍കണ്ട കാക്കയെപ്പോലെ കള്ളച്ചിരിചിരിച്ച്‌ ഒരോരുത്തരുടെയും ചരിത്രവും ഭൂമിശാസ്ത്രവും അവന്‍ വിവരിക്കുന്നത്‌ കേട്ടിരിക്കാന്‍ ഒരു പ്രത്യേക രസമാണ്‌. പെണ്ണുങ്ങള്‍ അസത്തുകളാണ്‌. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.

പറങ്കിമാവിന്റെ താഴ്‌ന്ന ചില്ലയില്‍പിടിച്ചുവേണം താഴത്തെ നിരയിലുള്ള പാറയില്‍ ഇറങ്ങാന്‍. അവിടെയാണ്‌ ഗുഹ.

ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”

“അമ്മക്ക്‌ പനിയാണ്‌”. അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.

“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.

ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. “ഉം.. ഇനി വരില്ല.”

എന്തിനാണോ ആ പാവം രമണിയെ ഇങ്ങനെ തല്ലുന്നത്‌, അയാള്‍ക്ക്‌ വേണ്ടെങ്കില്‍ കളഞ്ഞിട്ടുപൊയ്ക്കൂടെ എന്ന് ഇന്നലെയും അമ്മ അരിശം കൊള്ളുന്നതുകേട്ടിരുന്നു. പോയെങ്കില്‍ നന്നായി.

ഷിബു കയ്യിലിരുന്ന കരിങ്കല്‍ ചീള്‌ വാശിയോടെ പാറയിലുരക്കുകയാണ്‌. “വന്നാല്‍ ഞാന്‍..” പകച്ച കണ്ണുമായി അവന്‍ പരതുന്നതുകണ്ടപ്പോള്‍ അയാള്‍ അരികിലിലെവിടെയോ ഉണ്ടെന്ന് തോന്നി. “…. എറിഞ്ഞു കൊല്ലും.” ഇല്ലിയുടെ ചില്ലയില്‍ നിന്നൊരുപൊന്മാന്‍ വെള്ളത്തിലേക്ക്‌ കൂപ്പുകുത്തുന്നതു പൊലെ കല്‍ച്ചീള്‌ താഴെയൊരു റബറിന്റെ ചുവട്ടിലേക്ക്‌ പാഞ്ഞുപോയി. ഒരു മരയോന്ത്‌ രണ്ടായി മുറിഞ്ഞ്‌ മണ്ണില്‍ വീണ്‌ പിടയുന്നു.

പറക്കാനൊരുങ്ങുന്ന പ്രാവിനെയും കാക്കയെയും വരെ അവന്‍ എറിഞ്ഞുവീഴ്‌ത്താറുണ്ട്‌. വായുവിലൊന്നു പിടഞ്ഞ്‌ നിലത്തുവീഴുന്ന കിളികളെ അടുത്തുചെന്ന് കാലുകൊണ്ടൊന്ന് ചവിട്ടി തിരിച്ചും മറിച്ചും നോക്കി ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിക്കും. പക്ഷെ ഇപ്പോള്‍ അവന്റെ മുഖം കണ്ടാല്‍ കരയുകയാണെന്നേ തോന്നൂ.

നീയിവിടിരിക്ക്‌ ഞാന്‍ വരാം എന്ന് വേഗം പറഞ്ഞ്‌ അവന്‍ എഴുന്നേല്‍ക്കുന്നത്‌ കരയുന്നത്‌ കാണാതിരിക്കാനാണോ? അല്ല. പാറയിറങ്ങി തോട്ടത്തിലേക്ക്‌ അവന്‍ വേഗത്തില്‍ നടക്കുന്ന ദിശയില്‍ ആളനക്കമുണ്ട്‌. ചെറിയൊരു കല്‍കെട്ടിന്റെ മറവില്‍ ആരോ പുല്ല്ലുവാരിക്കെട്ടുന്നു.

മറിയേടത്തിയാണ്‌. അവശന്‍ തോമാച്ചന്റെ ഭാര്യ. അവര്‍ക്ക്‌ ചില്ലറ സഹായം ഒക്കെ ചെയ്തുകൊടുക്കാറുണ്ട്‌ ഷിബു. തട്ടാനും മുട്ടാനും ഒക്കെ നിന്നുകൊടുക്കുമത്രേ പെണ്ണുമ്പിള്ള. പെണ്ണല്ലേ. വിശ്വസിക്കാന്‍ പറ്റില്ല.

പാറയുടെ ഇരുണ്ടമൂലക്ക്‌ എന്തൊക്കെയോ കൂട്ടിയിട്ടിട്ടുണ്ട്‌. ഗോലികള്‍. തോടുള്ള കശുവണ്ടി. കടിച്ചമാങ്ങ. ഒരു മാസിക. തുണിയഴിച്ച പെണ്ണുങ്ങളുടെ പടമുള്ള ചില പുസ്തകങ്ങള്‍ അവന്‍ കൊണ്ടുവരാറുണ്ട്‌. ഇതു പക്ഷേ വലിയ മാസികയാണ്‌. എടുത്തുനോക്കി. വനിത വാര്‍ഷികപ്പതിപ്പ്‌.

താഴെ ഷിബു മറിയേടത്തിക്ക്‌ പുല്ലുകെട്ട്‌ പിടിച്ച്‌ തലയില്‍ വച്ചുകൊടുക്കുന്നു. പാവം മറിയേടത്തിക്ക്ഗാസ്‌ കേറി വിലങ്ങിയെന്ന് തോന്നുന്നു. ഷിബു ചെറുതായി നെഞ്ച്‌ തടവിക്കൊടുക്കുന്നുണ്ട്‌. മറിയാച്ചേട്ടത്തിയുടെ മുഖത്ത്‌ ഗാസിന്റെ വേദനയും ചമ്മലുമുള്ള ചിരി. നാണംകെട്ട സ്ത്രീ. റോഡില്‍ വച്ചെങ്ങാനും ഷിബുവിനെ കണ്ടാല്‍ പരിചയം പോലും കാണിക്കില്ല.

വനിത വെറുതെ മറിച്ചുനോക്കിയിരുന്നു. ഷിബു കയറിവരുന്നുണ്ട്‌. മുഖത്ത്‌ പെണ്‍വിശേഷങ്ങള്‍ പറയുമ്പോള്‍ പതിവുള്ള കാക്കച്ചിരി. ഇനിയിപ്പോള്‍ മറിയേടത്തിയുടെ നെഞ്ചിടിപ്പിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.

വനിതയുടെ അവസാനതാളിലെ ഒരു സമ്മാനക്കൂപ്പണ്‍ കീറിയെടുത്തിരിക്കുന്നു. വെറുതെയല്ല ഒരു പരിചയം തോന്നിയത്‌. ഇത്‌ വീട്ടില്‍കിടന്നതാണല്ലോ. ഇതെങ്ങനെ ഇവിടെ വന്നു?

“ഇന്നലെ നിന്റെ അമ്മ തന്നതാണ്‌.” പറങ്കിമാവില്‍ ചാരിനിന്ന് ഷിബു പരിസരവീക്ഷണം നടത്തുന്നു. മുഖത്തെ ചോദ്യം കണ്ടിട്ടെന്ന പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു. “മീന്‍കറിക്ക്‌ മാങ്ങ പറിക്കാന്‍ ഇന്നലെ നിന്റമ്മ വിളിച്ചാരുന്നു”.

മാങ്ങപറിച്ചിട്ട്‌ കേറിവന്നപ്പോള്‍ മാസിക കണ്ടിട്ട്‌ ഇതെടുത്തോട്ടേ ചേച്ചീന്ന് ചോദിച്ചുകാണും. വായിച്ചു കഴിഞ്ഞതായതുകൊണ്ട്‌ കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞുകാണും അമ്മ. അതിന്‌ അവനെന്തിനാണ്‌ കാക്കച്ചിരി ചിരിക്കുന്നത്‌?

നിറയെ ഉറുമ്പുള്ള കിളിച്ചുണ്ടന്‍ മാവില്‍നിന്ന് മാങ്ങ എറിഞ്ഞുവേണം പറിക്കാന്‍. ഇവന്‍ ഏറിന്റെ ആശാനാണെന്ന് അമ്മയോട്‌ ആരുപറഞ്ഞോ ആവോ.

“നീ വരുന്നോ ഇല്ലിച്ചോട്ടില്‍ ചൂണ്ടയിടാന്‍..” പോകണമെന്ന് വിചാരിച്ചിരുന്നതാണ്‌. നീര്‍മരുതിയുടെ ചുവടൊന്നു കാണാമല്ലോ. ഇപ്പോള്‍ വേണ്ടെന്ന് തോന്നുന്നു.

“ഇല്ല. അമ്മയെങ്ങാനം അറിഞ്ഞാല്‍ ശരിയാവത്തില്ലെടാ..” അമ്മയറിയാനും ന്യായമുണ്ട്‌. കിണറ്റില്‍ വെള്ളംകുറവായതുകൊണ്ട്‌ തുണിയലക്കാന്‍ ചിലപ്പോള്‍ കടവില്‍ പോകും. കിണര്‍ ആഴം കൂട്ടാന്‍ ആളിനെ വിളിക്കണമെന്ന് പറഞ്ഞിട്ട്‌ രണ്ടുദിവസമായി. മടികാരണം പോയില്ല. ഇന്ന് പോകണം. കിണറ്റില്‍ വെള്ളമായാല്‍ പിന്നെ അമ്മ ആറ്റില്‍ പോകില്ല.

പാറയിലിന്ന് വല്ലാത്ത ചൂട്‌. ഒരിക്കലും ഇല്ലാത്തപോലെ. ഇവിടെ പതുങ്ങിനില്‍ക്കാറുള്ള കാറ്റെവിടെപ്പോയി.

ഷിബു പറങ്കിമാവില്‍ കയറിയിരുന്നു കാലാട്ടി ചൂളം വിളിക്കുന്നു. അവന്റെ വിഷമമെല്ലാം പോയതുപോലെ. മറിയേടത്തിയെക്കണ്ടപ്പോള്‍ രമണിയേടത്തിയെ മറന്നുകാണും. ദുഷ്ടന്‍.

അകലെയെങ്ങോ ഓട്ടോയുടെ മുരള്‍ച്ച കേള്‍ക്കുന്നില്ലേ? അമ്മ വരുന്നുണ്ടാവും. വീട്ടില്‍ പോയി ഇരിക്കാം.

“നീയെന്താ പൊവാണോ” മരക്കൊമ്പിലിരുന്ന് അവന്‍ എവിടെയോ ഉന്നം പിടിക്കുകയാണ്‌. പറങ്കിമാവിന്റെ കട്ടിയുള്ള ഒരു പൊളി ചിറകുവച്ച്‌ പറന്നുപോകുന്നു. ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഒരു പരന്ന കല്ല് തപ്പിയെടുത്ത്‌ ഉന്നം പിടിച്ചു. ഷിബു പിടിക്കാറുള്ളതു പോലെ കല്ലുപിടിച്ച്‌, ഒന്നം പിടിച്ച്‌ ഒറേറ്‌. വേണ്ടായിരുന്നു. ഉദ്ദേശിച്ചതിന്റെ പകുതിവഴിക്കെത്തിയുമില്ല, കറങ്ങിവേച്ചുപോയ കല്ല് ദിശതെറ്റി ഒരു റബറില്‍ ചെന്നു കൊണ്ട്‌ റബര്‍ പൊട്ടി പാലൊഴുകുന്നു.

മരക്കൊമ്പില്‍ നിന്ന് ഷിബുവിന്റെ പൊട്ടിച്ചിരി. “ടാ ..ഇങ്ങനെയാ എറിയുന്നതെങ്കില്‍ നീ ആ ചെട്ടിയാരുടെ കൊച്ചുമോളേ സ്ത്രീധനമില്ല്ലാതെ കെട്ടേണ്ടിവരും… “

അയ്യട ഒരു ഏറുവിദഗ്ദ്ധന്‍… അവന്റെ മോന്തനോക്കിയൊരു ഏറുകൊടുക്കാന്‍ തോന്നി.

താഴെ ഓട്ടോ വന്നു നില്‍ക്കുന്നു. അമ്മയാണ്‌. ഭാഗ്യം. ഇവിടുന്നു രക്ഷപെടാമാല്ലോ. അയലത്തെ മണിയങ്കിളിന്റെ ഓട്ടോയാണ്‌. അമ്മയും മണിയങ്കിളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കി വയ്ക്കുന്നു.

“ഇപ്പം അങ്ങോട്ട്‌ ഓടിപ്പോണ്ടട ചെറുക്കാ…പണിയാവും” അവന്റെ മുടിഞ്ഞ ചൂളമടി. അമ്മ തിരിഞ്ഞുനോക്കിയാല്‍ ഇവിടെ വന്ന് നില്‍ക്കുന്നത്‌ കാണും. പാറക്ക്‌ മറഞ്ഞു നിന്ന് നോക്കി. അമ്മയും മണിയങ്കിളും സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി വീട്ടിലേക്കിറങ്ങുന്നു.

ഷിബു വീട്ടിലേക്ക്‌ കാക്കക്കണ്ണിട്ടു നോക്കി ചിരിക്കുകയാണ്‌. അവനെ എറിഞ്ഞുവീഴ്തണം എന്ന് വീണ്ടും തോന്നി. പാറയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നുവിളി. “ടാ..പോണ്ടട… നിന്റച്ചനോ ഗല്‍ഫില്‍ … അവരിച്ചിരി കാര്യമൊക്കെ പറഞ്ഞിരിക്കട്ടെ ശല്യപ്പെടുത്തണ്ട…”

രമണിയേടത്തിയെ പറഞ്ഞുവിടടാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. റബറിനിടയിലൂടെ വേഗത്തില്‍ നടന്നു. അമ്മയെന്തിനാ ഇപ്പോള്‍ മണിയങ്കിളിനെ വീട്ടില്‍ കയറ്റുന്നത്‌.. ഓട്ടൊക്ക്‌ കൂലികൊടുത്ത്‌ പറഞ്ഞുവിട്ടാല്‍ പോരായിരുന്നോ?

പിന്നില്‍ നിന്ന് ചൂളം വിളി. കല്ലിന്റെ മുരള്‍ച്ച. ചെവിതൊട്ട്‌ ഒരു കല്ലു പറന്നു പോയോ? തിരിഞ്ഞു നോക്കുമ്പോള്‍ ചൂളംവിളിയും പറങ്കിമാവിന്റെ ചില്ലയില്‍ നിന്ന് അവന്റെ കാക്കച്ചിരിയും. തലക്കു മുകളിലൂടെ മറ്റൊരു കല്‍പക്ഷി പറന്നു പോകുന്ന മുരള്‍ച്ച. ജനലിന്റെ ചില്ലുടയുന്ന ശബ്ദമല്ലെ കേട്ടത്‌?

ഈശ്വരാ അമ്മയുടെ മുറിയാണ്‌ വഴിയുടെ നേരേതാഴെ. ആധിയെടുത്ത്‌ ഓടുമ്പോള്‍ പിന്നാലെ പറന്നു വരുന്ന കല്ലിന്റെ മുരള്‍ച്ച ശ്രദ്ധിക്കണമെന്ന് തോന്നിയില്ല.

സാക്ഷി

•May 8, 2007 • 45 Comments

കവലയിലെ ഏക ഇരുനിലക്കെട്ടിടം മുത്തുവിന്റെ തുന്നല്‍ക്കടയായിരുന്നു. രണ്ടാം നിലയിലെ ഓടുമേഞ്ഞ ഒറ്റമുറിയായിരുന്നു മുത്തുവിന്റെ അടുക്കളയും കിടപ്പുമുറിയും.

നാട്ടുവഴി നഗരത്തിലേക്കു നോക്കി തൊണ്ണൂറൂഡിഗ്രിയില്‍ തിരിയുന്ന കോണിലെ ചായക്കടയടച്ച്‌ രാഘവേട്ടന്‍ പോയിക്കഴിഞ്ഞാല്‍ തൊട്ടരികില്‍ വീടുകളില്ലാത്ത കവലയില്‍ മുത്തു ഒറ്റക്കാകും. കവലയുടെ കാവല്‍ക്കാരന്‍.

ഒറ്റക്കും പെട്ടക്കും നഗരത്തില്‍ നിന്നുമടങ്ങുന്ന രാത്രിയാത്രക്കാര്‍ക്ക്‌ മുത്തുവിന്റെ മുറിയുടെ ഒറ്റജനാലയില്‍ പാതിരാ കഴിയുവോളം നിഴലാട്ടം കാണാം.

വേനല്‍ച്ചൂടുള്ള ഒരു രാത്രിയില്‍ റോഡിലേക്ക്‌ തിരിച്ചിട്ട കസേരയില്‍ സിനിമാമാസികയുടെ താളുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കാറ്റിന്റെ കുളിരും ചികഞ്ഞെടുത്തിരിക്കുമ്പോഴാണ്‌ മുത്തു ആ കാഴ്ചകണ്ടത്‌. രാഘവേട്ടന്റെ ചായക്കടയുടെ വരാന്തയില്‍ വഴിവിളക്കിലെ വെളിച്ചം നെടുകെ മുറിച്ച ഇരുളില്‍ നിന്നും രണ്ട്‌ പാദങ്ങള്‍ നീണ്ടുകിടക്കുന്നു.

വെളിച്ചം വഴിയിലൂടെ തൊണ്ണൂറൂഡിഗ്രിയില്‍ തിരിഞ്ഞ്‌ നഗരത്തിലേക്ക്‌ പോകാതെ കവലയില്‍ തന്നെ പതറിനില്‍ക്കുന്നതു കൊണ്ട്‌ വളവിനപ്പുറത്തെ വരാന്തയില്‍ കിടക്കുന്ന ആ പാദങ്ങളുടെ അവകാശിയെ മുത്തുവിന്‌ കാണാന്‍ കഴിഞ്ഞില്ല.

കണാരേട്ടനായിരിക്കുമോ? അല്ല. മദ്യപിച്ചാല്‍ കിടക്കേണ്ടത്‌ വഴിയിലാണ്‌ കടത്തിണ്ണയിലല്ല എന്ന്‌ കണാരേട്ടനറിയാം.

വെളിച്ചം വഴിതിരിഞ്ഞാല്‍ പോലും രാഘവേട്ടന്റെ വരാന്തയില്‍ ഭിത്തിചേര്‍ന്നു കിടക്കുന്ന ഒരാളെ മുത്തുവിന്റെ ജനാലയില്‍ നിന്ന് കാണാന്‍ പ്രയാസമാണ്‌. റ്റോര്‍ച്ചെടുത്ത്‌ ഒന്നു പരിശോധിക്കാനുള്ള ആഗ്രഹം മാറ്റിവച്ച്‌ മുത്തു മുഖം ജനലഴിയില്‍ ചേര്‍ത്ത്‌ സൂക്ഷിച്ചുനോക്കി. പാദങ്ങള്‍ക്കപ്പുറം രണ്ട്‌ കണങ്കാലുകളുടെ തുടക്കം. ഒരു സ്ത്രീയുടെപോലെയുള്ള കണങ്കാലുകള്‍.

അത്‌ മുഖത്തൊക്കെ വര്‍ഷങ്ങള്‍ ചിത്രം വരച്ച, വരണ്ട വയല്‍പോലെ മുഖവും ഉണങ്ങിയ തടാകം പോലെ കണ്ണുകളും ഉള്ള, ഒരു സ്ത്രീ ആയിരിക്കുമോ? ഇളം പ്രായത്തില്‍ കൈവിട്ടു പോയ മകനെത്തേടി വഴിയോരങ്ങളില്‍ അലയുന്ന ഒരു അമ്മയെ ദേവീതീയറ്ററിലെ മാറ്റിനിപ്പടത്തില്‍ കണ്ടനാള്‍ മുതല്‍ അതായിരുന്നു മുത്തുവിന്റെ മനസ്സിലെ അമ്മയുടെ മുഖം.

പടിയിറങ്ങി റോഡുമുറിച്ചുകടന്ന്‌ ആരാണതെന്ന്‌ നോക്കണമെന്ന്‌ മുത്തുവിനു തോന്നി. വെറുതെ. മുഖമൊന്നു കാണാമല്ലോ.

എഴുനേല്‍ക്കുമ്പോള്‍ അരുതെന്ന്‌ മനസ്സു പറഞ്ഞു. അതൊരു ചെറുപ്പക്കാരിയാണെങ്കിലോ? അവള്‍ നിലവിളിച്ചാലോ? രാഘവേട്ടന്റെ വീടു ദൂരെയാണെങ്കിലും രാത്രിയില്‍ കവലയില്‍ ആരെങ്കിലും ഒച്ചയെടുത്താല്‍ മൂപ്പര്‍ റ്റോര്‍ച്ചും തെളിച്ചെത്തും. എന്തു പറയും?

ജനാലയോട്‌ ചേര്‍ന്ന്‌ നിന്ന്‌ വീണ്ടും നോക്കി. അരണ്ടവെളിച്ചത്തില്‍ കാല്‍വണ്ണകള്‍ക്ക്‌ നല്ല മിനുസമുള്ളതുപോലെ. അതൊരു ചെറുപ്പക്കാരി ആയിരിക്കണം. കാറ്റില്‍ ജമന്തിപ്പൂക്കളുടെ മണമുണ്ടോ?

മുന്‍പൊക്കെ ചിലവൈകുന്നേരങ്ങളില്‍ ജമന്തിപ്പൂക്കളുടെ മണം തേടി മുത്തു നഗരത്തില്‍ പോകുമായിരുന്നു. ഒരിക്കല്‍ ലോഡ്ജ്‌ മുറിയിലെ വിയര്‍പ്പ്‌ നാറുന്ന ഇരുട്ടില്‍ വിരലുകള്‍കൊണ്ട്‌ പൂമ്പൊടി തിരയുമ്പോള്‍ പൂവ്‌ പറഞ്ഞു: “ഞെക്കിപ്പിഴിഞ്ഞ്‌ കളേണ്ട.. ന്റ കുട്ടിക്ക്‌ കുടിക്കാന്‌‍ള്ളതാ”.

കൈത്തലങ്ങളില്‍ നനഞ്ഞൂറിയത്‌ വിയര്‍പ്പല്ല മുലപ്പാലാണെന്നറിഞ്ഞപ്പോള്‍ മുത്തു ഞെട്ടി കൈവലിച്ചു. കൈപ്പുള്ള ഹാസ്യത്തില്‍ അവള്‍ ചിരിച്ചു. “ന്തേ.. നിക്കൊരു മോനുണ്ട്‌.. ആറുമാസം”

അതിനുശേഷം മുത്തു ജമന്തിപ്പൂക്കളെ വേദനയോടെ ദൂരെനിന്നു മാത്രം നോക്കാന്‍ ശീലിച്ചു.

ഇവളുടെയും മാറൊട്ടി ഉറങ്ങുന്നുണ്ടാവും ഒരു കുരുന്ന്‌. തെരുവുനായക്കളുടെ ബഹളം കൊണ്ട്‌ പുലര്‍ച്ചെ ഉറങ്ങാനാകാറില്ല മുത്തുവിന്‌… ഈശ്വരാ…

കസേരയില്‍ നിന്ന്‌ പിടഞ്ഞെഴുന്നേറ്റ്‌ തലയിണയുടെ അടിയില്‍ നിന്ന്‌ റ്റോര്‍ച്ചെടുക്കുമ്പോള്‍ മുത്തുവിനു സ്വന്തം വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിവന്നു. അതൊരു പെണ്ണാണെന്നുപോലും നിശ്ഛയമില്ല. പിന്നല്ലേ കുഞ്ഞ്‌?

അത്‌ ആരാണെങ്കിലും തനിക്കെന്ത്‌? ഈ കവല തനിക്കും ഒരു താവളം. ഇരുപതുവര്‍ഷം നീണ്ട അഭയം നാട്ടുകാരുടെ നന്മ.

തിരികെ കസേരയില്‍ ഇരിക്കുമ്പോള്‍ ഒന്നുകൂടി നോക്കാതിരിക്കാനായില്ല. ആ കാലുകള്‍ അനങ്ങുന്നില്ലല്ലോ. മരിച്ചതാണോ? കടത്തിണ്ണയില്‍ ഉറങ്ങുന്നവരെ തലയില്‍ കല്ലിട്ടുകൊല്ലുന്ന ഒരു കൊലയാളി നഗരത്തില്‍ ഒരു കൊലനടത്തിയെന്ന്‌ ചായക്കടയില്‍ കഴിഞ്ഞ ആഴ്ച ആരോ പറയുന്നത്‌ കേട്ടു.

മുത്തുവിന്‌ വല്ലാതെ ദേഷ്യം വന്നു. ഇതിനൊക്കെ മറ്റുവല്ലയിടത്തും പോയി കിടന്നു കൂടേ? ഇനി ഇവിടെവല്ലതും സംഭവിച്ചാല്‍ പോലീസായി, കേസായി.

പന്നിമലത്തി കാശുപോയ വാശിക്ക്‌ കോളനിയിലെ രാജന്‍ അവന്റെ അളിയനെ രാത്രിയില്‍ കവലയിലിട്ട്‌ കുത്തിയദിവസമാണ്‌ മുത്തു ആദ്യമായി പോലീസ്‌ സ്റ്റേഷന്‍ കാണുന്നത്‌. “നിന്റെയൊക്കെ കാലിന്റെടേല്‍വച്ച്‌ കത്തിക്കുത്തുനടന്നാലും കാണാമ്പാടില്ല്യേടാ… മോനേ” എന്നു ചോദിച്ച്‌ ഹെഡ്‌കോണ്‍സ്റ്റബ്‌ള്‍ സദാശിവന്‍പിള്ള അടിവയറ്റിനുകുത്തിയതിന്റെ വേദന മറന്നിട്ടില്ല. കാണാത്തകാര്യം കണ്ടെന്ന്‌ പറയാന്‍ പറ്റുമോ?

അപ്പോഴാണോര്‍ത്തത്‌. നഗരത്തില്‍ നിന്ന്‌ കടവത്തേക്ക്‌ പോയിട്ടുള്ള പോലീസ്‌ വണ്ടി തിരികെപ്പൊയിട്ടില്ല. അവരുടനെയെത്തും. മുത്തുവിന്റെ കാല്‍മുട്ടുകളില്‍ നേരിയ വിറയല്‍ കയറി.

ജീപ്പിന്റെ ഇരമ്പം അകലെ കേള്‍ക്കുന്നുണ്ട്‌. മുത്തു വേഗം ലൈറ്റണച്ചു. ജനലും അടച്ചു. ആ കാലുകള്‍ അവിടെത്തന്നെയുണ്ട്‌. നേരത്തെ ഇറങ്ങിനോക്കേണ്ടതായിരുന്നു. ഇനിയിപ്പോള്‍ പോലീസ്‌ പോയിട്ട്‌ നോക്കാം.

വണ്ടി കവലയില്‍ വന്നു നില്‍ക്കുന്നു. ആരൊക്കെയോ ഇറങ്ങുന്നുണ്ട്‌. ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നത്‌ കേട്ടു. താഴെ കടത്തിണ്ണയില്‍ ഒറ്റക്കായിപ്പോയ ആളെക്കുറിച്ച്‌ മുത്തുവിനു സഹതാപം തോന്നി. പിന്നെ വണ്ടി അകന്നുപോകുന്ന സ്വരം. ആശ്വാസം.

ജനല്‍ തുറന്നുനോക്കുമ്പോള്‍ ആ കാലുകള്‍ കാണാനുണ്ടായിരുന്നില്ല. പോലീസ്‌ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ കൊണ്ടുപോയിക്കാണും. അതോ ഇനി എഴുന്നേറ്റ്‌ ആ കടത്തിണ്ണയിലെങ്ങാനും കൂനിക്കൂടിയിരുപ്പുണ്ടാവുമോ?

റ്റോര്‍ച്ച്‌ പോലും എടുക്കാന്‍ മറന്ന്‌ തിടുക്കത്തില്‍ പടിയിറങ്ങുമ്പോള്‍ മുത്തുവിന്റെ ആശങ്കകള്‍ പെരുകിവന്നതേയുള്ളു. പോലീസ്‌ ജീപ്പ് തന്നെയാണോ കടന്നുപോയതെന്നറിയില്ല. ആ പാവത്തെ വല്ലവരും ഉപദ്രവിച്ചുകാണുമോ?

രാഘവേട്ടന്റെ കടത്തിണ്ണയില്‍ ആരും ഉണ്ടായിരുന്നില്ല. ചുറ്റും നോക്കി. ആളനക്കമില്ല. നഗരത്തിലേക്ക്‌ തിരിയുന്ന വളവിനപ്പുറം വഴിവിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ ഉറക്കച്ചടവുള്ള രാത്രി മാത്രം. ജീവിതത്തിലാദ്യമായി മുത്തുവിനു താന്‍ ഏകനാണെന്നു തോന്നി.

ചെരുപ്പൂരി തറയിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ സിമന്റിട്ട നിലത്ത്‌ ആരോ കിടപ്പുണ്ടായിരുന്നു എന്ന്‌ മുത്തു തീര്‍ച്ചയാക്കി. വിരലുകള്‍ കൊണ്ട്‌ ആ ശരീരത്തിന്റെ ചൂട്‌ തേടി മുത്തു അവിടേയ്ക്ക്‌ ചാഞ്ഞു.

കവലയിലെ മഞ്ഞകലര്‍ന്ന ഇരുട്ടിനു മീതെ രണ്ടാം നിലയിലെ ഒറ്റമുറിയുടെ ജനാല നിഴലില്ലാത്ത വെളിച്ചത്തിന്റെ ഒറ്റച്ചതുരമായി.

തുടക്കം

•May 4, 2007 • 1 Comment

ആകെ അങ്ങ്‌ മേളമാ. മനുഷ്യനു സ്വസ്ഥത തരത്തില്ല പണ്ടാരങ്ങള്‌. കല്ല്യാണവീടാന്ന്‌ വിചാരിച്ച്‌ കേറിയെറങ്ങി നെരങ്ങുന്നേന്‌ ഒരു കണക്കുവേണ്ടേ. ആ എന്തെങ്കിലുമാകട്ടെ.

ആ ചെറുക്കനിതെവിടെപ്പോയിക്കെടക്കുവാ. രണ്ട്‌രണ്ടരയാവുമ്പം പെണ്ണിനേം കൊണ്ടെറങ്ങണ്ടതാ പിന്നേം. കെട്ടുകഴിഞ്ഞ്‌ ബന്ധുക്കാരെന്നും പറഞ്ഞ്‌ കെട്ടിയെടുത്തതുങ്ങടെയെല്ലാം കൊണവതിയാരോം കേട്ട്‌ ചവിട്ടിത്തൂങ്ങി നിക്കുവായിരിക്കും. ഒന്നുവന്നുകേറി ചടങ്ങുതീര്‍ത്താരുന്നേല്‍ ഇവിടെ ചടഞ്ഞുകൂടിക്കെടക്കുന്ന കൊറെയെണ്ണം പോയിക്കിട്ടിയേനേ.

ആ എളേവനെങ്കിലും ഇങ്ങ്‌ വന്നൂടായോ? അവനിങ്ങ്‌ വരട്ടെ. രണ്ടുകൊടുക്കണം.

പൊറത്തെ മുറീലാരാണ്ടൊക്കെ ദേഹണ്ണിക്കുന്നൊണ്ട്‌. പുതുപ്പെണ്ണിനെ കേറ്റാനൊള്ള ഒരുക്കമല്ല്യോ. റോസച്ചേടത്തിക്ക്‌ വെല്ല്യ ഉത്സാഹമൊന്നുമില്ലെന്ന്‌ പൂച്ചാംപൂച്ചാം പറയുന്നൊണ്ട്‌. അങ്ങനെയങ്ങോട്ട്‌ ഉരുകാന്‍ അവന്റെ പെറ്റതള്ളയൊന്നുമല്ലല്ലോ. എന്റെ ചെറുക്കന്റെ കല്ല്യാണം വരട്ടെ. കാണിച്ചുകൊടുക്കാം. അതും പോരാഞ്ഞ്‌ ഞാനിങ്ങോട്ട്‌ വന്നുകേറിയപ്പം അനച്ചവെള്ളം തരാന്‍ ഒണ്ടാരുന്നില്ലല്ലോ ഒരുത്തിയും.

ചെറുക്കന്‌ രണ്ട്‌ വയസ്സൊള്ളപ്പഴാ അവന്റെ തള്ളയേ മാത്തച്ചായന്‍ വീട്ടീക്കൊണ്ടുവന്നാക്കിയത്‌. ആ നേരത്ത്‌ ദേഹത്തിച്ചിരി ചോരേം നീരുമൊണ്ടായിപ്പോയത്‌ എന്റെ കുറ്റമാന്നോ? മോനേക്കാണാനെന്നും പറഞ്ഞ്‌ പാത്തുമ്പതുങ്ങീം അതിയാന്‍ പിന്നേം പിന്നേം അയലത്തെവീട്ടീ വന്നാ വരണ്ടാന്ന്‌ പറയാന്‍ പറ്റുമോ? അങ്ങനെ തട്ടായി മുട്ടായി. പറ്റാനൊള്ളതൊക്കെ പറ്റി. അതുമ്പറഞ്ഞ്‌ ആ ഏന്ധ്യായനി കേറി തൂങ്ങിച്ചത്തത്‌ എല്ലാരുംകൂടെ എന്റെ കുറ്റോമാക്കി.

അവളുചത്തേന്റെ പിറ്റേന്ന്‌ മാത്തച്ചായന്റെ കൂടെ എറങ്ങണ്ടിവന്നതാ ചെറുക്കനേം എടുത്തോണ്ട്‌. പൊന്നാങ്ങളമാരുപോലും ഒന്നു തിരിഞ്ഞുനോക്കാന്‍ ഏഴെട്ട്‌ വര്‍ഷം കഴിഞ്ഞു.അന്നേരത്തേക്ക്‌ രണ്ടുപിള്ളേരും ഒണ്ടായി.

മെത്രാച്ചന്‌ ഒരു കടലാസ്‌ കൊടുത്ത്‌ കല്ല്യാണം ശെരിയാക്കി. കഴുത്തുതാഴ്ത്തിവെട്ടിയ ഉടുപ്പിട്ട്‌ രണ്ടുതവണ കാപ്പിവെളമ്പിയപ്പം കൊമ്പത്തിരുന്ന പള്ളീലച്ചനും വീട്ടീ വന്നുപോക്കായി. ചെറുക്കന്റെ തള്ളചത്തതൊക്കെ എല്ലാരും അങ്ങുമറന്നു.

ചെറുക്കനും കൂട്ടത്തിലങ്ങ്‌ വളന്നു. നമ്മളൊന്നും ചെയ്യാന്‍ പോയില്ലേ പൊന്നച്ചോ. അമ്മായിമാരും അപ്പാപ്പന്മാരും ഒക്കെ ചോദിക്കാനൊണ്ടേ. തള്ളേകൊന്നവളെന്ന പേരും കെടപ്പോണ്ട്‌. പിന്നെ വളന്നുവരുവല്ല്യോ രണ്ട്‌ പിള്ളേര്‌. അതുങ്ങക്കും നല്ലത്‌ ഒരുശത്രൂനെ ഒണ്ടാക്കിവക്കാതിരിക്കുന്നതല്ല്യോ. ഒള്ളതീ പങ്ക്‌ കൊടുത്തപ്പം ചെറുക്കന്‌ തണ്ടും തടീമായി.

അന്നേരമല്ല്യോ കൊഴപ്പം. മൊത്തം പാരകളാന്നന്നേ. ഓരോന്ന്‌ പറഞ്ഞ്‌ ചെറുക്കനെ തെറ്റിക്കുവാ. ഒന്നുരണ്ട്‌ അമ്മായിമാരെ നാക്കുകൊണ്ടൊതുക്കി. ചെറുക്കനെ അങ്ങനെ പറ്റുമോ. ഇപ്പഴത്തെ പിള്ളേരല്ല്യോ. കുരുത്തക്കേടിന്‌ വല്ലതും വിളിച്ചുപറഞ്ഞാ നാണക്കേട്‌ നമുക്കല്ല്യോ.

പിന്നൊരുവഴിയേ കണ്ടൊള്ളു. പെറ്റതള്ളയല്ലെന്ന്‌ ചെറുക്കനുമറിയാം നമുക്കുമറിയാം. ചെലതൊക്കെ കണ്ടില്ലാന്നും കേട്ടില്ലാന്നും ഒക്കെ അങ്ങുവച്ചു. ഒരു കതകോ ഉടുപ്പിന്റെ ഒരു കൊളുത്തോ ഇച്ചെരെ തൊറന്നുകെടന്നാ നമുക്കെന്നാ വരാനാ? കൈതൊടാത്ത ദൂരത്ത്‌ നിന്നാ പോരായോ? അതിനപ്പൊറം പോകാനൊള്ള ചങ്കൊറപ്പൊന്നും ആ മക്കുണാപ്പനില്ലെന്നേ.

ചെറുക്കന്‍ പള്ളീപ്പോവും. പ്രാര്‍ത്ഥിക്കും. ദിവസം മൂന്നും നാലും നേരം കുളിക്കും. പള്ളിക്കൂടം കഴിഞ്ഞാല്‍ വീട്ടീവരും. പരിസരത്തൊക്കെ ചുറ്റീം പറ്റീം നിയ്ക്കും. പറയുന്നതൊക്കെ അനുസരിച്ചോളും. അങ്ങനെ ഇത്രേം വരൊക്കെ ആയി. പാലിന്റെ സൊസൈറ്റീല്‌ ജോലിയായി. ഹോണ്ടേടെ വണ്ടിയായി.

എന്നാപ്പിന്നെ അവനെപ്പിടിച്ചങ്ങ്‌ കെട്ടിക്കാമെന്ന്‌ വച്ചു. ചെറുക്കന്റെ നോട്ടോം നടപ്പുമൊന്നും പഴയതുപോലെയല്ലന്നേ. ഒളിഞ്ഞുനോട്ടത്തിലൊന്നും അവനിപ്പം താല്‍പര്യമില്ലാന്നാ തോന്നുന്നെ. നമ്മടെപിടീലെങ്ങും നിന്നില്ലേലെന്നാ ചെയ്യും?. ഇവിടാണേല്‍ ഒരുപെങ്കൊച്ചും വളരുന്നൊണ്ടേ.

മോനച്ചന്‍ കൊണ്ട്‌ വന്നതാ പെണ്ണിനെ. കഴിഞ്ഞ സീസണീ പൈനാപ്പിളെടുക്കാന്‍ പോയപ്പം വാഴത്തോപ്പീ വച്ച്‌ കണ്ടതാ. അവനങ്ങ്‌ പിടിച്ചു. അവന്‍ പറഞ്ഞാപിന്നെ മാത്തച്ചായനു വേറെ നോട്ടമൊന്നുമില്ലെന്നേ. അത്രക്ക്‌ വിശ്വാസമാ.

മാത്തച്ചായനു പഴേത്‌ പോലെ വയ്യാണ്ടായേപ്പിന്നെ ഇവിടുത്തെക്കാര്യമെല്ലാം മോനച്ചനല്ല്യോ നോക്കുന്നെ. വര്‍ക്കത്തൊള്ളോനാ. അതുകൊണ്ടല്ല്യോ അകന്ന ബന്ധുവായിട്ടും മാത്തച്ചായന്‌ അവനെ കൂടപ്പെറപ്പുകളേക്കാള്‍ സ്നേഹം. ഇവിടുത്തെ ചെറുക്കന്മാര്‍ക്കേ ഒള്ളൂ അവനെ അങ്ങോട്ട്‌ കണ്ടൂടാത്തത്‌. പിള്ളേരുടെ കണ്ണല്ല്യോ. കാണാന്‍പാടില്ലാത്തത്‌ വല്ലോം കണ്ടുകാണും. ആ..

എന്നാലും പ്രായമായകൊച്ചിന്റടുത്ത്‌ അവനിച്ചിരെ ശ്രദ്ധകൂടുന്നൊണ്ടോ എന്നൊരു സംശയം. ഇനിയിപ്പം മാത്തച്ചായന്‍ കാണെ അവന്റെ അടുത്തൊന്നു കൊഞ്ചുകേം കൊഴയുകേം ഒക്കെ വേണ്ടിവരും. മോനച്ചന്‍ പോയാല്‍ വേറേ ആരേലും വരും. അല്ല്യോ.

ഓരോന്നോര്‍ത്തിരുന്ന്‌ നേരം പോയതറിഞ്ഞില്ല. പൊറത്തോട്ടൊന്നു ചെല്ലട്ടെ. അല്ലെങ്കിലേ നാട്ടുകാരെന്തുപറയും. എന്തൊക്കെ ചെയ്താലും കൊച്ചമ്മ കൊച്ചമ്മയല്ലിയോ?

നെലവെളക്കൊക്കെ കത്തിച്ചിട്ടൊണ്ട്‌ മോളിക്കുട്ടി. മുത്തപ്പന്റേം തിരുല്‍ക്കദയത്തിന്റേം മുന്നിലെ തിരീം കത്തിച്ചു. പാലും മധുരോമൊക്കെ നേരത്തെ എടുത്ത്‌ വച്ചാരുന്നു. അതിനല്ല്യോ കെട്ടുകഴിഞ്ഞ്‌ അധികം നിയ്ക്കാതെ ഓടിയിങ്ങുപോരുന്നെ.

കെട്ടിനൊരുങ്ങിവന്നപ്പം ആ പെണ്ണിനെക്കണ്ടിട്ട്‌ ആളുമാറിപ്പോയെന്ന്‌ തോന്നി. എന്തോരമാ ഒരു മുഴുപ്പ്‌. മൂന്നുമാസം മുന്‍പ്‌ ഒറപ്പിനുകണ്ടപ്പം ഇതിന്റെ പകുതിയേ ഒണ്ടാരുന്നൊള്ളൂ. ചെലപ്പം ശ്രദ്ധിക്കാഞ്ഞതായിരിക്കും.
ഇച്ചെരെയൊക്കെ കാണാനും തൊടാനും ഒള്ള പെണ്ണുങ്ങളെയേ മോനച്ചനു പിടിക്കൂ. ചെറുക്കന്റെ കാര്യോം അതൊക്കെതന്നെയാന്നെന്നാ തോന്നുന്നെ. ഓരോ ശീലങ്ങളേ…

വണ്ടീടെ ഒച്ച. ഹോണടിക്കുന്നൊണ്ട്‌. അവരിങ്ങെത്തീന്നാ തോന്നുന്നെ. ഇവിടെ എന്നാത്തിന്റെ കൊറവാ. എല്ലാം റെഡിയല്ലേ…

എന്തുകാണിക്കാനാണോ ഇതുങ്ങളെല്ലാം കൂടെ അവിടെ കെടന്നു തള്ളുന്നെ? ആ ചെറുക്കനേം പെണ്ണിനേം ഇങ്ങു കയറ്റിവിട്ടിട്ടു പോരായോ?

ഓ വരുന്നൊണ്ട്‌. എളേവനും തന്തേം മണവാളന്റേം മണവാട്ടീടേം വാലേക്കടിച്ചപോലെ കൂടെയൊണ്ട്‌. റോഡില്‍നിന്നൊള്ള പടികയറാന്‍ നേരം ഈ പുതുപ്പെണ്ണെന്താ ചെറുക്കന്റെ കൈപിടിക്കാതെ എളേവന്റെയടുത്ത്‌ കൊഞ്ചാന്‍ നില്‍ക്കുന്നെ? ചുമ്മാതല്ല അവന്‍ ഒലിപ്പിച്ചോണ്ട്‌ അവടെത്തന്നെ അങ്ങുകൂടിയെ. ഇവനെ ഇന്നു ഞാന്‍…

*****
റോസച്ചേടത്തി മനോഗതം മുറിച്ച്‌ മകനെ പേരുചൊല്ലി വിളിച്ച്‌ പുറത്തേക്കിറങ്ങിയതു കൊണ്ട്‌ കഥകാരന്‌ റോസാക്കുട്ടിച്ചേടത്തിയുടെ മനസ്സില്‍ നിന്നും ഇറങ്ങിനടന്നേ മതിയാവൂ. എന്നാലും വായനക്കാര്‍ക്ക്‌ കഥ സ്വയം പൂര്‍ത്തിയാക്കാനുള്ള ചില സൂചനകള്‍ നല്‍കാതിരിക്കാനാവില്ലല്ലോ.

മോനച്ചനുള്‍പ്പടെ മൂന്നുപുരുഷന്മാരുടെ ഇടയില്‍ റോസമ്മച്ചേട്ടത്തിക്ക്‌ പുതുപ്പെണ്ണിനോട്‌ പൊരുതിനില്‍ക്കാന്‍ കഴുത്തിറക്കിവെട്ടിയ, കൊളുത്തുകള്‍ ഇടക്കിടെ ഊരിപ്പോകുന്ന 7 നീളമുള്ള ഉടുപ്പുകള്‍ മുതല്‍ കാലപ്പഴക്കം കൊണ്ട്‌ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള മൂന്ന്‌ ഗാസ്‌ അടുപ്പുകള്‍ വരെ വീട്ടിലുണ്ട്‌.

ഗാസ്‌ അടുപ്പുകള്‍ പൊട്ടിത്തെറിച്ചോ അല്ലാതെയോ പുതുപ്പെണ്ണ്‌ അകാലത്തില്‍ മരിച്ചാല്‍ റൊസച്ചേട്ടത്തിയെ എന്തു ചെയ്യണം എന്നത്‌ സംബന്ധിച്ച സൂചനകള്‍ തള്ളചത്തുപോയ ചെറുക്കനുകണ്ടുപിടിക്കാന്‍ പരുവത്തില്‍ നീറോചക്രവര്‍ത്തിയുടെ കഥവിവരിക്കുന്ന ചരിത്രപുസ്തകം ഊണുമേശയുടെ ഇടതുവശത്തുള്ള അലമാരയുടെ മുകളിലെ തട്ടില്‍ ഉണ്ട്‌. റബര്‍ സ്ലോട്ടറിനു വെട്ടുന്ന നീളമുള്ള ആറുകത്തികള്‍ വീടിനുപുറകിലെ ഷെഡിലും.

മാത്തച്ചായനും റോസച്ചേടത്തിയും തട്ടുകയും മുട്ടുകയും ചെയ്തതുപോലെ പുതുപ്പെണ്ണും അനിയനും തട്ടുകയും മുട്ടുകയും ചെയ്താല്‍ ചേട്ടനുതൂങ്ങാന്‍ പറ്റിയ അറുനൂറു റബറും ആറുപ്ലാവും അമ്പതടി ആഴമുള്ള കിണറും പറമ്പിലുണ്ട്‌.

മോനച്ചനു മരിക്കാന്‍ പെണ്ണുങ്ങള്‍ ഉറങ്ങുന്ന മൂന്നുകിടക്കമുറികളും, വിറയ്ക്കുമെങ്കിലും ബലമുള്ള കൈകള്‍ ഉള്ള മൂന്നുപുരുഷന്മാരും വീട്ടിലുണ്ട്‌.

പുതുപ്പെണ്ണ്‌ തന്റെ മിനുത്ത ഉടല്‍ ഏതുതരത്തില്‍ ഉപയോഗിക്കും എന്ന്‌ സൂചിപ്പിക്കാനും വേണ്ടി കഥാകാരന്‌ അവളെ പരിചയമില്ല. (കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ മോനച്ചനുമായി ബന്ധപ്പെടുക.) എന്നാല്‍ ഉടലിന്റെ ഊരുനാറ്റത്തില്‍ മനം മടുത്ത റോസച്ചേടത്തിയുടെ മകള്‍ നാലുനേരം കുളിക്കാനാവുന്ന, കിണറിനു മൂടിയുള്ള കന്യാസ്ത്രീമഠത്തില്‍ എവിടെയെങ്കിലും അഭയം പ്രാപിക്കാനുള്ള സാധ്യത അയാള്‍ കാണുന്നുണ്ട്‌. മാത്തച്ചായനും മക്കളും പരസ്പരം കൊന്നാല്‍ കഥാഗതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വായിക്കുന്ന ആള്‍ ഏറ്റെടുക്കേണ്ടതാണ്.

ഇതു കഥയുടെ തുടക്കം മാത്രമാണെന്ന്‌ മനസ്സിലായില്ലേ. എങ്ങനെ എഴുതിത്തീര്‍ത്താലും ഇതു ഉടല്‍ക്കാഴ്ച്ചയില്‍ വീണുപോകുന്ന പുരുഷപാപങ്ങളുടെ കഥയാണെന്നും മനസ്സിലായില്ലേ? പാവം സ്ത്രീകള്‍.